Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ധൈര്യവും കരുത്തുമുള്ള ഒരാൾ തുറന്നു പറഞ്ഞത് നന്നായി'; ആൻജിയോപ്ലാസ്റ്റി വിവാദത്തിൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹൃദ്രോഗ വിദഗ്ധൻ

text_fields
bookmark_border
ധൈര്യവും കരുത്തുമുള്ള ഒരാൾ തുറന്നു പറഞ്ഞത് നന്നായി; ആൻജിയോപ്ലാസ്റ്റി വിവാദത്തിൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹൃദ്രോഗ വിദഗ്ധൻ
cancel

കോഴിക്കോട്: ആവശ്യമില്ലാത്തവർക്കും ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരെ കാമ്പയിൻ നടത്തണമെന്ന വി.ഡി. സതീശന്റെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. രാജേഷ് ഗോപാലൻ നായർ. ഒരുനാൾ ആരെങ്കിലും ഒരാൾ സത്യം വിളിച്ചുപറയുമെന്നും ധൈര്യവും ഭവിഷ്യത്തുകൾ താങ്ങാനുള്ള കരുത്തും ഉള്ള ഒരാൾ ഇതു തുറന്നു പറഞ്ഞത് നന്നായി എന്നും പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

500 മുതൽ 600 വരെ രോഗികൾ ഒ.പിയിൽ വരുന്ന മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ കഴിഞ്ഞ ദിവസം 15-ൽ താഴെ ആൻജിയോപ്ലാസ്റ്റി മാത്രമാണ് നടന്നതെന്ന് ഡോ. രാജേഷ് വ്യക്തമാക്കി. ആവശ്യകതയിൽ വിട്ടുവീഴ്ചയില്ല എന്ന് പഠിപ്പിക്കുന്ന ആശുപത്രി ആയതിനാൽ, ചിലർ അതുപോലെ തന്നെ പുറത്തിറങ്ങി പ്രവർത്തിക്കുന്നു എന്ന് കാണുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ഒരു മെഡിക്കൽ സ്പെഷ്യാലിറ്റി നിലവാരം കുറഞ്ഞിട്ടുണ്ടെങ്കിൽ അത് കാർഡിയോളജി ആണ്. ഡി.എം (DM) സീറ്റുകൾ കുത്തനെ കൂട്ടിയതാണ് അതിന്റെ പല കാരണങ്ങളിൽ ഒന്ന്. ഞാൻ പഠിക്കുമ്പോൾ കേരളത്തിൽ ആകെ ഉണ്ടായിരുന്നത് 3 സീറ്റുകളാണ്. ഒരെണ്ണം ലക്ചറർ കോട്ട ആയിരുന്നു. ഇപ്പോൾ കേരളത്തിൽ മാത്രം 30-ൽ കൂടുതൽ സീറ്റുകൾ ഉണ്ട്. ഇത്രയും കൂട്ടരുത് എന്ന് പറഞ്ഞ ഒരു പ്രൊഫസറെ യോഗത്തിൽ വഴക്കു പറഞ്ഞ അന്നത്തെ ഹെൽത്ത് സെക്രട്ടറിയെ ഓർമ വരുന്നുവെന്നും 'അനുഭവിച്ചോ' എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ എപ്പോൾ ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്നും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ഫേസ് ബുക്ക് പോസ്റ്റിനെ പൂർണ രൂപം:

ഒരുനാൾ ആരെങ്കിലും ഒരാൾ സത്യം വിളിച്ചു കൂവും. അതിനു ധൈര്യവും അതുകൊണ്ട് ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ താങ്ങാനുള്ള കരുത്തും ഉണ്ടാവണമെന്ന് മാത്രം. ഇതു രണ്ടും ഉള്ള ഒരാൾ ഇതു തുറന്നു പറഞ്ഞത് നന്നായി. വളരെ നന്ദി. ഇതു 100% സത്യമാണ്.

500മുതൽ 600 വരെ രോഗികൾ OP യിൽ വരുന്ന മെഡിക്കൽ കോളേജ് കാർഡിയോളജിയിൽ ഇന്നലെ നടന്നത് 15 ഇൽ താഴെ കേസുകൾ മാത്രം. ആവശ്യകത, അതിൽ വിട്ടുവീഴ്ച ഇല്ല പഠിപ്പിക്കുന്ന ആശുപത്രി ആയതിനാൽ, ചിലർ അതുപോലെ തന്നെ പുറത്തിറങ്ങി പ്രവർത്തിക്കുന്നു എന്ന് കാണുന്നതിൽ അഭിമാനം.

