Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാൽപല്ലുകൾക്കും പറയാനുണ്ട് പലതും

text_fields
bookmark_border
പാൽപല്ലുകൾക്കും പറയാനുണ്ട് പലതും
cancel

(എഴുത്തിയത്-ഡോ. ഫൗസിയ എം.ഡി.എസ്, കൺസൾട്ടന്റ് ഓർത്തോഡോണ്ടിസ്റ്റ്)

കുട്ടികൾക്ക് കുരുന്നു പല്ലുകൾ വരുന്നതും അവരുടെ പല്ലുകാട്ടി ചിരിയുമൊക്കെ വീട്ടുകാർക്ക് കൗതുകം തരുന്നതാണ്. എന്നാൽ, ഈ കൗതുകങ്ങൾക്കൊക്കെയപ്പുറം കുരുന്നുകളുടെ പല്ലുകളെ ബാധിക്കുന്ന പ്രശ്നങ്ങളുമുണ്ട്. പ്രത്യക്ഷത്തിലല്ലാത്ത പ്രശ്നങ്ങളിൽ നമ്മുടെ ശ്രദ്ധ പതിഞ്ഞുകൊള്ളണമെന്നില്ല. ആധുനിക കാലത്ത് കുട്ടികളുടെ പാൽപല്ലുകളെ (Milk Teeth) ബാധിക്കുന്ന പ്രശ്നങ്ങൾ പലതാണ്.

ഒരു കുഞ്ഞിന് സാധാരണയായി 20 പാൽപല്ലുകളാണ് ഉണ്ടാകുന്നത്. ആറുമാസം മുതൽ ഇവ മുളച്ചുതുടങ്ങി രണ്ടര മുതൽ മൂന്ന് വയസ്സ് വരെയുള്ള കാലയളവിൽ എല്ലാം പുറത്തുവരും. ആറാം വയസ്സുമുതൽ ഇവ കൊഴിഞ്ഞ് സ്ഥിരം പല്ലുകൾ വരാൻ തുടങ്ങും. കുട്ടിക്കാലത്തെ ചിരി മനോഹരമാക്കാൻ മാത്രമല്ല, ഭാവിയിൽ വരാനിരിക്കുന്ന സ്ഥിരദന്തങ്ങളുടെ ശരിയായ വളർച്ചക്കും പാൽപല്ലുകൾ ആരോഗ്യത്തോടെയിരിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, ആധുനിക ജീവിതശൈലിയും ഭക്ഷണരീതികളും ഇന്ന് കുട്ടികളുടെ പാൽപല്ലുകളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണ്. മൊബൈൽ ഫോൺ സംസ്കാരവും അനാരോഗ്യകരമായ ഭക്ഷണവും പല്ലുകളെ ബാധിക്കുന്നുണ്ട്. മൊബൈൽ കാണിച്ചുകൊണ്ട് ഭക്ഷണം കൊടുക്കുമ്പോൾ കുട്ടികൾ പലപ്പോഴും കൂടുതൽ മധുരപലഹാരങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും കഴിക്കുന്നു. ഇത് ദന്താരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

പാൽപല്ലുകളിലും ശ്രദ്ധവേണം

പാൽപല്ലുകൾ ഒടുവിൽ കൊഴിഞ്ഞുപോകാനുള്ളതല്ലേ, പിന്നെന്തിന് ഇത്ര ശ്രദ്ധ? എന്ന ചിന്ത തികച്ചും തെറ്റാണ്. കുട്ടികൾക്ക് 12 വയസ്സ് തികഞ്ഞതിനു ശേഷമേ മുഖ വൈരൂപ്യം സംരക്ഷിക്കാൻ പറ്റുകയുള്ളൂ എന്ന ഒരു തെറ്റിദ്ധാരണയുണ്ട്. മുഖത്തെ എല്ലുകളുടെ വളർച്ച വളരെ ചെറുപ്പത്തിൽ തന്നെ ക്രമീകരിക്കാൻ പറ്റുന്ന നൂതന ചികിത്സാ രീതികൾ ഇന്നുണ്ട്. എട്ടു വയസ്സാകുന്നതോടുകൂടി തന്നെ താടിയെല്ലുകളുടെ അമിതവളർച്ചയോ വളർച്ചയില്ലായ്മയോ ഒക്കെ ക്ലിപ്പുകൾ ഇട്ടും മറ്റും പരിഹരിക്കാൻ പറ്റും.

പ്രധാന പല്ല് രോഗങ്ങൾ

നഴ്സിങ് ബോട്ടിൽ കാരിസ് (Nursing Bottle Caries): ചെറിയ കുട്ടികളിൽ ഇന്ന് വ്യാപകമായി കാണുന്ന ഒന്നാണിത്. രാത്രികാലങ്ങളിൽ പാൽക്കുപ്പി വായിൽ വെച്ചുറങ്ങുന്ന കുട്ടികളിലാണ് ഇത് കൂടുതൽ കണ്ടുവരുന്നത്. പാലിലെ പഞ്ചസാരയുടെ അംശം രാത്രി മുഴുവൻ പല്ലുകളിൽ നിൽക്കുന്നത് ബാക്ടീരിയകളുടെ വളർച്ചക്കും പല്ല് ദ്രവിക്കുന്നതിനും കാരണമാകുന്നു.

