അമീബിക്ക് മസ്തിഷ്‌ക ജ്വരം: പ്രതിരോധ നടപടികൾക്ക് പുതുക്കിയ മാർഗരേഖ
text_fieldsഅമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രതിരോധിക്കാനായി പുതുക്കിയ മാർഗരേഖ പുറത്തിറക്കി. രോഗ പ്രതിരോധം, രോഗ നിർണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയത്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍ കൂടുതലായ സാഹചര്യത്തിലാണ് ഈ തീരുമാനം. ലോകത്ത് 60 മുതല്‍ 70 ശതമാനം വരെയുള്ള മസ്തിഷ്‌കജ്വരം കേസുകളിലും രോഗ സ്ഥിരീകരണം ഉണ്ടാകാറില്ല.
വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് ഇപ്പോഴും അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2024ൽ 38 കേസുകളും എട്ട് മരണവും 2025ൽ 12 കേസുകളും അഞ്ച് മരണവും ഉണ്ടായിട്ടുണ്ട്. വിവിധ ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്.
അമീബിക്ക് മസ്തിഷ്‌ക ജ്വരം കണ്ടെത്താനുള്ള പി.സി.ആർ പരിശോധന പി.എ.ച്ച് ലാബിൽ ആരംഭിച്ചിട്ടുണ്ട്. എല്ലാ വർഷവും വേനൽക്കാലത്തിന് തൊട്ട് മുമ്പേ മുതൽ അവബോധം ശക്തമാക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിലേയും കോഴിക്കോട് മെഡിക്കൽ കോളജിലേയും മൈക്രോബയോളജി വിഭാഗങ്ങളെ അമീബിക് മസ്തിഷ്‌ക ജ്വരം രോഗനിർണയത്തിനായുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു.
97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധയുണ്ടായാല്‍ ഒന്നുമുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.
പ്രതിരോധ മാര്‍ഗങ്ങള്‍
- കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം.
- വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
- സ്വിമ്മിങ് പൂളുകളില്‍ നീന്തുന്നവരും നീന്തല്‍ പഠിക്കുന്നവരും മൂക്കില്‍ വെള്ളം കടക്കാതിരിക്കാന്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്കില്‍ വെള്ളം കയറാത്ത രീതിയില്‍ തല ഉയര്‍ത്തിപ്പിടിക്കുകയോ ചെയ്യുക.
- നിലവിലെ സാഹചര്യത്തില്‍ കുളങ്ങള്‍ പോലുള്ള ജലസ്രോതസ്സുകളില്‍ കുളിക്കരുത്.
- മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂർണമായും ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

