സൂക്ഷിക്കാം, ലോവർ ജി.ഐ രക്തസ്രാവം
text_fieldsലോവർ ജി.ഐ എന്നാൽ ചെറുകുടലിന്‍റെ ഭൂരിഭാഗം, വൻകുടൽ, മലാശയം, മലദ്വാരം എന്നിവ ചേർന്നതാണ്. ഈ ഭാഗങ്ങളിൽനിന്നുള്ള രക്തസ്രാവമാണ് ലോവർ ജി.ഐ രക്തസ്രാവം.
പ്രധാന കാരണങ്ങൾ
- ഡൈവേർട്ടിക്യുലോസിസ് (വൻകുടലിലെ ചെറിയ സഞ്ചികളിൽ വീക്കം ഉണ്ടാകുന്ന അവസ്ഥ)
- വൻകുടൽ വീക്കം/പുണ്ണ്, അൾസറേറ്റിസ് കൊളൈറ്റിസ്, ക്രോൺസ് രോഗം, ഇസ്കെമിക്, റേഡിയേഷൻ കൊളൈറ്റിസ്
- പൈൽസ്, മലദ്വാര വിള്ളൽ (ഫിഷർ), മലാശയ പുണ്ണ് (SRUS)
- നിയോപ്ലാസം (benign)
- എ.വി.എം/ആൻജിയോഡിസ്പ്ലാസിയ (അസ്വാഭാവിക രക്തക്കുഴലുകൾ)
- പോളിപെക്ടമിക്ക് ശേഷം
- മെക്കൽസ് ഡൈവർട്ടികുലം
- ചില മരുന്നുകൾ -രക്തം അലിയിക്കാൻ ഉപയോഗിക്കുന്നവ, എൻ.എസ്.എ.ഐ.ഡികൾ
രോഗലക്ഷണങ്ങൾ
- മലത്തിലൂടെ കറുത്ത രക്തം വരുകയോ രക്തക്കട്ടകൾ ഉണ്ടാകുകയോ ചെയ്യുന്നത്
- വയറുവേദന
- തലകറക്കം
- ക്ഷീണം
- ബോധക്ഷയം
- ശ്വാസംമുട്ടൽ
- വിളർച്ച
ലോവർ ജി.ഐ രക്തസ്രാവം പെട്ടെന്നോ (acute) സാവധാനമോ (chronic) പ്രത്യക്ഷപ്പെടാം. കൂടുതൽ രക്തസ്രാവം ഉണ്ടായാൽ അതിനെ ഹിമറ്റോചേസിയ എന്ന് പറയുന്നു. സാവധാനമായി രൂപപ്പെടുന്ന രക്തസ്രാവം വിളർച്ചയായോ ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞ് അനീമിയ രൂപത്തിലോ ആയിരിക്കും വ്യക്തമാകുന്നത്.
ചികിത്സരീതി
പെട്ടെന്നുള്ള രക്തസ്രാവം ചിലപ്പോൾ ഷോക്ക് വരെ ഉണ്ടാക്കാം (shock index 1). ചെറിയ രക്തസ്രാവമാണെങ്കിൽ ഓക്ക്‌ലാൻഡ് സ്‌കോർ വിലയിരുത്തി ഔട്ട് പേഷ്യന്‍റ് വിഭാഗത്തിലോ കിടത്തിയോ ചികിത്സ നൽകേണ്ടതുണ്ട്. ബ്ലഡ് ടെസ്റ്റുകളും വിലയിരുത്തേണ്ടതായി വരും. പ്രാഥമിക രക്തപരിശോധനക്കുശേഷം രക്ത ഗ്രൂപ്പിങ്, കോഗുലേഷൻ പ്രൊഫൈൽ എന്നിവ നടത്തി രോഗിയെ കൊളണോസ്‌കോപിക്കു വിധേയമാക്കണം. രോഗിക്ക് ഹീമോഡയനാമിക് അസ്ഥിരത ഉണ്ടെങ്കിൽ രക്തം നൽകുകയും ആവശ്യമെങ്കിൽ അപ്പർ ജി.ഐ എൻഡോസ്‌കോപിയും നടത്തണം. ഇതിലൂടെയും വ്യക്തമല്ല എങ്കിൽ സി.ടി ആഞ്ജിയോഗ്രഫിയും ചെയ്യേണ്ടതായി വരും. സജീവമായ രക്തസ്രാവമല്ലാത്ത ചെറിയതോതിലുള്ള തുടർച്ചയായ രക്തസ്രാവം ഉണ്ടെങ്കിൽ ക്യാപ്സ്യൂൾ എൻഡോസ്കോപ്പി ചെയ്യാം (വയർലെസ് കാമറ). രക്തസ്രാവത്തിന്‍റെ ഉറവിടം വ്യക്തമായാൽ ചികിത്സ ആരംഭിക്കാം. ഡൈവെർട്ടിക്കുലത്തിൽനിന്നുള്ളതും പോളിപെക്ടമി രക്തസ്രാവവും കൊളോണോസ്കോപ്പി വഴി ക്ലിപ്പ് ചെയ്തു നിയന്ത്രിക്കാം. പൈൽസ്, മലദ്വാരവിള്ളൽ, ആവർത്തിച്ചുള്ള ഡൈവെർട്ടിക്കുലം, രക്തസ്രാവം, കാൻസർ തുടങ്ങിയവ ശസ്ത്രക്രിയ വഴിയും ഐ.ബി.ഡി മരുന്നുകളിലൂടെയും നിയന്ത്രിക്കാം.
നിഗമനങ്ങൾ
വൻതോതിലുള്ള ലോവർ ജി.ഐ രക്തസ്രാവം ഒരു മെഡിക്കൽ അടിയന്തരാവസ്ഥയാണ്. രക്തസ്രാവമുള്ള സ്ഥലത്തിന്‍റെ ശരിയായ ഉറവിടം കണ്ടെത്തൽ പ്രധാനമാണ്. അതിനു കോളണോസ്കോപ്പി നമ്മെ സഹായിക്കും. കൊളണോസ്‌കോപ്പിയിലൂടെ രോഗം കണ്ടെത്തിയ ശേഷമാണു കൂടുതൽ ചികിത്സകളും തുടങ്ങുന്നത്. എങ്കിലും ഗുരുതരമായ അവസ്ഥക്ക് ശസ്ത്രക്രിയ വേണ്ടിവരും.
(ആസ്റ്റർ ഹോസ്പിറ്റൽ, ഷാർജ ഗ്യാസ്ട്രോ എന്ററോളജി കൺസൽട്ടൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

