എയ്‌ഡ്‌സിനേയും മലേറിയയേയും ചെറുക്കാൻ ആഗോള ഫണ്ടിലേക്ക് 912 മില്യൺ ഡോളർ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ച് ബിൽ ഗേറ്റ്സ്
text_fieldsഎയ്‌ഡ്‌സ്, ക്ഷയം, മലേറിയ എന്നിവയെ ചെറുക്കുന്നതിനായി ആഗോള ഫണ്ടിലേക്ക് 912 മില്യൺ ഡോളർ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ച് ബിൽ ഗേറ്റ്സ്. ആഗോള ആരോഗ്യ ധനസഹായം വെട്ടിക്കുറക്കുന്നത് പിൻവലിക്കണമെന്ന് അദ്ദേഹം സർക്കാരുകളോട് ആവശ്യപ്പെട്ടു. യുനൈറ്റഡ് സ്റ്റേറ്റ്സിന്റെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള സർക്കാരുകൾ സഹായം വെട്ടിക്കുറച്ചതിനെ തുടർന്നാണ് ഈ പ്രഖ്യാപനം.
ന്യൂയോർക്കിൽ ഫൗണ്ടേഷന്‍റെ വാർഷിക 'ഗോൾകീപ്പേഴ്‌സ്' പരിപാടിക്ക് മുന്നോടിയായി സെപ്റ്റംബർ 23 ന് റോയിറ്റേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് ബിൽ ഗേറ്റ്സ് ഈ കാര്യം വ്യക്തമാക്കിയത്. ലോകം ഇപ്പോൾ വലിയ ഒരു വഴിത്തിരിവിലാണ്. ധനസഹായം നൽകുന്നത് കുത്തനെ കുറഞ്ഞാൽ ദശലക്ഷക്കണക്കിന് കുട്ടികൾ മരിക്കാൻ സാധ്യതയുണ്ടെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ സർക്കാർ സഹായത്തിന് പകരമാകില്ല. എന്നാൽ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ വാക്സിനുകളുടെയും ചികിത്സകളുടെയും വില കുറക്കാൻ സഹായിക്കുമെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. യു.എസും ഫൗണ്ടേഷനും പിന്തുണക്കുന്ന ദീർഘകാല എച്ച്.ഐ.വി പ്രതിരോധ മരുന്നുകൾ, മാതൃ ആരോഗ്യ ഗവേഷണം തുടങ്ങിയ നൂതനാശയങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
2045 ആകുമ്പോഴേക്കും തന്‍റെ 200 ബില്യൺ ഡോളറിലധികം വരുന്ന സമ്പാദ്യം ദാനം ചെയ്യുമെന്ന പ്രതിജ്ഞയും അദ്ദേഹം ആവർത്തിച്ചു. ശക്തമായ അന്താരാഷ്ട്ര പിന്തുണയില്ലെങ്കിൽ 2000 മുതൽ ശിശുമരണനിരക്ക് പകുതിയായി കുറഞ്ഞത് പോലെയുള്ള നേട്ടങ്ങൾ ഇതിന് ഉദാഹരണമാണ്.
സഹായ ലഭ്യതയിലുള്ള നിയന്ത്രണങ്ങൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ തകരുന്നതിനും കുട്ടികളെ രോഗത്തിലേക്കും പോഷകാഹാരക്കുറവിലേക്കും കാരണമാകുമെന്ന് യുണിസെഫും മറ്റ് യു.എൻ ഏജൻസികളും മുന്നറിയിപ്പ് നൽകുന്നു.
2045 ഓടെ തന്റെ സമ്പത്തിന്റെ 99 ശതമാനവും സംഭാവന ചെയ്യുമെന്ന് കഴിഞ്ഞ മേയ് മാസത്തിൽ ബിൽ ഗേറ്റ്സ് വ്യക്തമാക്കിയിരുന്നു. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും തടയാന്‍ കഴിയുന്ന മരണങ്ങള്‍ അവസാനിപ്പിക്കുക, അടുത്ത തലമുറ മാരകമായ പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ വളരുമെന്ന് ഉറപ്പാക്കുക, ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുക എന്നീ മൂന്ന് മുന്‍ഗണനകളാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ബില്‍ ഗേറ്റ്‌സിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും വരുന്നത് കാസ്‌കേഡ് ഇന്‍വെസ്റ്റ്മെന്റില്‍ നിന്നാണ്. മൈക്രോസോഫ്റ്റ് സ്റ്റോക്ക് വില്‍പ്പനയില്‍ നിന്നും ലാഭവിഹിതത്തില്‍ നിന്നും ലഭിച്ച വരുമാനം ഉപയോഗിച്ച് സ്ഥാപിച്ച ഒരു ഹോള്‍ഡിംഗ് സ്ഥാപനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

