എല്ലാ ദിവസവും വിറ്റാമിൻ ബി12 സപ്ലിമെന്‍റ് കഴിക്കാമോ?
text_fieldsവിറ്റാമിൻ ഗുളികകൾ കഴിക്കുന്നതിനെ കുറിച്ച് നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതിൽ ഒരു പ്രധാന സംശയമാണ് ദിവസവും വിറ്റാമിൻ ബി12 സപ്ലിമെന്‍റ് കഴിക്കാൻ സാധിക്കുമോ എന്നത്. വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ എന്ന നിലയിൽ വിറ്റാമിൻ ബി 12 ദിവസവും കഴിക്കാമെന്നും ഇത് പൊതുവെ സുരക്ഷിതമാണെന്നും താനെയിലെ ജൂപ്പിറ്റർ ഹോസ്പിറ്റലിലെ ഇന്‍റേണൽ മെഡിസിൻ ഡയറക്ടർ ഡോ. അമിത് സറഫ് പറഞ്ഞു.
നാഡികളുടെ ആരോഗ്യം നിലനിർത്തുന്നതിലും, ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിലും, തലച്ചോറിന്‍റെ പ്രവർത്തനത്തെ പിന്തുണക്കുന്നതിലും ബി12 നിർണായക പങ്ക് വഹിക്കുന്നു. ക്ഷീണം, ബലഹീനത, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഓർമക്കുറവ് എന്നിവ തടയാൻ സഹായിക്കും.
മത്സ്യം, കോഴി, മുട്ട, പാലുൽപ്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർക്ക് ആവശ്യത്തിന് ബി12 ലഭിക്കുന്നുണ്ട്. എന്നാൽ മെറ്റ്ഫോർമിൻ പോലുള്ള മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവർക്ക്, അല്ലെങ്കിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് കുറവ് വരാൻ സാധ്യത കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ മാത്രമേ സപ്ലിമെന്റ് കഴിക്കേണ്ടതുള്ളൂ.
വിറ്റാമിൻ ബി12ന്റെ പ്രധാന ധർമങ്ങളിലൊന്ന് ശരീരത്തിൽ ആരോഗ്യകരമായ ചുവന്ന രക്താണുക്കളെ ഉണ്ടാക്കുക എന്നതാണ്. ഈ വിറ്റാമിന്റെ കുറവ് മൂലം രക്താണുക്കളുടെ ഉത്പാദനം കുറയുന്നു. ഇത് വിളർച്ചക്ക് (Megaloblastic Anemia) കാരണമാകുന്നു. ഇതിന്റെ ഫലമായി ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരികയും കടുത്ത ക്ഷീണം, തളർച്ച, ബലഹീനത, തലകറക്കം എന്നിവ അനുഭവപ്പെടുകയും ചെയ്യും. കാലുകൾക്കും കാൽപ്പാദങ്ങൾക്കും അനുഭവപ്പെടുന്ന മരവിപ്പ് നാഡീക്ഷതത്തിന്റെ സൂചനയാണ്. വിറ്റാമിൻ ബി12 ന്റെ അഭാവ മൂലമാണ് ഇതുണ്ടാകുന്നത്.
അമിതമായി കഴിച്ചാൽ തലകറക്കം, വയറിളക്കം, മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. പ്രത്യേകിച്ച് വൃക്കരോഗമുള്ളവർ മെഡിക്കൽ നിർദ്ദേശം കൂടാതെ സ്വമേധയാ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോ. അമിത് പറഞ്ഞു. സമീകൃതാഹാരമാണ് ഏറ്റവും നല്ല വഴി. സപ്ലിമെന്റ് ഭക്ഷണത്തിന് പകരമല്ല. വൈറ്റമിൻ ബി12 എല്ലാവർക്കും ദിവസേന ആവശ്യമുള്ള ഒരു സപ്ലിമെന്‍റ് അല്ലെങ്കിലും, ആവശ്യമുള്ളവർക്ക് മെഡിക്കൽ മാർഗനിർദ്ദേശത്തോടെ സ്ഥിരമായി കഴിക്കുന്നത് സുരക്ഷിതമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

