ജില്ലയില്‍ അർബുദ നിയന്ത്രണ പരിപാടിക്ക് തുടക്കം
text_fieldsകാസർകോട്: സംസ്ഥാന സര്‍ക്കാറിന്റെ നവകേരളം കർമപദ്ധതി ആര്‍ദ്രം മിഷന് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന ജില്ല അർബുദ നിയന്ത്രണ പരിപാടിക്ക് തുടക്കം. ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നിർവഹിച്ചു.
ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഊർജിതപ്പെടുത്തി നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന വായിലെ അര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ അര്‍ബുദം എന്നിവ സ്ക്രീനിങ്ങിലൂടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്‍കുക എന്നതാണ് പരിപാടിയുടെ ആദ്യഘട്ടം.
ആശ പ്രവര്‍ത്തകര്‍ മുഖേന മൊബൈല്‍ ആപ്ലിക്കേഷനായ 'ശൈലീ ആപ്' ഉപയോഗിച്ച് ജനസംഖ്യാനുപാതികമായി 30 വയസ്സിന് മുകളിലുള്ളവരെ സ്ക്രീനിങ്ങിന് വിധേയമാക്കിയാണ് സംശയാസ്പദ അര്‍ബുദ രോഗമുള്ളവരെ കണ്ടെത്തുന്നത്.
ഇത്തരത്തില്‍ കണ്ടെത്തുന്നവരെ സബ്സെന്ററുകളില്‍ നിന്നും മീഡ് ലെവല്‍ സര്‍വിസ് പ്രൊവൈഡേഴ്സ് വഴി അർബുദ നിര്‍ണയ പരിശോധനക്കായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും അയക്കുന്നു. തുടര്‍ന്ന് താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍ വഴി ചികിത്സ ഉറപ്പാക്കും. രോഗ ബാധിതരെ നേരത്തെ കണ്ടെത്തി സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നത്.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് മുഖ്യപ്രഭാഷണം നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്പേഴ്സൻ ഷീബ ഉമ്മര്‍, മെംബര്‍ കെ.ആര്. ശ്രീദേവി എന്നിവര്‍ സംസാരിച്ചു. ആര്‍ദ്രം മിഷന് ജില്ല നോഡല്‍ ഓഫിസര്‍ ഡോ.വി. സുരേശന് സ്വാഗതവും ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. ജോണ്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

