കാൻസർ മരുന്നുകൾക്ക് 93% വരെ വിലക്കുറവ്: ആശുപത്രികളുടെ കൂറ്റൻ ലാഭവിഹിതം തുറന്നുകാട്ടി പുതിയ എം.ആർ.പി
text_fieldsഇന്ത്യയിലെ ഔഷധ വില നിയന്ത്രണ അതോറിറ്റിയായ എൻ.പി.പി.എ, 543 കാൻസർ മരുന്ന് ബ്രാൻഡുകളുടെയും പാക്കുകളുടെയും പരമാവധി വിൽപന വില പരിഷ്കരിച്ചു. ചില മരുന്നുകൾക്ക് 90 ശതമാനത്തിലധികം വിലക്കുറവുണ്ട്. എന്നാൽ, പ്രമുഖ ജനറിക്, ബയോസിമിലർ ബ്രാൻഡുകൾക്ക് വൻതോതിൽ വില കുറഞ്ഞപ്പോഴും, പ്രമുഖ ഇമ്മ്യൂണോതെറാപ്പി മരുന്നായ 'കീട്രൂഡ' ഉൾപ്പെടെയുള്ള ഏറ്റവും വിലയേറിയ ചില കാൻസർ മരുന്നുകളുടെ വില മാറ്റമില്ലാതെ തുടരുന്നത് നിലവിലെ വിലനിയന്ത്രണ ഇടപെടലുകളുടെ പരിമിതി ചൂണ്ടിക്കാണിക്കുന്നു.
ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റി പുറത്തിറക്കിയ പരിഷ്കരിച്ച പട്ടിക പ്രകാരം, ചില തരം സ്തനാർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 'പാൽബോസിക്ലിബ്' എന്ന മരുന്നിന്റെ ഒരു ബ്രാൻഡിന്റെ വില 40,421 രൂപയിൽ നിന്ന് 2,720 രൂപയായി കുറഞ്ഞു. കീമോതെറാപ്പി മരുന്നായ 'തയോട്ടെപ്പ'യുടെ ഒരു വയലിന്‍റെ വില ഏകദേശം 80,072 രൂപയിൽ നിന്ന് 7,150 രൂപയായി കുറഞ്ഞു. വിവിധ കാൻസറുകളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ദാസാറ്റിനിബ്, ലെൻവാറ്റിനിബ്, അബിറാറ്റെറോൺ, ഓലാപാരിബ് തുടങ്ങിയ മരുന്നുകൾക്കും വലിയ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ 21ലധികം തരം കാൻസറുകൾക്ക് നിർദ്ദേശിക്കപ്പെടുന്നതും 'പെംബ്രോലിസുമാബ്' അടങ്ങിയതുമായ കീട്രൂഡയുടെ വില 2,16,500 രൂപയായി തന്നെ തുടരുന്നു. സ്തനാർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 'റൈബോസിക്ലിബ്' മരുന്നിന്‍റെ വില 24,435 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. ടാഗ്രിസോ, ടെസെൻട്രിക്, ദാർസാലെക്സ്, ഇംഫിൻസി തുടങ്ങിയ മറ്റ് പ്രമുഖ ബ്രാൻഡ് മരുന്നുകളുടെ ലിസ്റ്റ് ചെയ്ത എം.ആർ.പിയിലും മാറ്റമൊന്നുമില്ല.
പട്ടികയിൽ ഉൾപ്പെടാത്ത 137 കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ (വ്യാപാര ലാഭവിഹിതം) എം.ആർ.പിയുടെ 30% ആയി പരിമിതപ്പെടുത്താനുള്ള എൻ.പി.പി.എ തീരുമാനത്തെ തുടർന്ന്, പരിഷ്കരിച്ച വിലകൾ നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും. കാൻസർ മരുന്നുകളുടെ ഉയർന്ന വിലയെക്കുറിച്ചും ചികിത്സാ വിതരണ ശൃംഖലയിൽ ഈടാക്കുന്ന ലാഭവിഹിതത്തെക്കുറിച്ചും സുപ്രീം കോടതി സർക്കാറിനോട് ചോദ്യങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.
