Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightലോകത്തിന് മാതൃകയായി...

ലോകത്തിന് മാതൃകയായി റിയാദ് കിങ് ഫൈസൽ ആശുപത്രി: റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ തലച്ചോറിലെ ട്യൂമർ പൂർണ്ണമായി നീക്കം ചെയ്തു

text_fields
bookmark_border
Representation Image
cancel
camera_alt

പ്രതീകാത്മക ചിത്രം

റിയാദ്: റോബോട്ടിക് സർജറി രംഗത്ത് ലോകത്തിന് മാതൃകയായി സൗദി അറേബ്യയിലെ കിങ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ (കെ.എഫ്.എസ്.എച്ച്.ആർ.സി). പൂർണ്ണമായും റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ തലയോട്ടിക്കുള്ളിലെ ട്യൂമർ പൂർണ്ണമായി നീക്കം ചെയ്ത ചരിത്രപരമായ നേട്ടമാണ് ആശുപത്രി കൈവരിച്ചത്. സൗദിയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ശസ്ത്രക്രിയ നടക്കുന്നത്.

68 വയസ്സുകാരനായ രോഗിയിലാണ് അതിസൂക്ഷ്മമായ ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. 4.5 സെന്റീമീറ്റർ വലുപ്പമുള്ള മെനിഞ്ചിയോമ ട്യൂമർ നീക്കം ചെയ്ത ശേഷം 24 മണിക്കൂറിനുള്ളിൽ രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇത്തരം മസ്തിഷ്ക ശസ്ത്രക്രിയകളിൽ ഇത് ഒരു റെക്കോർഡ് സമയമാണ്. സാധാരണ ശസ്ത്രക്രിയകളിൽ നാല് മുതൽ ഏഴ് ദിവസം വരെ രോഗി ആശുപത്രിയിൽ കഴിയേണ്ടി വരുമ്പോൾ, റോബോട്ടിക് സർജറിയിലൂടെ സുഖം പ്രാപിക്കുന്നതിലെ വേഗതയുടെയും മിനിമൽ ഇൻവേസിവ് ശസ്ത്രക്രിയയുടെയും ഫലപ്രാപ്തിയാണ് ഈ നേട്ടം തെളിയിക്കുന്നത്.

ഏകദേശം മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ, ട്യൂമർ പൂർണ്ണമായും നീക്കം ചെയ്യാൻ മെഡിക്കൽ ടീമിന് കഴിഞ്ഞു. ത്രിമാന ദൃശ്യങ്ങൾ നൽകുന്ന ഒപ്റ്റിക്കൽ സിസ്റ്റം വഴി നിയന്ത്രിക്കുന്ന അത്യാധുനിക റോബോട്ടിക് കരങ്ങൾ ഉപയോഗിച്ചാണ് അതിസങ്കീർണ്ണമായ ഈ ദൗത്യം വിജയകരമാക്കിയത്. നിർണ്ണായകമായ നാഡികൾക്കും ധമനികൾക്കും ചുറ്റുമുള്ള പരിമിതമായ സ്ഥലത്തുള്ള ശസ്ത്രക്രിയക്ക്, ന്യൂറോനാവിഗേറ്ററുമായി ചേർന്ന് സർജൻമാർ അതീവ കൃത്യതയോടെയുള്ള ഏകോപനം ഉറപ്പാക്കി. ശസ്ത്രക്രിയക്ക് ശേഷം ഏതാനും മണിക്കൂറുകൾക്കകം രോഗിക്ക് ബോധം തെളിയുകയും, സാധാരണ നിലയിൽ സംസാരിക്കാനും കൈകാലുകൾ ചലിപ്പിക്കാനും സാധിക്കുകയും ചെയ്തു. ശസ്ത്രക്രിയാ മുറിവ് കുറയ്ക്കാനും വേഗത്തിൽ സുഖം പ്രാപിക്കാനും ഈ രീതി സഹായകമായെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. ഹമൂദ് അൽ ദഹാഷ് വ്യക്തമാക്കി.

കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. മജിദ് അൽ ഫയ്യാദ് ഈ നേട്ടത്തെ സൗദി വിഷൻ 2030-ന്റെ ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തിന്റെ ഫലമാണെന്ന് വിശേഷിപ്പിച്ചു. രോഗി കേന്ദ്രീകൃതമായ കാഴ്ചപ്പാടോടെ ലോകോത്തര നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്ന സൗദിയുടെ ലക്ഷ്യത്തിലെ സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോബോട്ടിക് സാങ്കേതികവിദ്യയുടെ അതിശയകരമായ സാധ്യതകൾ എടുത്തു കാണിക്കുന്നതാണ് ഈ വിജയമെന്ന് ന്യൂറോ സർജനും ബ്രെയിൻ ട്യൂമർ സർജനുമായ ഡോ. ഹമൂദ് അൽ ദഹാഷ് പറഞ്ഞു. മുമ്പ് കൈ ഉപകരണങ്ങളും മൈക്രോസ്കോപ്പും ഉപയോഗിച്ച് ചെയ്തിരുന്ന ഇത്തരം ശസ്ത്രക്രിയകളിലെ മനുഷ്യന്റെ പരിമിതികളും വിറയലും ഒഴിവാക്കാൻ റോബോട്ടിക് സംവിധാനത്തിന് കഴിയും. ഉയർന്ന റെസല്യൂഷനിലുള്ള ത്രിമാന ദൃശ്യങ്ങളും, കൃത്യതയും, സുരക്ഷിതത്വവും റോബോട്ടിക് സർജറി ഉറപ്പാക്കുന്നു.

നേരത്തെ ലോകത്തിലെ ആദ്യത്തെ റോബോട്ടിക് ഹൃദയമാറ്റ ശസ്ത്രക്രിയയും, റോബോട്ടിക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരമായി നടത്തിയ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിന്റെ റോബോട്ടിക് സർജറി രംഗത്തെ ആഗോള നേതൃത്വം ഈ നേട്ടത്തിലൂടെ കൂടുതൽ ഉറപ്പിക്കുകയാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSurgeryrobotic surgeryBrain tumorSaudi ArabiaHealth News
News Summary - Brain tumor completely removed with the help of robotic technology
Next Story