കോവിഡ് വാക്സിന്റെ കരുതൽ ഡോസ് നൽകിത്തുടങ്ങി
text_fieldsന്യൂഡൽഹി: സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് വാക്സിന്റെ കരുതൽ ഡോസ് നൽകാൻ തുടങ്ങി. രണ്ടാം ഡോസെടുത്ത് ഒമ്പത് മാസം കഴിഞ്ഞ 18 വയസ്സിന് മുകളിലുള്ളവർക്ക് കരുതൽ ഡോസെടുക്കാം. ഒന്നും രണ്ടും തവണ നൽകിയ അതേ വാക്സിൻ തന്നെയായിരിക്കും കരുതൽ ഡോസെന്നും സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് ഒരു ഡോസിന് 150 രൂപ വരെ സർവിസ് ചാർജ് ഈടാക്കാമെന്നും കേന്ദ്രം നിർദേശിച്ചിരുന്നു.
അർഹരായവർ മുമ്പ് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനാൽ കരുതൽ ഡോസിന് പുതിയ രജിസ്ട്രേഷൻ വേണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കിയിരുന്നു. എല്ലാ വാക്സിനേഷനുകളും കോവിൻ പോർട്ടലിൽ രേഖപ്പെടുത്തും. സ്വകാര്യ വാക്സിനേഷൻ സെന്ററുകളിൽ ഓൺലൈനായും നേരിട്ടെത്തിയും രജിസ്ട്രേഷന് സൗകര്യമുണ്ട്.
കഴിഞ്ഞ വർഷം ജനുവരി 16നാണ് രാജ്യവ്യാപകമായി വാക്സിനേഷൻ ആരംഭിച്ചത്. ഏപ്രിൽ ഒന്നിന് 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ തുടങ്ങി. മേയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി. 15-18 വയസ്സ് പ്രായമുള്ളവർക്കായി ജനുവരി മൂന്നിന് അടുത്ത ഘട്ടം ആരംഭിച്ചു.
ജനുവരി 10ന് ആരോഗ്യപ്രവർത്തകർക്കും 60 വയസ്സ് മുതലുള്ളവർക്കും കരുതൽ ഡോസ് നൽകാൻ തുടങ്ങി. മാർച്ച് 16നാണ് 12-14 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് കുത്തിവെപ്പ് തുടങ്ങിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 185.70 കോടി ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്.