ഞാൻ കഴിഞ്ഞ ആഴ്ച പങ്കെടുത്ത ഒരു മീറ്റിങ്ങിൽ എന്റെ അടുത്തേക്ക് കൊല്ലത്തുള്ള N S മെമ്മോറിയൽ ആയുപത്രിയിലെ കാർഡിയോളജിസ്റ്റ് Dr റേച്ചൽ വന്നിട്ട് പറഞ്ഞു - നല്ല ഒരു പയ്യനെ തന്നതിന് നന്ദി, രാജേഷ് പഠിപ്പിച്ചു വിട്ട ഡോ. ജിതിൻ പണിക്കർ മിടുക്കനാണ്, ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ അവൻ ചെയ്യൂ എന്ന്.

റേച്ചൽ ഒരു കാലത്ത് SSLC റാങ്ക് കാരി ആയിരുന്നു. കേട്ടതിൽ വളരെ സന്തോഷം എന്ന് ഞാൻ പറഞ്ഞു. എന്റെ തൊഴിലിന് വല്ലപ്പോഴും കിട്ടുന്ന അഭിനന്ദനം.(ആശുപത്രി പാർട്ടിയുടെ ആണെന്ന് തോന്നുന്നു, ഞാൻ CPM പാർട്ടിക്കാരൻ ആണെന്ന് പറയല്ലേ, എനിക്ക് എല്ലാ രാഷ്ട്രീയവും ചേനയും ഒരുപോലെ അലർജി ആണ്).

ഞാൻ ഒഴികെ ബാക്കി എല്ലാവരും കള്ളന്മാർ എന്ന് ഞാൻ പറഞ്ഞാൽ അതിന്റെ അർത്ഥം ഞാൻ നമ്പർ വൺ കള്ളൻ എന്നാണ്. പറഞ്ഞു വന്നത് 90% ആൾക്കാരും നല്ലവർ ആണെന്നാണ്, സത്യം ഞാൻ ഗാരന്റി. പക്ഷേ പുഴുക്കുത്തുകൾ ഉണ്ട് എല്ലായിടത്തും കാണുന്ന അനുപാതത്തിൽ, അതും 100% സത്യം ആണ്.

വളരെ സംപിൾ ആയി ആൻജിയോപ്ലാസ്റ്റിയുടെ ആവശ്യകതകൾ പറയാം.

1. ഹാർട്ട് അറ്റാക്ക് ആണോ: നേരേ കാത്ത് ലാബിലേക്ക്, എത്രയും വേഗം പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യുക. പറ്റുമെങ്കിൽ ആശുപത്രിയിൽ എത്തി 90 മിനിറ്റിനുള്ളിൽ തന്നെ. അവിടെ ഡോക്ടറോട് സംസാരിച്ചു സമയം കളഞ്ഞാൽ നഷ്ടം നിങ്ങൾക്ക്. “time is muscle”, ഓരോ മിനിട്ടും നിർണായകം ആണ്. അവിടെ ആശുപത്രിയെയും ഡോക്ടർമാരെയും അവിശ്വസിച്ചാൽ നിങ്ങൾ സ്വയം നിങ്ങളുടെ ശവക്കുഴി തോണ്ടുകയാണ്.

2. കയറ്റം കയറുമ്പോൾ മാത്രം നെഞ്ചുവേദന വരുന്നു: അത് Chronic Stable Angina- ആദ്യ ചികിത്സ മരുന്ന് മാത്രം മതിയാകും. എന്നാൽ TMT ടെസ്റ്റിൽ അപകടകരമായ വ്യത്യാസങ്ങൾ ചിലത് കണ്ടാൽ ചിലപ്പോൾ ആൻജിയോഗ്രാം വേണ്ടി വരാം. ആദ്യം തന്നെ ആൻജിയോഗ്രാം ആരെങ്കിലും പറഞ്ഞോ പോയി സെക്കന്റ് ഒപ്പിനിയൻ എടുക്കണം.

3.ECG യിൽ വ്യതിയാനം: നിങ്ങൾക്ക് കാര്യമായ രോഗലക്ഷണം ഒന്നും ഇല്ല, ECG യിൽ വ്യതിയാനം- ആരെങ്കിലും ആൻജിയോഗ്രാം പറഞ്ഞോ പോയി സെക്കന്റ് ഒപ്പിനിയനും തേർഡ് ഒപ്പിനിയനും എടുത്തോളൂ.

