കോളറയ്ക്കെതിരെ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്; കുഞ്ഞുങ്ങളിലും വയോജനങ്ങളിലും രോഗം മാരകമാകും
text_fieldsആലപ്പുഴ: തലവടിയിൽ 48കാരൻ കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിൽ ജാഗത്രനിർദേശവുമായി ആരോഗ്യവകുപ്പ്. കോളറ സംശയിക്കുന്ന സാഹചര്യത്തിൽ വയറിളക്ക രോഗങ്ങൾക്കെതിരെ പ്രദേശത്ത് പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ് പറഞ്ഞു. തുടക്കത്തിലെ വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ കോളറ മരണകാരണമാകും.
കഞ്ഞിവെള്ളം പോലെ മലവിസർജ്ജനം നടത്തുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഇതു കൂടാതെ ഛർദിയുമുണ്ടാകും. ഇടതടവില്ലാതെയുള്ള മലവിസർജ്ജനവും ഛർദിയും മൂലം രോഗിയുടെ ശരീരത്തിൽ നിന്ന് വളരെവേഗം ജലാംശം നഷ്ടപ്പെടും. നിർജലീകരണത്തെ തുടർന്ന് മൂത്രത്തിന്റെ അളവും കുറയും. ഇതു വൃക്കയുടെ പ്രവർത്തനത്തെ താളംതെറ്റിക്കും.
വിബ്രിയോ ബാക്ടീരിയയാണ് രോഗകാരി. കുഞ്ഞുങ്ങളിലും വയോജനങ്ങളിലും രോഗം പെട്ടന്ന് മാരകമാകും. മഴക്കാലം മുന്നിൽ കണ്ട് വയറിളക്കരോഗങ്ങൾക്കെതിര പ്രതിരോധം തീർക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് വിപുലമായ കാമ്പയിൻ വരും ദിവസങ്ങളിൽ നടത്തും.
ഇക്കാര്യം ശ്രദ്ധിക്കുക
- കുടിക്കാൻ തിളപ്പിച്ചാറ്റിയ ജലം മാത്രം ഉപയോഗിക്കുക
- പഴകിയഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
- രോഗലക്ഷണങ്ങൾ കണ്ടാലുടൻ വിദഗ്ധ ചികിത്സ തേടുക
- വ്യക്തി, പരിസരശുചിത്വം ഉറപ്പാക്കുക
- കുടിവെള്ളമെടുക്കുന്ന ജലസ്രോതസുകൾ മലിനപ്പെടാതെ സൂക്ഷിക്കുക
- മലിനജലത്തിൽ കുളിക്കുന്നതും കൈകാലുകൾ കഴുകുന്നതും ഒഴിവാക്കുക
- രോഗിയുടെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഒ.ആർ.എസ് ലായനി ഉപയോഗിക്കുക
- വീടും പരിസരവും ബ്ലീച്ചിങ് പൗഡറിട്ട് അണുമുക്തമാക്കുക
- രോഗിയെ ശുശ്രൂഷിക്കുന്നവർ വ്യക്തി ശുചിത്വം ഉറപ്പാക്കണം
- രോഗം പൂർണമായി മാറുന്നതുവരെ മരുന്നു കഴിക്കുക
- വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഐസ് ശീതളപാനീയങ്ങളിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
- ആഹാരം പാകംചെയ്യുന്നതിനു മുമ്പ് കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക.
- വഴിയോരത്ത് ഭക്ഷണം പാകംചെയ്യുന്ന കടകൾ പരിസരം വൃത്തിയായി സൂക്ഷിക്കുകയും പാചകം ചെയ്യാൻ ശുദ്ധജലം മാത്രം ഉപയോഗിക്കുകയും ചെയ്യുക.
പ്രതിരോധമാർഗം
രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടന്ന് വിദഗ്ധ ചികിത്സ നൽകണം. അതുവരെ ഒ. ആർ. എസ് ലായനിയും ഉപ്പിട്ട കഞ്ഞി വെള്ളവും ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാ വെള്ളവും തുടർച്ചയായി രോഗിക്ക് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