രാജ്യത്തെ പട്ടികയിൽ പെടാത്ത എല്ലാ മരുന്നുകളുടെയും ട്രേഡ് മാർജിൻ പരിമിതപ്പെടുത്തുന്ന വിശാലമായ ഒരു ഇടപെടലിനെക്കുറിച്ച് കോടതി ഇപ്പോൾ പരിഗണിക്കുന്നുണ്ട്. ഈ കേസിൽ വിധി പറയാൻ മാറ്റി വെച്ചിരിക്കുകയാണ്. രാജ്യത്ത് കാൻസർ ബാധിതരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലും രോഗികൾ ചികിത്സാച്ചെലവ് കണ്ടെത്താൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലും ഈ ചർച്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കാൻസർ ചികിത്സയിൽ വിലകൂടിയ മരുന്നുകൾ മാത്രമല്ല, ശസ്ത്രക്രിയ, റേഡിയേഷൻ, പരിശോധനകൾ, ആശുപത്രി വാസം, തുടർച്ചയായ ഫോളോ-അപ്പുകൾ എന്നിവയും ഉൾപ്പെടുന്നു.
സ്വന്തം കയ്യിൽ നിന്ന് പണം ചെലവഴിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ച്, ഈ കൂറ്റൻ ചെലവുകൾ ചികിത്സ നടത്തണമോ, വീട്ടുചെലവുകൾ നോക്കണമോ അതോ കടം വാങ്ങണമോ എന്ന കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. സാമ്പത്തികമായുള്ള ഈ ആഘാതം, വൈദ്യസഹായം ലഭ്യമാണെങ്കിൽപ്പോലും ചികിത്സ ഉറപ്പാക്കുന്നതിന് തടസമാകുന്നു.
വിലക്കുറവ് ഏറ്റവും കൂടുതൽ ബാധിച്ച മരുന്നുകൾ
പരിഷ്കരിച്ച പട്ടികയിലെ ഏറ്റവും ഉയർന്ന വിലക്കുറവുകൾ, സർക്കാർ നേരത്തെ പ്രവചിച്ച 70% വരെ എന്ന കണക്കിനേക്കാൾ വളരെ കൂടുതലാണ്.
- പാൽബോസിക്ലിബ് 125 മില്ലിഗ്രാമിന്റെ 'പാൽബോപ്രോ' എന്ന ബ്രാൻഡിന്റെ വില 40,421.33 രൂപയിൽ നിന്ന് 2,720 രൂപയായി കുറഞ്ഞു (93.3% കുറവ്).
- 'ഐസോജെൻ' എന്ന മറ്റൊരു പാൽബോസിക്ലിബ് 100 മില്ലിഗ്രാം പാക്കിന് 91.6% വില കുറഞ്ഞു.
- അനാസ്ട്രോസോൾ 1 മില്ലിഗ്രാമിന്റെ 'വോമാസോൾ' 458.85 രൂപയിൽ നിന്ന് 39.52 രൂപയായി കുറഞ്ഞു.
- തയോട്ടെപ്പ 100 മില്ലിഗ്രാമിന്റെ 'സാംതെപ്പ' ഒരു വയലിന് 80,071.86 രൂപയിൽ നിന്ന് 7,150.33 രൂപയായി താഴ്ന്നു.
സാംതെപ്പയുടെ വിലയിൽ മാത്രം ഒരു വയലിന് 72,922 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ആവർത്തിച്ച് ഡോസുകൾ ആവശ്യമുള്ള രോഗികൾക്ക് ഇത് വലിയ സാമ്പത്തിക ആശ്വാസം നൽകും. എങ്കിലും, ഡോക്ടർമാർ നിർദ്ദേശിക്കുന്ന ബ്രാൻഡ്, ചികിത്സാ രീതി, ആശുപത്രികൾ ഈ കുറച്ച വിലയിൽ മരുന്ന് നൽകുന്നുണ്ടോ എന്നിവയെ ആശ്രയിച്ചായിരിക്കും ഇതിന്റെ യഥാർഥ പ്രയോജനം.
ഒരേ തരം മരുന്നുകൾ അടങ്ങിയ വ്യത്യസ്ത ബ്രാൻഡുകൾക്കിടയിൽ പോലും വിലക്കുറവ് ഒരേപോലെയല്ല. ചില പാൽബോസിക്ലിബ് ബ്രാൻഡുകൾക്ക് വലിയ വിലക്കുറവുണ്ടായപ്പോൾ, 'പാലെനോ'യുടെ 100 മില്ലിഗ്രാം പാക്കിന്റെ വില 5,717.81 രൂപയിൽ നിന്ന് 5,624.10 രൂപയായി വളരെ ചെറിയ അളവിൽ മാത്രമാണ് കുറഞ്ഞത്. മരുന്നുകളുടെ വില, നിർമാണ ചെലവ്, വിതരണ ശൃംഖലയിലെ ലാഭവിഹിതം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇത്തരം വ്യത്യാസങ്ങൾ ചോദ്യങ്ങൾ ഉയർത്തുന്നു.