4. ഒരു ഹെർണിയ ഓപ്പറേഷന് മുൻപു എടുക്കുന്ന ECG യിൽ വ്യത്യാസം കാണുന്നു: കാർഡിയോളജിസ്റ്റ് ആൻജിയോഗ്രാം പറയുന്നു - പോയി മൂന്നോ നാലോ പേരോട് ഒപ്പിനിയൻ എടുത്തോളൂ.

5. വെറുതെ ഇരിക്കുമ്പോൾ നെഞ്ചുവേദന വരുന്നു: ECG യിൽ വ്യതിയാനം വരുന്നു, Trop I test positive ആകുന്നു, NSTEMI എന്ന രോഗനിർണയം കാർഡിയോളജിസ്റ്റ് പറയുന്നു- റിസ്ക് കാറ്റഗറി എന്താണെന്ന് ചോദിക്കുക. ഹൈ റിസ്ക് ആണോ പറ്റുമെങ്കിൽ 2 മണിക്കൂറിനുള്ളിൽ ആൻജിയോഗ്രാം ചെയ്യുക. ഇന്റർമീഡിയറ്റ് റിസ്ക് ആണോ 24 മണിക്കൂറിന് ഉള്ളിലോ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപോ ചെയ്യുക. low റിസ്ക് ആണോ പിന്നീട് ആലോചിച്ചു TMT ഒക്കെ ചെയ്തിട്ട് തീരുമാനിക്കാം.

6. ഓർക്കുക, ഹാർട്ട് അറ്റാക്ക് വരുമ്പോൾ ആദ്യത്തെ മൂന്നോ നാലോ ECG കൾ വരെ നോർമൽ ആയേക്കാം. നിങ്ങൾ പറയുന്ന വേദനയുടെ സ്വഭാവം വെച്ച് മാത്രമാണ് “angina” എന്ന അവസ്ഥയുടെ രോഗനിർണയം നടക്കുന്നത്. എന്തായാലും മിനിമം ഒബ്സർവേഷനു മുൻപു നിർബന്ധിച്ചു ഡിസ്ചാർജ് വാങ്ങി പോകുന്നത് അത്യന്തം അപകടകരം ആണ്. എല്ലാത്തിനെയും എല്ലാവരെയും എപ്പോഴും സംശയ ദൃഷ്ടിയോടെ നോക്കുന്നതും അപകടകരം ആണ്.

മുഖ്യമന്ത്രി പറഞ്ഞത് സത്യമാണ്. ഏതെങ്കിലും ഒരു മെഡിക്കൽ സ്പെഷ്യാലിറ്റി വല്ലാതെ തരം താന്നിട്ടുണ്ടോ അത് കാർഡിയോളജി ആണ്. അതിന്റെ പല പല കാരണങ്ങളിൽ ഒരു കാരണം DM സീറ്റുകൾ കുത്തനെ കൂട്ടിയതാണ്. ഞാൻ പഠിക്കുമ്പോൾ കേരളത്തിൽ ആകെ ഉണ്ടായിരുന്നത് 3 സീറ്റുകൾ, ഒരെണ്ണം lecturer കോട്ട ആയിരുന്നു. ഇപ്പോൾ കേരളത്തിൽ മാത്രം 30 ഇൽ കൂടുതൽ. ഇത്രയും കൂട്ടരുത് എന്ന് പറഞ്ഞ ഒരു പ്രൊഫസ്സറിനെ പബ്ലിക് ആയി മീറ്റിങ്ങിൽ വഴക്ക് പറഞ്ഞ അന്നത്തെ ഹെൽത്ത് സെക്രട്ടറിയെ ഓർമ വരുന്നു. അനുഭവിച്ചോ.

പ്രത്യേകം ഓർക്കുക, എല്ലാവരെയും എല്ലാത്തിനെയും എപ്പോഴും സംശയ ദൃഷ്ടിയോടെ മാത്രം കാണുന്നത് അത്യന്തം അപകടകരം ആണ്. വേണ്ടത് ചെയ്തേ തീരൂ. അല്ലെങ്കിൽ നഷ്ടം നിങ്ങളുടെ കുടുംബത്തിന് മാത്രം ആയിരിക്കും. ആൻജിയോപ്ലാസ്റ്റി ആവശ്യമുള്ളപ്പോൾ ചെയ്യുക തന്നെ വേണം. കൃത്യമായി ആവശ്യകത ബുക്കിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു ഇതു വിളിച്ചു പറഞ്ഞതിന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cardiologist praises CM on angioplasty controversy
Next Story