സ്വാദിഷ്ടമാണ്, പക്ഷേ കുട്ടികളിൽ പൊണ്ണത്തടി വരും; ഫ്രഞ്ച് ഫ്രൈസ് പുകവലിയേക്കാൾ അപകടകാരിയോ?
text_fieldsന്യൂഡൽഹി: കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളിലൊന്നാണ് ഫ്രഞ്ച് ഫ്രൈസ്. വീട്ടിൽ ഉണ്ടാക്കാനുള്ള മടിയും പ്രയാസവും കാരണം ഇത് ഫാസ്റ്റ് ഫുഡ് കടകളിൽ നിന്ന് മാതാപിതാക്കൾ യഥേഷ്ടം വാങ്ങിക്കൊടുക്കുകയും ചെയ്യും. എന്നാൽ, ഇതിനെതിരെ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ഗുരുഗ്രാമിലെ സർജിക്കൽ ഓങ്കോളജിസ്റ്റായ ഡോ. വർതിക വിശ്വാനി. ഇത്തരം ഫാസ്റ്റ് ഫുഡ് പലഹാരങ്ങൾ പുകവലിയേക്കാൾ അപകടകരമാണെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഡോ. വർതിക വിശ്വാനി വ്യക്തമാക്കുന്നു."ഒരു ഓങ്കോളജിസ്റ്റ് അമ്മ എന്ന നിലയിൽ, ഇതുവരെ ഞാൻ എന്റെ കുട്ടിക്ക് നൽകിയിട്ടില്ലാത്ത ഒരു ഭക്ഷണമാണിത്. ഫ്രഞ്ച് ഫ്രൈസ് എത്രത്തോളം അപകടകരമാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും," ഡോ. വിശ്വാനി മുന്നറിയിപ്പ് നൽകി.
എണ്ണയിലെ അപകടം
പ്രധാന അപകടം ഉരുളക്കിഴങ്ങിലല്ല, മറിച്ച് വാണിജ്യ അടുക്കളകളിൽ അവ പാകം ചെയ്യുന്ന രീതിയിലാണെന്നും ഡോക്ടർ പറയുന്നു. ലാഭം വർധിപ്പിക്കുന്നതിനായി ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകൾ വറുക്കാൻ ഉപയോഗിക്കുന്ന എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നു. ഇത് എണ്ണയുടെ രാസഘടനയെ സാരമായി മാറ്റുന്നുവെന്ന് അവർ പറഞ്ഞു. ചൂടാക്കുമ്പോഴെല്ലാം, എണ്ണയിലെ ട്രാൻസ് ഫാറ്റുകളും വിഷാംശമുള്ള സംയുക്തങ്ങളും വർധിക്കുമെന്നും ഡോ. വിശ്വാനി വിശദീകരിച്ചു.
ഇതൊരു പോഷകാഹാരക്കുറവിന്റെ പ്രശ്നം മാത്രമല്ലെന്നും കോശങ്ങൾക്ക് നാശമുണ്ടാക്കുന്ന ഒന്നാണെന്നും അവർ പറഞ്ഞു: "വീണ്ടും ചൂടാക്കിയ എണ്ണയിൽ നിന്ന് രൂപപ്പെടുന്ന ചില ഹാനികരമായ സംയുക്തങ്ങൾ വളരെ വിഷാംശമുള്ളവയാണ്, അവ ശരീരത്തിൽ ഇൻഫ്ലമേഷൻ (inflammation) വർധിപ്പിക്കും," അവർ ചൂണ്ടിക്കാട്ടി.
സോഡിയവും കുട്ടികളിലെ അമിതവണ്ണവും
ഫാസ്റ്റ് ഫുഡ് ഫ്രൈകളിൽ അമിതമായ അളവിൽ സോഡിയവും പോഷകഗുണമില്ലാത്ത കലോറികളും അടങ്ങിയിട്ടുണ്ടെന്നും അവർ പറഞ്ഞു. "ഫാസ്റ്റ് ഫുഡ് ഫ്രൈകളിൽ ഉപ്പിന്റെ അംശം വളരെ കൂടുതലാണ്. അതിനാൽ ഇവ കൂടുതലായി കഴിക്കുകയാണെങ്കിൽ, ഭാവിയിൽ രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്." ഫ്രഞ്ച് ഫ്രൈസിന്റെ രുചി കുട്ടികളെ അമിതമായി കഴിപ്പിക്കാൻ പ്രേരിപ്പിക്കുന്നു, ഇത് ആഗോളതലത്തിൽ കുട്ടികളിലെ അമിതവണ്ണ പ്രതിസന്ധിക്ക് പ്രധാന കാരണമാകുന്നുവെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. രുചി ഇഷ്ടപ്പെടുന്നതുകൊണ്ട് കുട്ടികൾ ഫ്രൈസ് അമിതമായി കഴിക്കുന്നത് അപകടത്തിന്റെ തോത് വർധിപ്പിക്കുന്നു. ഡോ. വിശ്വാനി കൂട്ടിച്ചേർത്തു, "അമിതവണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണ്, അതിന് ഫ്രഞ്ച് ഫ്രൈസ് ഒരു പ്രധാന കാരണമാണ്."
മാതാപിതാക്കളോട്
പുറത്തുപോകുമ്പോൾ കുട്ടികൾക്കായി മാതാപിതാക്കൾ ആദ്യം ഓർഡർ ചെയ്യുന്നത് ഫ്രഞ്ച് ഫ്രൈസ് ആയിരിക്കും. എല്ലാ ഫ്രഞ്ച് ഫ്രൈസും ഒരുപോലെയല്ല. വീട്ടിൽ ഉണ്ടാക്കുമ്പോൾ അതിൽ അപകടമില്ല. പക്ഷേ, റെസ്റ്റോറന്റുകളിൽ നിന്നും ഫാസ്റ്റ് ഫുഡ് കടകളിൽ നിന്നും ലഭിക്കുന്നവയുടെ കാര്യത്തിൽ പുനർചിന്തനം നടത്തണമെന്ന് ഡോ. വിശ്വാനി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

