വാക്സിൻ ഇടവേള 84 ദിവസമാക്കിയത് മികച്ച പ്രതിരോധത്തിനെന്ന് കേന്ദ്രസർക്കാർ
text_fieldsകൊച്ചി: കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിൽ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് മികച്ച പ്രതിരോധ സംരക്ഷണം ഉറപ്പുവരുത്താനെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ. ശാസ്ത്രീയപഠനത്തിെൻറ അടിസ്ഥാനത്തിലും വിദഗ്ധാഭിപ്രായം പരിഗണിച്ചുമാണ് രണ്ടാം ഡോസ് 84 ദിവസം കഴിഞ്ഞുമതിയെന്ന് തീരുമാനമെടുത്തത്.
ആദ്യ ഡോസെടുത്ത 12,000ത്തോളം തൊഴിലാളികൾക്ക് 45 ദിവസത്തിനുശേഷം രണ്ടാം ഡോസ് നൽകാൻ അനുമതി തേടി കിറ്റെക്സ് കമ്പനി നൽകിയ ഹരജിയിലാണ് കേന്ദ്ര സർക്കാർ വിശദീകരണപത്രിക നൽകിയത്. രണ്ടാം ഡോസ് വാക്സിനെടുക്കാൻ അനുമതി തേടി കമ്പനി ഹരജി നൽകിയതല്ലാതെ തൊഴിലാളികളാരും ഈ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും കേന്ദ്രത്തിെൻറ വിശദീകരണത്തിൽ പറയുന്നു.
വെള്ളിയാഴ്ച വിധി പറയാൻ വെച്ചിരുന്നെങ്കിലും കേന്ദ്ര വിശദീകരണത്തെത്തുടർന്ന് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ കേസിൽ വാദം തുടരുകയും വീണ്ടും വിധി പറയാൻ മാറ്റുകയും ചെയ്തു.
84 ദിവസത്തിനുമുമ്പ് രണ്ടാം ഡോസ് എടുക്കുന്നത് ഫലപ്രാപ്തിയെ കാര്യമായി ബാധിക്കില്ലെന്ന് ഹരജിക്കാർ വാദിച്ചു. വിദേശത്തേക്ക് പോകുന്നവർക്ക് 84 ദിവസം ഇടവേള വ്യവസ്ഥയിൽ ഇളവനുവദിക്കുന്ന സർക്കാർ ഉത്തരവും ഹാജരാക്കി. എന്നാൽ, അടിയന്തര സാഹചര്യങ്ങളിലാണ് ഇത് അനുവദിക്കുന്നതെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

