Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിടവാങ്ങിയത് ഹൃദയങ്ങളുടെ കാവൽക്കാരൻ; ഇന്ത്യൻ കാർഡിയോളജിയുടെ വളർച്ചക്ക് പുതിയ ദിശ നൽകിയയാൾ

text_fields
bookmark_border
കേരളത്തിലെ ആധുനിക കാർഡിയാക് കെയറിന് അടിത്തറ പാകി
Dr G Vijayaraghavan
cancel

തിരുവനന്തപുരം: ഹൃദ്രോഗ ചികിത്സയുടെ വളർച്ചയിൽ നിർണായക സംഭാവനകൾ നൽകിയ വിദഗ്ധനും അധ്യാപകനുമായ ഡോ. ജി. വിജയരാഘവന്റെ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട വൈദ്യശാസ്ത്ര ജീവിതം ആധുനിക ഹൃദ്രോഗ ചികിത്സയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്. ഗവേഷണം, ചികിത്സ, അധ്യാപനം, സ്ഥാപനനിർമാണം തുടങ്ങിയ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഇന്ത്യൻ കാർഡിയോളജിയുടെ വളർച്ചക്ക് പുതിയ ദിശ നൽകി.

ഇന്ത്യയിലെ ആദ്യകാല ഡി.എം കാർഡിയോളജിസ്റ്റുമാരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യയിലെ എക്കോകാർഡിയോഗ്രഫിക്ക് പുതിയ അധ്യായം എഴുതിച്ചേർത്ത് അദ്ദേഹമായിരുന്നു. 1982ൽ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഇന്ത്യയിലെ ആദ്യ ടു ഡൈമെൻഷണൽ എക്കോകാർഡിയോഗ്രഫി ലബോറട്ടറി സ്ഥാപിച്ചതാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളിലൊന്ന്.

പരമ്പരാഗത രീതികളിൽ നിന്ന് മാറി ഹൃദയത്തിന്റെ ചലിക്കുന്ന ദൃശ്യങ്ങൾ നേരിട്ട് പഠിക്കാനുള്ള പുതിയ സാധ്യതകൾ ഇതിലൂടെ ഇന്ത്യൻ കാർഡിയോളജിക്ക് ലഭിച്ചു. തുടർന്ന് അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷണ ഫെലോഷിപ്പിനിടെ ഡോപ്ലർ എക്കോകാർഡിയോഗ്രഫി രംഗത്തും അദ്ദേഹം പ്രവർത്തിച്ചു.

1984 മുതല്‍ കേരള യൂനിവേഴ്‌സിറ്റിയില്‍ കാര്‍ഡിയോളജി പി.എച്ച്.ഡി വിഭാഗത്തില്‍ യൂനിവേഴ്‌സിറ്റി ഗൈഡായും അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ അന്താരാഷ്ട്ര ജേണലുകളില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഡോപ്ലര്‍ എക്കോകാര്‍ഡിയോഗ്രഫിയില്‍ പുസ്തകത്തിന്റെ സഹ രചയിതാവ് കൂടിയാണ് അദ്ദേഹം. ആരോഗ്യ മേഖലയില്‍ നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോകാര്‍ഡിയോഗ്രഫി, ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

കേരളത്തിലെ ഹൃദ്രോഗ പൊതുജനാരോഗ്യ രംഗത്ത് അദ്ദേഹം നടത്തിയ ഇടപെടലും ശ്രദ്ധേയമാണ്. കേരളത്തിലെ കുറഞ്ഞ വരുമാന വിഭാഗങ്ങളിൽ പോലും കൊറോണറി ആർട്ടറി രോഗവും ജീവിതശൈലീ രോഗങ്ങളും കൂടുതലായി കാണപ്പെടുന്ന സാഹചര്യത്തെക്കുറിച്ചുള്ള പഠനങ്ങളിലും അദ്ദേഹം സംഭാവന നൽകി.

കേരളത്തിലെ ഉയർന്ന സാക്ഷരതയും മികച്ച ആരോഗ്യ സൂചികകളും നിലനിൽക്കുമ്പോഴും ഹൃദ്രോഗത്തിന്റെ ഉയർന്ന നിരക്ക് നിലനിൽക്കുന്നതിന്റെ വിവിധ കാരണങ്ങൾ അദ്ദേഹത്തിന്റെ ഗവേഷണങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു.

കേരളത്തിലെ ആധുനിക കാർഡിയാക് കെയറിന് അടിത്തപാകിയതും അദ്ദേഹമാണ്. 1976ൽ മുതിർന്ന പാർലമെന്റേറിയൻ എ.കെ. ഗോപാലന് ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ നൽകുന്നതിനിടെ കേരളത്തിലെ ആദ്യത്തെ മോണിറ്റർ-ഡിഫിബ്രിലേറ്റർ-വെന്റിലേറ്റർ സംവിധാനത്തിന്റെ സമാഹാരം ഒരുക്കുന്നതിൽ അദ്ദേഹം നേതൃത്വം നൽകി. ആധുനിക കൊറോണറി കെയർ യൂനിറ്റുകളുടെ വളർച്ചക്ക് ഇത് അടിത്തറയിട്ടു. ജില്ലകളിലുടനീളം എക്കോകാർഡിയോഗ്രഫി പരിശീലനം അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടന്നു. ചികിത്സയോടൊപ്പം മെഡിക്കൽ വിദ്യാഭ്യാസത്തിനും അദ്ദേഹം നൽകിയ പ്രാധാന്യം ശ്രദ്ധേയമാണ്. പ്രായോഗിക പരിശീലനത്തിലൂടെ കൂടുതൽ ആരോഗ്യപ്രവർത്തകരിലേക്ക് ആധുനിക ഹൃദയ പരിശോധനാ സാങ്കേതികവിദ്യ എത്തിക്കുന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

ഒമ്പത് പാഠപുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം രോഗികൾക്കായുള്ള മലയാളം ആരോഗ്യവിദ്യാഭ്യാസ ഗ്രന്ഥങ്ങളും തയ്യാറാക്കി. ഇന്ത്യൻ അക്കാദമി ഓഫ് എക്കോകാർഡിയോഗ്രഫിയുടെ പ്രസിഡന്റായും ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cardiologist Dr G Vijayaraghavan Dies
Next Story