മരുന്ന് വിൽപന ഇനി സിസിടിവി നിരീക്ഷണത്തിൽ; കരട് വിജ്ഞാപനവുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ ഷോപ്പുകളിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ വിൽപന സിസിടിവി നിരീക്ഷണത്തിലാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഡ്രഗ്സ് റൂൾസ് 1945 ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച സുപ്രധാന കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, രാജ്യത്തെ എല്ലാ റീട്ടെയിൽ ഫാർമസികളും തങ്ങളുടെ സ്ഥാപനങ്ങളിൽ സിസിടിവി ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കേണ്ടി വരും.
ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ മരുന്നുകൾ വിൽക്കുന്നത് പൂർണ്ണമായി തടയുക, മരുന്ന് വിതരണത്തിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുക എന്നിവയാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഫാർമസികളിൽ നിന്നും റെക്കോർഡ് ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കുറഞ്ഞത് മൂന്ന് മാസക്കാലമെങ്കിലും നിർബന്ധമായും സൂക്ഷിച്ചുവെക്കണമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഡ്രഗ് ഇൻസ്പെക്ടർമാർക്കോ മറ്റ് പരിശോധനാ അധികാരികൾക്കോ ആവശ്യാനുസരണം ഈ ദൃശ്യങ്ങൾ പരിശോധിച്ച് മരുന്ന് വിൽപനയിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഇത് സഹായകമാകും. എന്നാൽ ഹോൾസെയിൽ മരുന്ന് വ്യാപാരികളെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മുതിർന്നവർക്കായി നിശ്ചയിച്ചിട്ടുള്ള ചുമക്കുള്ള സിറപ്പുകളും മറ്റ് ഉയർന്ന ആന്റിബയോട്ടിക്കുകളും ഡോക്ടർമാരുടെ കൃത്യമായ നിർദ്ദേശമോ മേൽനോട്ടമോ ഇല്ലാതെ കുട്ടികൾക്ക് നൽകുന്നതായും മരുന്നുകൾ ദുരുപയോഗം ചെയ്യുന്നതായും സർക്കാരിന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഇത്തരം അശാസ്ത്രീയമായ സ്വയംചികിത്സയും കൗണ്ടർ വിൽപനയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ഈ കർശന നടപടി. നിലവിൽ ഇതൊരു കരട് നിർദ്ദേശമാണ്. പൊതുജനങ്ങൾക്കും ഫാർമസി സംഘടനകൾക്കും തങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുശേഷമായിരിക്കും ഔദ്യോഗിക ഗസറ്റ് വഴി നിയമം അന്തിമമായി നടപ്പിലാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

