ആസ്തമയുള്ളവർ അറിയാൻ...
text_fieldsഡോ. ജെയ് എഡ്വേഡ്
ഹോണ്ടനോസാസ്
ജനറൽ മെഡിസിൻ, ആസ്റ്റർ ക്ലിനിക്ക്,
അൽ മുത്തീന
കാലാവസ്ഥ മാറുകയാണ്, അലർജി ഉള്ളവരിൽ ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഏറിയ സമയമാണിത്. അതിലൊന്നാണ് ആസ്തമ. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രകടമാവുന്ന രോഗമാണിത്. ശ്വാസനാളത്തിൽ ഉണ്ടാകുന്ന സ്ഥായിയായ ജ്വലനത്താൽ ശരീരത്തിന്റെ (കോശത്തിന്റെ) സ്വാഭാവിക രോഗപ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും തന്മൂലം വലിവും ശ്വാസം മുട്ടലും ചുമയും കഫക്കെട്ടും ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്തമ. ഒരു വ്യക്തിക്ക് സ്വാഭാവികമായി ശ്വസിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇന്ന് 339 ദശലക്ഷം പേരാണ് ആസ്തമയുമായി ജീവിക്കുന്നത്. ഇത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രകടമാവുന്ന രോഗമാണ്. വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടൽ, കഫക്കെട്ട്, കുറുങ്ങൽ എന്നിവയും കുഞ്ഞുങ്ങളിൽ ശരീരഭാരം കുറയുക, വിട്ടുമാറാത്ത ശ്വാസകോശ അണുബാധകളുമാണ് പ്രധാന ലക്ഷണങ്ങൾ.
ജനിതകം, അലർജി, വീടിനുള്ളിലെ പൊടി, വളർത്തു മൃഗങ്ങൾ, പട്ടി, പൂച്ച, കർട്ടനുകൾ, പരവതാനികൾ, പുകവലി, ജോലിസ്ഥലത്തെ രാസവസ്തുക്കൾ, അന്തരീക്ഷ മലിനീകരണം, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം എന്നിവയെല്ലാം ഇതിന്റെ കാരണങ്ങളാണ്.
മരുന്നുകളുടെ വിവേകപൂർവമായ ഉപയോഗത്തിലൂടെ ആസ്തമ രോഗം നിയന്ത്രിക്കാം. എന്നാൽ, ഇതിനോടൊപ്പം പ്രധാനമാണ് രോഗമൂർച്ഛകൾക്ക് കാരണമാകുന്ന ഘടകങ്ങളെ ഓരോ രോഗിയിലും തിരിച്ചറിഞ്ഞ് പ്രതിരോധ നടപടി എടുക്കുന്നത്. പൊടിയില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുക, മുറിയ്ക്കുള്ളിൽ നല്ല വായു സഞ്ചാരവും സൂര്യപ്രകാശവും ഉറപ്പാക്കുക, വീട്ടുമൃഗങ്ങളുടെ രോമം ഒഴിവാക്കുക, പാറ്റനശീകരണം, പൂപ്പൽ നിയന്ത്രണം, പുകനിയന്ത്രണം (പുകവലിയിലൂടെ വരുന്ന പുകയാണ് ഒഴിവാക്കാവുന്ന ആസ്തമ പ്രകോപനങ്ങളിൽ ഏറ്റവും പ്രധാനം) ഇങ്ങനെ ഓരോ രോഗിയിലും രോഗമൂർച്ഛക്ക് കാരണമാകുന്നതിനെ തടയുക.
നിത്യ വ്യായാമം, അലർജിയുള്ള വസ്തുക്കൾ ഉപേക്ഷിക്കുക (ഉദാഹരണത്തിന് കോസ്മറ്റിക്സ്, പെർഫ്യൂം) തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധവേണം. ഓരോ വ്യക്തിയ്ക്കനുസരിച്ചാണ് ചികിത്സ. ആസ്തമ രോഗം ഏതു ഘട്ടത്തിലെത്തി എന്നതനുസരിച്ചാണ് രോഗലക്ഷണം കാണിക്കുന്നത്. അതിനനുസരിച്ചുള്ള മരുന്നുകളാണ് രോഗിക്ക് നൽകുന്നത്. കഠിനമായ ആസ്തമ രോഗികൾക്ക് നവീകരിച്ച ചികിത്സ രീതികൾ ഇന്ന് ലഭ്യമാണ്. ഉദാഹരണത്തിന് അല്ലെർജൻ ഇമ്യൂണോ തെറപ്പി, ആന്റി ഐ.ജി.ഇ ട്രീറ്റ്മെന്റ് ബ്രോങ്കിയൽ തെർമോപ്ലാസ്റ്റി (Bronchial thermoplasty), നവീകരിച്ച മരുന്നുകൾ (Ultralong acting drugs) എന്നിവ.
ഗുളികകളും സിറപ്പുകളും ലഭ്യമാണെങ്കിലും ഇന്‍ഹേലറുകളുടെ പ്രാധാന്യം വളരെ വലുതാണ്. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ മിക്ക രാജ്യങ്ങളിലും വായിലൂടെ കൊടുക്കുന്ന മരുന്നുചികില്സക്ക് (ഓറല്‍ തെറപ്പി) പകരമായി ഇന്‍ഹേലേഷന്‍ തെറപ്പിയാണ് ഉപയോഗിക്കുന്നത്. ഇത് ആസ്തമയെ നിയന്ത്രിക്കുന്നതില്‍ ഫലപ്രദവും സുരക്ഷിതവും മാത്രമല്ല, ചെലവു കുറഞ്ഞതുമായ ചികിത്സയാണ്.
ആസ്തമ പൂർണമായും ഭേദമാക്കാന്‍ കഴിയില്ല. എന്നിരുന്നാലും, ആരംഭത്തില്‍തന്നെ ആസ്തമ കണ്ടെത്തുകയും ശരിയായ ചികിത്സ നൽകുകയും ചെയ്താല്‍ ഫലപ്രദമായി നിയന്ത്രിക്കാനാകും. ആസ്തമ രോഗി ആയി എന്നതിനാൽ ജീവിതം അവസാനിച്ചുവെന്നല്ലല്ലോ, നൂതന ചികിത്സാരീതികൾ ഉള്ള ഇക്കാലത്തു നമ്മുടെ ശരീരത്തോടുള്ള ശ്രദ്ധയാണ് പ്രധാനം. അപകടകരമായ അവസ്ഥകളിലേക്കെത്തി രോഗം വഷളാകും മുമ്പ് വിദഗ്ധരുടെ സഹായം തേടേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

