Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഇ-സിഗരറ്റ് അപകടകാരിയോ?

ഇ-സിഗരറ്റ് അപകടകാരിയോ?

text_fields
bookmark_border
ഇ-സിഗരറ്റ് അപകടകാരിയോ?
cancel

ഹൃദയാഘാതം, ശ്വാസകോശ അർബുദം, വിട്ടുമാറാത്ത ശ്വാസകോശ ക്ഷതം, കാലുകളിലേക്കുള്ള രക്തക്കുഴലുകളിലെ തടസ്സങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പുകവലി കാരണമാകുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, ഇ-സിഗരറ്റുകൾ അഥവാ ഇലക്ട്രോണിക് സിഗരറ്റുകളുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അറിയാവുന്നവർ കുറവാണ്. ഇതു ദോഷകരമല്ലെന്നാണ് പൊതുവെയുള്ള കരുതൽ. ജലബാഷ്പം മാത്രമാണ് തങ്ങൾ ഉള്ളിലേക്കെടുക്കുന്നത് എന്നാണ് ഉപയോഗിക്കുന്നവരും ചിന്തിക്കുന്നത്. ലോകാരോഗ്യസംഘടന വരെ ഇ-സിഗരറ്റ് പോലെയുള്ള വേപ്പിങ് (vaping) വസ്തുക്കളുടെ ഉപയോഗം അത്യന്തം അപകടകരമാണെന്ന് വ്യക്തമാക്കിയിരുന്നു. നിക്കോട്ടിൻ ലിക്വിഡ് അടങ്ങിയതാണ് ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍.

പുകയില സിഗരറ്റിൽ നിന്നും വ്യത്യസ്തമായി ഇ-സിഗരറ്റുകളിൽ ടാറും മറ്റു രാസ സംയുക്തങ്ങളും ഇല്ലെന്നും പുകവലിക്കാരനെ പുകവലി ഉപേക്ഷിക്കാൻ സഹായിക്കുമെന്നും ചിലരെങ്കിലും തെറ്റായി കരുതുന്നു. ഇ-സിഗരറ്റിൽ ഒരു ലിക്വിഡ് കാട്രിഡ്ജ് അടങ്ങിയിരിക്കുന്നു. അതിൽ ഉയർന്ന അളവിൽ നിക്കോട്ടിനോടൊപ്പം പ്രൊപിലീൻ ഗ്ലൈക്കോളും ഗ്ലിസറിനും അടങ്ങിയിരിക്കുന്നു. നിക്കോട്ടിൻ രക്തസമ്മർദത്തിന്‍റെ അളവ് വർധിപ്പിക്കുകയും നല്ല കൊളസ്ട്രോൾ കുറക്കുകയും ബ്ലോക്കുകൾക്കും ഹൃദയാഘാതത്തിനും കാരണമാവുകയും ചെയ്യുന്നു. ചില ഇ-സിഗരറ്റുകളിൽ കഞ്ചാവും മറ്റ് മരുന്നുകളും അടങ്ങിയിട്ടുണ്ട്.

യുവാക്കളെ ആകർഷിക്കാനായി ഇ-ലിക്വിഡ് ഫ്രൂട്ട് ഫ്ലേവർ ചെയ്യും. പുകയിലക്കു പകരം സുരക്ഷിതമായ ഒന്ന് എന്ന നിലക്കാണ് പലരും ഇ-സിഗരറ്റിനെ ആശ്രയിക്കുന്നത്. ഇ-സിഗരറ്റ് ഉപകരണത്തിൽ സെൻസർ, മൈക്രോപ്രൊസസർ, ബാറ്ററി എന്നിവയും അടങ്ങിയിരിക്കുന്നു. ശ്വസിക്കുമ്പോൾ, സെൻസർ സജീവമാക്കുകയും ഉപകരണത്തിനുള്ളിൽ കോയിലുകൾ ചൂടാക്കി ദ്രാവകത്തെ ബാഷ്പീകരിക്കുകയും ചെയ്യുന്നു. നീരാവി പിന്നീട് വായിൽ എത്തി എയ്റോസോളുകളായി(സൂക്ഷ്മകണികകൾ) ഘനീഭവിക്കുന്നു. ദ്രാവകം ചൂടാക്കുന്നത് ഫോർമാൽഡിഹൈഡ്, അസറ്റാൽഡിഹൈഡ്, അക്രോലിൻ എന്നിവക്കൊപ്പം രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും രക്തക്കുഴലുകൾക്കുള്ളിൽ കട്ടപിടിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ബ്ലോക്കുകളുടെയും ഹൃദയാഘാതത്തിന്‍റെയും സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ദ്രാവകത്തിലെ നിക്കോട്ടിൻ പുകവലിയിലെ അതേ ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നു.