വില പരിധിയുടെ പരിമിതികൾ
നിരവധി ജനറിക്, ബയോസിമിലർ ബ്രാൻഡുകൾക്കുണ്ടായ വൻ വിലക്കുറവും പ്രധാന ഒറിജിനേറ്റർ മരുന്നുകളുടെ മാറ്റമില്ലാത്ത വിലയും തമ്മിലുള്ള വൈരുധ്യമാണ് താങ്ങാനാവുന്ന ചെലവിനെക്കുറിച്ചുള്ള ചർച്ചകളിൽ പ്രധാനം. എല്ലാ മരുന്നുകളുടെയും വില നേരിട്ട് കുറയ്ക്കുന്നതിന് പകരം ട്രേഡ് മാർജിനുകളെയാണ് എൻ.പി.പി.എ പ്രധാനമായും ലക്ഷ്യമിടുന്നത്. വിതരണ ശൃംഖലയിലുടനീളം വൻതോതിൽ ലാഭവിഹിതം നിലനിൽക്കുന്നയിടങ്ങളിൽ, അവ പരിമിതപ്പെടുത്തുന്നത് വലിയ വിലക്കുറവിന് കാരണമാകും. എന്നാൽ, ഈ സംവിധാനത്തിലൂടെ മാത്രം വില കാര്യമായി കുറയാത്ത ചെലവേറിയ മരുന്നുകളിൽ ഇതിന്റെ പ്രയോജനം പരിമിതമായിരിക്കും.
ഉദാഹരണത്തിന്, പലതരം കാൻസറുകൾക്ക് ഉപയോഗിക്കുന്ന പ്രധാന ഇമ്യൂണോതെറാപ്പി മരുന്നായ പെംബ്രോലിസുമാബ് അഥവാ കീട്രൂഡയുടെ എം.ആർ.പിയിൽ പുതിയ മാറ്റങ്ങളിലൊന്നും കുറവ് വരുത്തിയിട്ടില്ല. മറ്റ് പല പ്രമുഖ ഒറിജിനേറ്റർ മരുന്നുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി.
ഓൾ ഇന്ത്യ ഡ്രഗ് ആക്ഷൻ നെറ്റ്‌വർക്കിലെ മാലിനി ഐസോള ചൂണ്ടിക്കാണിക്കുന്നത്, പേറ്റന്റ് ഉള്ള മരുന്നുകളുടെ വില കുറയാത്തതിന്റെ ഒരു കാരണം, പേഷ്യന്റ് അസിസ്റ്റൻസ് പ്രോഗ്രാമുകൾ വഴി സൗജന്യമായി നൽകുന്ന മരുന്നുകളുടെ അളവിനെ സർക്കാർ തന്ത്രപരമായി ഈ കണക്കുകൂട്ടലുകളിൽ നിന്ന് ഒഴിവാക്കി എന്നതാണ്. പി.എ.പി പദ്ധതിയുടെ ഭാഗമായി മരുന്ന് കമ്പനികൾ (പ്രത്യേകിച്ച് വിദേശ മരുന്ന് നിർമ്മാതാക്കൾ) സൗജന്യമായോ വലിയ ഇളവുകളോടെയോ മരുന്നുകൾ നൽകുന്നു. ഉദാഹരണത്തിന്, രോഗികൾ രണ്ട് വയൽ മരുന്നിന് പണം നൽകുമ്പോൾ മൂന്നാമതൊന്ന് സൗജന്യമായി നൽകിയേക്കാം.
കാൻസർ മരുന്ന് വിതരണ ശൃംഖലയിൽ ഇടനിലക്കാർ വളരെ കുറവാണെങ്കിലും, ആശുപത്രികൾക്കോ വിതരണക്കാർക്കോ 42.8% വരെ മാർക്കപ്പ് (അധിക ലാഭം) അനുവദിക്കുന്ന ഉദാരമായ ഫോർമുലയാണ് പല കേസുകളിലെയും വലിയ വിലക്കുറവിലും ഉപയോഗിച്ചിരിക്കുന്നതെന്ന് ഐസോള ചൂണ്ടിക്കാട്ടി. ഇത്രയും ഉയർന്ന ലാഭവിഹിതം അനുവദിച്ചിരുന്നില്ലെങ്കിൽ വിലക്കുറവ് ഇതിലും വളരെ കൂടുതലാകുമായിരുന്നുവെന്ന് അവർ ഊന്നിപ്പറഞ്ഞു. കമ്പനികൾ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഷ്കരിച്ച പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്നും ഇത് സമയബന്ധിതമായി പുതുക്കുമെന്നും എൻ.പി.പി.എ അറിയിച്ചിട്ടുണ്ട്.

