ജാഗ്രത വേണം, ചെള്ളുപനിക്കെതിരെ
text_fieldsകോഴിക്കോട്: ചെള്ളുപനിക്കെതിരെ (സ്ക്രബ് ടൈഫസ്) ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പുല്‍ച്ചെടികള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും രോഗലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയും വേണം.
രോഗം പകരുന്നതെങ്ങനെ?
ഒറിയന്‍ഷിയ സുസുഗാ മുഷി എന്ന സൂക്ഷ്മജീവിയാണ് ചെള്ളുപനിക്ക് കാരണമാകുന്നത്. എലി, അണ്ണാന്‍, മുയല്‍, കീരി എന്നിവയുടെ തൊലിപ്പുറത്ത് കാണപ്പെടുന്ന ചിഗര്‍ മൈറ്റുകള്‍ വഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. രോഗാണുവാഹകരായ മൈറ്റുകള്‍ മനുഷ്യന്റെ ആവാസസ്ഥലങ്ങളിലേക്ക് ചേക്കേറുന്നതിനാല്‍ കാടുമായോ കൃഷിയുമായോ ബന്ധമില്ലാത്തവരിലും രോഗം സ്ഥിരീകരിക്കുന്നുണ്ട്.
ലക്ഷണങ്ങള്‍
കടിയേറ്റ് 10-12 ദിവസം കഴിയുമ്പോള്‍ ശക്തമായ പനി, തലവേദന, പേശീവേദന, കണ്ണ് ചുവക്കല്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. ചിഗര്‍ മൈറ്റ് കടിച്ച ഭാഗം ചെറിയ ചുവന്ന തടിച്ച പാടായി ആരംഭിച്ച് പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുന്നു. ഇത്തരം വ്രണങ്ങളില്ലാതെയും ചെള്ളുപനി കാണാറുണ്ട്. നേരത്തെ രോഗനിര്‍ണയം നടത്തി കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ അപകട സാധ്യത കൂടുതലാണ്.
എങ്ങനെ പ്രതിരോധിക്കാം?
- എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കുറ്റിക്കാട് നിറഞ്ഞ പ്രദേശങ്ങളും പുല്‍ച്ചെടികളും വെട്ടി വൃത്തിയാക്കി പരിസര ശുചീകരണം ഉറപ്പുവരുത്തുക.
- ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കുക.
- വസ്ത്രങ്ങള്‍ നിലത്തോ പുല്ലിലോ ഉണക്കാന്‍ വിരിക്കരുത്. അയയില്‍ വിരിച്ച് വെയിലില്‍ ഉണക്കുക.
- ഒരിക്കല്‍ ഉപയോഗിച്ച വസ്ത്രം വൃത്തിയാക്കിയശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.
- പുല്‍മേട്ടിലും വനപ്രദേശങ്ങളിലും പോകുമ്പോള്‍ കൈകാലുകള്‍ മറയ്ക്കുന്ന വസ്ത്രങ്ങളും കൈയുറയും കാലുറയും ധരിക്കുക, മൈറ്റ് റിപ്പല്ലന്റുകള്‍ ശരീരത്തില്‍ പുരട്ടുക, തിരിച്ചെത്തിയശേഷം കുളിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