ഇ-സിഗരറ്റുകൾ പുകവലിയേക്കാൾ ചെറിയ കണങ്ങൾ സൃഷ്ടിക്കുന്നു, അത് ശ്വാസകോശത്തിലേക്കും ശ്വാസകോശത്തിലെ രക്തക്കുഴലുകളിലേക്കും ആഴത്തിൽ തുളച്ചുകയറുന്നു. ഇ-സിഗരറ്റ് ഉപയോഗിക്കുന്ന യുവാക്കളിൽ ശ്വാസകോശത്തിന്‍റെ പ്രവർത്തനം കുറയുന്നതായി പഠനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ, ഇ-സിഗരറ്റ് എയറോസോളുകളുമായുള്ള സമ്പർക്കം ശ്വാസകോശ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

2019ൽ ഇ-സിഗരറ്റ് ഗുരുതരമായി ശ്വാസകോശത്തിന് പരിക്കേൽപിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെ ഇ-സിഗരറ്റ് അല്ലെങ്കിൽ വാപ്പിങ് ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട ശ്വാസകോശ പരിക്ക് (ഇ.എ.വി.എൽ) എന്നു വിളിക്കുന്നു. ഇ-സിഗരറ്റ് ഉപയോഗിക്കുന്ന യുവാക്കളിൽ 3000ത്തോളം ശ്വാസകോശ സംബന്ധമായ തകരാറുകളും പല കേസുകളിലും മരണംപോലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇ-സിഗരറ്റിൽ ഉപയോഗിക്കുന്ന ലിക്വിഡിലെ അഡിറ്റീവുകൾ ശ്വാസകോശ തകരാറിന് കാരണമാകുമെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അതിനാൽ ഇത് സാധാരണ സിഗരറ്റുകളെപ്പോലെ തന്നെ ദോഷകരമാണെന്ന് മാത്രമല്ല, ചില സന്ദർഭങ്ങളിൽ അതിനേക്കാൾ അപകടകാരിയാണെന്നും പറയാം.

സാധാരണ സിഗരറ്റിന് പകരമായി ഇതു ശിപാർശ ചെയ്യാൻ കഴിയില്ല, പ്രത്യേകിച്ച് പുകവലി ഉപേക്ഷിക്കാൻ. ആദ്യ കാലത്ത് ഇവക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്നു കരുതിയിരുന്നുവെങ്കിലും പുതിയ പഠനങ്ങൾ പറയുന്നത് സിഗരറ്റ് ഉപയോഗിക്കുന്ന വ്യക്തികൾക്ക് ഉള്ളതുപോലെ ശാരീരിക- മാനസികാരോഗ്യ പ്രശ്നങ്ങൾ ഇ-സിഗരറ്റ് മൂലവും ഉണ്ടാകാം എന്നു തന്നെയാണ്. 80 ലക്ഷം ആളുകളാണ് ഒരു വർഷം പുകയിലയുടെ ഉപയോഗം വഴി ലോകത്താകമാനം മരണമടയുന്നത് എന്നാണ് കണക്കുകള്‍. അതുകൊണ്ടുതന്നെ ഇ-സിഗരറ്റ് ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

(മുത്തീന ആസ്റ്റർ ക്ലിനിക് സ്പെഷലിസ്റ്റ് കാർഡിയോളജിസ്റ്റാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e-cigarettes danger
News Summary - Are e-cigarettes dangerous?
Next Story