അമിതമായാൽ വാഴപ്പഴവും അപകടം
text_fieldsഹൈപ്പർകലീമിയ എന്ന രോഗാവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ. ആരോഗ്യമുള്ള യുവാക്കൾക്ക് പോലും വരാൻ സാധ്യതയുള്ള ഹൃദ്രോഗമാണിത്. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് അധികമാകുമ്പോഴുള്ള അവസ്ഥ. ഹൃദയാരോഗ്യത്തിന് പൊട്ടാസ്യം അനിവാര്യമാണ്. ആവശ്യത്തിന് പൊട്ടാസ്യം ലഭിക്കാതിരിക്കുന്നത് ശരീരത്തിലെ വൈദ്യുത സിഗ്നലുകൾക്ക് തകരാറുണ്ടാക്കുന്നു. ശരീരത്തിന്റെ ഇലക്ട്രീഷ്യനാണ് പൊട്ടാസ്യം എന്ന് തന്നെ പറയാം.
പക്ഷേ, അതിന്റെ അളവ് സാധാരണയെക്കാൾ അല്പം ഉയർന്നാൽ, ഹൃദയമിടിപ്പ് താളം തെറ്റും. ചിലരിൽ ഒരു ചെറിയ അസന്തുലിതാവസ്ഥ പോലും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് മുംബൈയിൽ പ്രവർത്തിക്കുന്ന കാർഡിയോളജിസ്റ്റ് അഞ്ജലി മെഹ്ത പറയുന്നു. പൊട്ടാസ്യത്തിന്റെ പെട്ടെന്നുള്ള വർധനവിന് പ്രധാന കാരണക്കാർ നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവുമാണ്.
വാഴപ്പഴത്തിലും ഉരുളക്കിഴങ്ങിലും ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ മിക്ക ആളുകൾക്കും ഇവ പ്രിയപ്പെട്ട ആഹാരങ്ങളാണ്. എന്നാൽ, ഗുരുതര വൃക്ക രോഗങ്ങൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നീ രോഗാവസ്ഥയുള്ളവരിൽ ഇത്തരം ദൈനംദിന ഭക്ഷണങ്ങൾ നിശബ്ദമായി ഹൃദയത്തെ അപകടത്തിലേക്ക് തള്ളിവിടും.
ലക്ഷണങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് ഹൈപ്പർകലീമിയയുടെ മറ്റൊരു പ്രശ്നം. ക്ഷീണം, മരവിപ്പ്, കൈകാലുകളിൽ അസ്വസ്ഥത, ഓക്കാനം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ, വൃക്കരോഗികളുള്ള രാജ്യമാണ് നമ്മുടേത്. വൈകല്യമുള്ള വൃക്കകൾ ശരീരത്തിൽ അധികം വരുന്ന പൊട്ടാസ്യത്തെ പുറന്തള്ളാൻ പാടുപെടുന്നു. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു.
രക്തസമ്മർദം നിയന്ത്രിക്കുന്നതിന് മരുന്ന് കഴിക്കുന്ന രോഗികളും അവരുടെ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് ശ്രദ്ധിക്കണം. ചെറിയ വൃക്ക പ്രശ്നങ്ങൾ ഉള്ളവരിൽ പോലും ഇത്തരം മരുന്നുകൾ പൊട്ടാസ്യം വർധിപ്പിക്കും. വാഴപ്പഴം, ഇലക്കറികൾ, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ അടങ്ങിയ ഭക്ഷണക്രമവും പൊട്ടാസ്യം അളവ് ഉയർത്തിയാൽ അപകടകരമാകും. പക്ഷേ, പേടിക്കേണ്ട, ശരീരത്തിലെ പൊട്ടാസ്യത്തിന്‍റെ അളവിനനുസരിച്ച് ഹൈപ്പർകലീമിയക്ക് ചികിത്സ യുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