ചോക്ലറ്റുകളും ജങ്ക് ഫുഡുകളും ഉണ്ടാക്കുന്ന കേടുകൾ

ആധുനിക കാലത്തെ കുട്ടികളുടെ ഭക്ഷണക്രമത്തിൽ മിഠായികൾ, ചോക്ലറ്റുകൾ, കേക്കുകൾ, കൃത്രിമ പാനീയങ്ങൾ (Soft drinks), ഒട്ടിപ്പിടിക്കുന്ന ഫാസ്റ്റ് ഫുഡുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ പല്ലിന്റെ ഇടകളിൽ ഒട്ടിപ്പിടിച്ചിരിക്കുകയും പല്ലിലെ ഇനാമലിനെ നശിപ്പിച്ച് കടുത്ത പല്ലുവേദനയിലേക്കും പഴുപ്പിലേക്കും നയിക്കുകയും ചെയ്യുന്നു.

പല്ലുകളുടെ ക്രമം തെറ്റൽ: വിരൽ കുടിക്കുക, ചുണ്ട് കടിക്കുക, ദീർഘകാലം ചൂപ്പി (Pacifier) ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങൾ കുട്ടികളുടെ താടിയെല്ലിന്റെ ഘടനയെയും പല്ലുകളുടെ ക്രമീകരണത്തെയും ബാധിക്കുന്നു. ഇത് മുതിരുമ്പോൾ പല്ലുകൾ പൊങ്ങിനിൽക്കാനോ നിരതെറ്റാനോ കാരണമാകും. നേരത്തെയുള്ള പല്ല് നഷ്ടപ്പെടൽ: കേടുപാടുകൾ കാരണം പാൽപല്ലുകൾ പ്രായമെത്തുന്നതിനു മുമ്പേ പറിച്ചുകളയേണ്ടി വരുന്നത്, പിന്നീട് വരാനിരിക്കുന്ന സ്ഥിരദന്തങ്ങൾക്ക് കൃത്യമായ സ്ഥലം ലഭിക്കാതെ പോകുന്നതിന് കാരണമാകുന്നു. ഇത് പല്ലുകൾ നിരതെറ്റി വളരാൻ ഇടയാക്കും.

പ്രതിവിധികൾ

ഫ്ലൂറൈഡ് തെറപ്പി: പല്ലുകൾക്ക് കേടുവരാതിരിക്കാനും ഇനാമലിനെ ശക്തിപ്പെടുത്താനും ഡെന്റിസ്റ്റിന്റെ നിർദേശപ്രകാരം ഫ്ലൂറൈഡ് വാർണിഷുകൾ പല്ലിൽ തേക്കാവുന്നതാണ്. പിറ്റ് ആൻഡ് ഫിഷർ സീലന്റുകൾ: കുട്ടികളുടെ കടിച്ചു ചവക്കുന്ന പല്ലുകളിലെ ആഴത്തിലുള്ള കുഴികളിൽ (Grooves) ആധുനിക സീലന്റുകൾ നിറക്കുന്നതിലൂടെ, ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടി പല്ല് കേടാകുന്നത് തടയാം. സ്പേസ് മെയിന്റൈനറുകൾ: ഏതെങ്കിലും കാരണത്താൽ പാൽപല്ല് നേരത്തെ നഷ്ടപ്പെട്ടാൽ, സ്ഥിരദന്തം വരുന്നതുവരെ ആ സ്ഥലം നിലനിർത്താൻ ഉപയോഗിക്കുന്ന ആധുനിക ക്ലിപ്പുകളാണിത്.

മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരിയായ ബ്രഷിങ് ശീലം: ആദ്യത്തെ പല്ല് മുളക്കുന്നത് മുതൽ തന്നെ വൃത്തിയാക്കാൻ തുടങ്ങണം. ചെറിയ കുട്ടികളുടെ പല്ലുകൾ നനഞ്ഞ കോട്ടൺ തുണി ഉപയോഗിച്ച് തുടക്കാം. രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികളെ ദിവസം രണ്ടുനേരം (രാവിലെയും രാത്രിയും) ബ്രഷ് ചെയ്യിക്കണം. രാത്രിയിലെ പാൽകുടി ഒഴിവാക്കുക: രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് പാൽ നൽകിയ ശേഷം വായ നന്നായി കഴുകിക്കുക. വായിൽ പാലുമായി ഉറങ്ങാൻ അനുവദിക്കരുത്.

ഭക്ഷണ നിയന്ത്രണം: മധുരമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. പച്ചക്കറികൾ, പഴവർഗങ്ങൾ, പാലുൽപന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൃത്യമായ ഡെന്റൽ ചെക്കപ്പ്: കുട്ടിക്ക് ഒരു വയസ്സ് തികയുമ്പോഴോ ആദ്യത്തെ പല്ല് വരുമ്പോഴോ ആദ്യ ഡെന്റൽ സന്ദർശനം നടത്തണം. അതിനുശേഷം ആറുമാസത്തിലൊരിക്കൽ പീഡിയാട്രിക് ഡെന്റിസ്റ്റിനെ കണ്ട് പരിശോധന നടത്തുന്നത് ശീലമാക്കുക.

കുട്ടികളുടെ ആരോഗ്യമുള്ള ഭാവിക്ക് ശക്തമായ പാൽപല്ലുകൾ അനിവാര്യമാണ്. ആധുനിക കാലത്തെ ഭക്ഷണരീതികളെ പൂർണമായി വിലക്കാൻ കഴിഞ്ഞില്ലെങ്കിലും, കൃത്യമായ ശുചിത്വ ശീലങ്ങളിലൂടെയും ആധുനിക ദന്തചികിത്സാ രീതികളിലൂടെയും കുട്ടികളുടെ പല്ലുകളെ കേടുകൂടാതെ സംരക്ഷിക്കാൻ മാതാപിതാക്കളുടെ ശ്രദ്ധയോടെയുള്ള ഇടപെടലുകൾക്ക് സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Baby teeth also have a lot to say
Next Story