കുഷ്ഠരോഗത്തെ തുടച്ചുനീക്കാൻ അശ്വമേധം 6.0
text_fieldsകൊച്ചി: ജില്ലയിലുൾപ്പെടെ സംസ്ഥാനത്ത് കുഷ്ഠരോഗികൾ ഇപ്പോഴുമുള്ള സാഹചര്യത്തിൽ കുഷ്ഠരോഗ നിര്‍മാര്‍ജനമെന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് അശ്വമേധം 6.0 എന്ന പേരിൽ കാമ്പയിൻ സജീവമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേർന്നു. കാമ്പയിൻ നടത്തിപ്പിന് ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമെന്ന് യോഗത്തില്‍ വിലയിരുത്തി.
പരിശോധന 9,81,657 വീടുകളിൽ
ജനുവരി 30 മുതല്‍ ഫെബുവരി 12 വരെ 14 ദിവസമാണ് അശ്വമേധം 6.0 കാമ്പയിന് സംഘടിപ്പിക്കുന്നത്. കുഷ്ഠരോഗത്തെക്കുറിച്ചുള്ള ബോധവത്കരണം, പ്രാഥമിക പരിശോധന, രോഗബാധിതര്‍ക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവ ലഭ്യമാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. രണ്ടു വയസ്സിനു മുകളിലുള്ളവരിലാണ് പരിശോധന നടത്തുക.
ജില്ലയിലെ 9,81,657 വീടുകളിലും ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച വളന്റിയര്‍മാര്‍ സന്ദര്‍ശിക്കും. അന്തർസംസ്ഥാന തൊഴിലാളികളുടെ 381 സ്ഥലങ്ങളിലും പരിശോധന സംഘടിപ്പിക്കും. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം എറണാകുളം ജില്ലയിൽ കുഷ്ഠരോഗത്തിന് ചികിത്സയിലുള്ളത് 29 പേരാണ്. ഇതിൽ 15 പേരും മറ്റു സംസ്ഥാനക്കാരാണ്. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ശിവപ്രസാദ്, അഡിഷനല്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍, ഡോ. കെ.ആര്. രാജന് വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
തെറ്റിദ്ധാരണകൾ ഒട്ടേറെ
കുഷ്ഠരോഗത്തെക്കുറിച്ച് നമുക്കിടയിൽ തെറ്റിദ്ധാരണകൾ ഏറെയുണ്ട്. കുഷ്ഠരോഗം സ്പർശനത്തിലൂടെ പകരും, രോഗികളെ അകറ്റിനിർത്തണം എന്നിങ്ങനെയാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാൽ, വായുവിലൂടെ പകരുന്ന രോഗമായതിനാൽ തൊടുന്നതിലൂടെ പകരില്ല. പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന രോഗവുമല്ല. തൊലിപ്പുറത്ത് നിറം മങ്ങിയതും ചുവന്നതുമായ പാടുകളില്‍ സ്പര്‍ശനം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കല്‍, പരിധീയ നാഡികളില്‍ തൊട്ടാല്‍ വേദന, കൈകാല്‍ മരവിപ്പ് എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍.
ശരീരത്തിലെ ചെറിയ അസ്വാഭാവിക വെള്ളപ്പാടുകൾപോലും ചിലപ്പോൾ കുഷ്ഠരോഗത്തിലേക്കു നയിച്ചേക്കാം. എന്നാൽ, നേരത്തേ കണ്ടെത്തി ചികിത്സ തേടിയാൽ പൂർണമായും ഭേദമാക്കാനുമാവും. രോഗത്തിന്റെ ഇൻകുബേഷൻ പിരീഡ് രണ്ടുമുതൽ അഞ്ച് വർഷം വരെയാണ്.
അതായത്, രോഗകാരിയായ മൈക്രോബാക്ടീരിയം ലെപ്രേ ശരീരത്തിൽ കയറിയാലും പെട്ടെന്നൊന്നും രോഗം തിരിച്ചറിഞ്ഞേക്കില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ കുഷ്ഠരോഗ ചികിത്സ സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

