ഒരു ഡോസിന് ഒന്നര ലക്ഷം! കാൻസർ മരുന്നിന്റെ പേരിൽ കൊടുംചതി; ചതിക്കപ്പെടുന്നത് നിസ്സഹായരായ രോഗികൾ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ലക്ഷങ്ങൾ വിലയുള്ള കാൻസർ മരുന്നുകളുടെ വ്യാജ പതിപ്പുകൾ വിറ്റഴിക്കുന്ന വൻ റാക്കറ്റിനെ ഡൽഹി പൊലീസ് പിടികൂടി. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ഇമ്മ്യൂണോതെറാപ്പി മരുന്നുകളിൽ ഒന്നായ 'കീട്രൂഡ' (Keytruda) ആണ് സംഘം വ്യാജമായി നിർമിച്ച് വിതരണം ചെയ്തിരുന്നത്. വൻകിട ആശുപത്രികളിലെ ജീവനക്കാർ ഉൾപ്പെട്ട ഈ മാഫിയ, പാവപ്പെട്ട രോഗികളിൽ നിന്ന് കോടികളാണ് തട്ടിയെടുത്തത്.
ഒരു വൈലിന് (100 mg Vial) വിപണിയിൽ ഒന്നര ലക്ഷം രൂപയോളം ഔദ്യോഗിക വിലയുള്ള മരുന്നാണ് കീട്രൂഡ. ഇത്രയും വലിയ തുക നൽകാൻ ശേഷിയില്ലാത്ത രോഗികളെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. കീമോതെറാപ്പി മരുന്നുകൾ തയാറാക്കുന്ന അതീവ സുരക്ഷാ മേഖലകളിൽ നിന്നാണ് ഫാർമസിസ്റ്റുകൾ മരുന്ന് മോഷ്ടിച്ചിരുന്നത്. സി.സി.ടി.വി നിരീക്ഷണമുണ്ടായിട്ടും, ബാഗുകളിൽ ഒളിപ്പിച്ചാണ് ഇവർ ഒഴിഞ്ഞ കുപ്പികളും ബാക്കി വന്ന മരുന്നുകളും പുറത്തെത്തിച്ചിരുന്നത്. ഇതിൽ ഫംഗസ് ബാധക്കുള്ള വില കുറഞ്ഞ ലായനികൾ നിറച്ച് സീൽ ചെയ്ത് പുതിയതെന്ന വ്യാജേന വിൽക്കുന്നു.
ചികിത്സാ ചെലവ് കുറക്കാൻ ആഗ്രഹിക്കുന്ന രോഗികൾക്ക് 40% വരെ ഡിസ്കൗണ്ടിലാണ് ഈ വ്യാജൻ നൽകിയിരുന്നത്. പാക്കിങ്ങിലോ ലേബലിലോ ബാച്ച് നമ്പറിലോ സംശയം തോന്നാത്ത രീതിയിലായിരുന്നു നിർമാണം. ഡൽഹിയിലെ പ്രമുഖ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഫാർമസിസ്റ്റുകളും നഴ്സിങ് സ്റ്റാഫുകളും ഈ തട്ടിപ്പിന്റെ പ്രധാന കണ്ണികളാണെന്ന് പൊലീസ് കണ്ടെത്തി.
രോഗികൾക്ക് മരുന്ന് നൽകിയ ശേഷം ഒഴിഞ്ഞ കുപ്പികൾ ഇവർ നശിപ്പിക്കാതെ സംഘത്തിന് മറിച്ചു നൽകുന്നു. ഒരു ഒഴിഞ്ഞ കുപ്പിക്ക് 3,000 രൂപ വരെയും, ബാക്കി വന്ന മരുന്ന് സഹിതമാണെങ്കിൽ 50,000 രൂപ വരെയും ഇവർക്ക് ലഭിച്ചിരുന്നു. ചില സന്ദർഭങ്ങളിൽ രോഗികൾക്ക് നൽകേണ്ട മരുന്ന് അളവിൽ കുറച്ച് നൽകി ബാക്കി മോഷ്ടിച്ച് സംഘത്തിന് കൈമാറുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഡൽഹിയിലെ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള ബാച്ച് നമ്പറുകൾ ഈ വ്യാജ കുപ്പികളുമായി ഒത്തുപോകുന്നത് ഇതിന് തെളിവാണ്.
ചണ്ഡീഗഢിൽ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ കുടുംബം 16 ലക്ഷം രൂപ മുടക്കി വാങ്ങിയ 12 വൈലുകൾ വ്യാജമാണെന്ന് പിന്നീട് പൊലീസ് അറിയിച്ചപ്പോഴാണ് അവർ അറിഞ്ഞത്. പട്നയിൽ നിന്നുള്ള മറ്റൊരു രോഗി ഇത്തരം വ്യാജ മരുന്ന് കുത്തിവെച്ചതിന് പിന്നാലെ നില വഷളായി മരണപ്പെടുകയും ചെയ്തു. ചികിത്സാ ചെലവിനായി വീടും ഭൂമിയും വിറ്റും വലിയ പലിശക്ക് കടം വാങ്ങിയും പണം കണ്ടെത്തിയ കുടുംബങ്ങളാണ് ഈ ചതിയിൽപ്പെട്ട് വഴിയാധാരമായത്.
'ദി ഇന്ത്യൻ എക്സ്പ്രസും' ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്സും (ICIJ) സംയുക്തമായി നടത്തിയ അന്വേഷണത്തിലൂടെയാണ് ഈ കൊടുംചതിയുടെ വ്യാപ്തി പുറംലോകമറിഞ്ഞത്. 12,500 പേജുകളുള്ള പൊലീസ് രേഖകളും ആശുപത്രി റെക്കോർഡുകളും പരിശോധിച്ചാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഡൽഹി ക്രൈം ബ്രാഞ്ച് ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ തട്ടിപ്പ് കേവലം ഡൽഹിയിൽ മാത്രം ഒതുങ്ങുന്നതല്ല. നേപ്പാൾ മുതൽ മെക്സിക്കോ വരെ നീളുന്ന ഒരു അന്താരാഷ്ട്ര ശൃംഖലയുടെ ഭാഗമാണിതെന്ന് അന്വേഷണം സൂചിപ്പിക്കുന്നു.
സംഭവം വിവാദമായതോടെ ഡൽഹിയിലെ ആശുപത്രികൾ തങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു. ഇപ്പോൾ മരുന്ന് മിശ്രണം ചെയ്യുന്നത് രോഗിയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലാക്കാനും, ഒഴിഞ്ഞ കുപ്പികൾ അപ്പോൾ തന്നെ നശിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
മുന്നറിയിപ്പ്-കാൻസർ മരുന്നുകൾ വാങ്ങുമ്പോൾ ആശുപത്രി ഫാർമസികളിൽ നിന്നോ അംഗീകൃത ഏജന്റുകളിൽ നിന്നോ മാത്രം വാങ്ങുക. ഓൺലൈൻ വഴിയോ നേരിട്ടോ വിപണി വിലയേക്കാൾ വലിയ കുറഞ്ഞ തുകക്ക് മരുന്ന് വാഗ്ദാനം ചെയ്യുന്നത് തട്ടിപ്പാകാൻ സാധ്യതയുണ്ട്. മരുന്നിന്റെ ബാച്ച് നമ്പറുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

