Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉയരം കൂടിയ വ്യക്തികളില്‍ അർബുദ സാധ്യത കൂടുതലോ!

text_fields
bookmark_border
hight
cancel

അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിക്കുന്ന അവസ്ഥയാണ് അർബുദം. ശരീരത്തിലെ ഏത് അവയവത്തെയും കാൻസർ ബാധിച്ചേക്കാം. കാര്യക്ഷമമായവിധം ചികിത്സിച്ചാൽ ഒരളവുവരെ മാറ്റാമെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിക്കുന്നു. എന്നാൽ ഉയരവും അർബുദവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉയരം കൂടുതലുള്ള വ്യക്തികള്‍ക്കാണ് അർബുദ സാധ്യത കൂടുതലെന്ന് പുതിയ പഠനം. ഉയരമുള്ളവരില്‍ ആന്തരിക അവയവങ്ങള്‍ക്ക് വലുപ്പം കൂടുതലായിരിക്കും. കോശങ്ങളുടെ എണ്ണം കൂടുതലും. ഇത് അർബുദ കോശങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.

ഉയരം കൂടിയവർക്ക് ആറ് തരം കാൻസറുകൾ വരാനുളള സാധ്യത കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. പാന്‍ക്രിയാറ്റിക്‌ അര്‍ബുദം, വന്‍കുടലിനെ ബാധിക്കുന്ന അര്‍ബുദം, എന്‍ഡോമെട്രിയല്‍ അര്‍ബുദം, അണ്ഡാശയ അര്‍ബുദം, പ്രോസ്‌റ്റേറ്റ്‌ അര്‍ബുദം, വൃക്കകളെയും സ്‌തനങ്ങളെയും ബാധിക്കുന്ന അര്‍ബുദം, ചര്‍മാര്‍ബുദം എന്നിവയുടെ സാധ്യതകളാണ്‌ കൂടുതൽ. കുട്ടിക്കാലത്തെ പോഷണം, ആരോഗ്യം, ജനിതകപരമായ പ്രത്യേകതകള്‍ എന്നിവയാണ്‌ ഉയരത്തെ പലപ്പോഴും സ്വാധീനിക്കുന്ന ഘടകങ്ങള്‍. കോശങ്ങളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഈ ഘടകങ്ങള്‍ തന്നെ അര്‍ബുദ കോശങ്ങളുടെയും അനിയന്ത്രിത വളര്‍ച്ചക്ക്‌ കാരണമാകാം.

ഉയരം കൂടുന്നതിനുള്ള ഹോര്‍മോണുകളും ശാരീരികമായ പ്രത്യേകതകളും കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഉയരം കുറഞ്ഞ ആളുകൾക്ക് പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കുറവാണ്. ശരാശരി ഉയരമുള്ള സ്ത്രീകളില്‍ 500പേരില്‍ 50 പേര്‍ക്ക് കാന്‍സര്‍ പിടിപെടുകയാണെങ്കില്‍ ഉയരം കൂടുതല്‍ ഉള്ളവരില്‍ 500ല്‍ 60പേര്‍ കാന്‍സര്‍ ബാധിതരാകുമെന്നാണ് കണ്ടെത്തല്‍. സ്ത്രീകളിൽ 18 ശതമാനവും പുരുഷന്മാരിൽ 11ശതമാനവും രോഗസാധ്യത കൂടുന്നു. ഉയരം കൂടുതലുള്ള സ്ത്രീകളിൽ സ്തനാർബുദ സാധ്യത 20 ശതമാനം കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. ഉയരം കൂടുന്നവരില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ, ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം എന്നിവക്ക് സാധ്യതയുണ്ട് എന്ന് മുന്‍കാലങ്ങളില്‍ ഗവേഷകര്‍ കണ്ടെത്തിരുന്നു.

ഉയരം കൂടുതലുള്ള എല്ലാവരും അർബുദരോഗികൾ ആകണമെന്നില്ല. നേരത്തേ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗമാണ് കാൻസർ. നൂറിലധികം തരത്തിലുള്ള അർബുദങ്ങൾ ഉണ്ട്. അവ തമ്മിൽ ലക്ഷണങ്ങളിൽ ഏറെ വ്യത്യാസങ്ങളും വൈവിധ്യങ്ങളുമുണ്ട്. എന്നാൽ ചിലയിനം കാൻസറുകൾ പ്രാരംഭഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. അതുകൊണ്ടുതന്നെ രോഗനിർണയം പ്രയാസമാകും. രോഗം വളരെ വേഗത്തിൽ വ്യാപിക്കുകയും ചെയ്യും. കുടലിലെ അർബുദം, പാൻക്രിയാറ്റിക് കാൻസർ, അണ്ഡാശയ അർബുദം തുടങ്ങിയവ ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങള്‍ കണ്ടെത്താൻ പ്രയാസമായ മൂന്നു കാൻസറുകളാണ്. കൃത്യമായ ഇടവേളകളിൽ കൃത്യമായി വൈദ്യപരിശോധനകൾ നടത്തിയാൽ ഇതിന്‍റെ സാധ്യതകൾ മനസിലാക്കി ചികിത്സിക്കാവുന്നതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Are taller people at a higher risk of developing cancer?
Next Story