നിങ്ങൾ ബാത്ത്റൂമിൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെന്ന് വിദഗ്ധർ
text_fieldsപാട്ട് കേൾക്കാനും പോഡ്കാസ്റ്റുകൾ ആസ്വദിക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനുമൊക്കെയായി മൊബൈൽ ഫോൺ ബാത്ത്റൂമിലേക്ക് കൊണ്ടുപോകുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഈ ശീലം ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ബാത്ത്റൂമിലെ അന്തരീക്ഷത്തിൽ വിവിധതരം ബാക്ടീരിയകളും സൂക്ഷ്മാണുക്കളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അവ മൊബൈൽ ഫോണിന്റെ ഉപരിതലത്തിൽ പറ്റിപ്പിടിക്കാം. പിന്നീട് ഫോൺ കൈകാര്യം ചെയ്യുന്നതിലൂടെയും മുഖത്തോടും വായോടും ചേർത്തുപിടിക്കുന്നതിലൂടെയും രോഗാണുക്കൾ ശരീരത്തിലേക്ക് എത്താനുള്ള സാധ്യത വർധിക്കും.
ബാത്ത്റൂമിലെ ഫോൺ ഉപയോഗം വഴി മാരകമായ ബാക്ടീരിയകളും സൂക്ഷ്മാണുക്കളും ഫോണിന്റെ ഉപരിതലത്തിൽ പറ്റിപ്പിടിക്കാൻ ഇടയാക്കുന്നു. മനുഷ്യന്റെ കുടലിനെ ബാധിക്കുന്ന ഇ-കോളി പോലുള്ള അപകടകരമായ ബാക്ടീരിയകൾ ഇത്തരത്തിൽ ഫോണിലൂടെ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയേറെയാണ്. ഇത് വയറിളക്കം ഉൾപ്പെടെയുള്ള വിവിധതരം അണുബാധകൾക്കും കുടലിനെ ബാധിക്കുന്ന അൾസറേറ്റീവ് കൊളൈറ്റിസ് പോലുള്ള ഗുരുതരമായ രോഗാവസ്ഥകൾക്കും കാരണമായേക്കാം. കൂടാതെ ബാത്‌റൂമിൽ നിന്ന് ഫോണിലേക്ക് പടരുന്ന ബാക്ടീരിയകൾ ആന്റിബയോട്ടിക് പ്രതിരോധ ശേഷിയുള്ളവയായിരിക്കാനും സാധ്യതയുണ്ട്. അതിനാൽ സാധാരണ മരുന്നുകൾ കൊണ്ട് ഇവയെ നശിപ്പിക്കാൻ സാധിക്കാതെ വരുന്നത് പ്രതിസന്ധി ഇരട്ടിയാക്കും. ബാത്ത്റൂമിൽ ഉപയോഗിച്ച മൊബൈൽ ഫോൺ പിന്നീട് മുഖത്തോട് ചേർത്തുപിടിച്ച് സംസാരിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഫോണിലെ ബാക്ടീരിയകളും മറ്റ് സൂക്ഷ്മാണുക്കളും ചർമ്മവുമായി സമ്പർക്കത്തിലാകുന്നത് മുഖക്കുരു ഉൾപ്പെടെയുള്ള ചർമ്മപ്രശ്നങ്ങൾക്ക് കാരണമാകാം.
അതിനാൽ രോഗാണുക്കളുടെ പ്രധാന ഉറവിടമാകാൻ സാധ്യതയുള്ള ബാത്ത്റൂമുകളിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്ന ശീലം ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്നാണ് വിദഗ്ധരുടെ നിർദേശം. മൊബൈൽ ഫോൺ ദൈനംദിന ജീവിതത്തിലെ അനിവാര്യ ഉപകരണമാണെങ്കിലും, ശുചിത്വം ആവശ്യമായ ഇടങ്ങളിൽ അതിന്റെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും വിദഗ്ധർ ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

