അമീബിക് മസ്തിഷ്ക ജ്വരം: മരണക്കണക്കിലും ഒളിച്ചുകളി, രണ്ടെന്ന് ആരോഗ്യവകുപ്പ്, ആറെന്ന് മെഡിക്കൽ കോളജ്; സ്ഥിരീകരിക്കാതെ 14 പേർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മരണങ്ങള് വര്‍ധിക്കുന്നതിനിടെ കൃത്യമായ കണക്കുപോലും പുറത്തുവിടാതെ ആരോഗ്യവകുപ്പ്. ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ആറുപേര്‍ മരിച്ചെങ്കിലും രണ്ടുപേരുടെ മരണം മാത്രമാണ് ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
അതേസമയം, സമാനലക്ഷണങ്ങളുമായി മരിച്ചവരുടെ പട്ടികയിൽ 14 പേരുണ്ട്. ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കണമെങ്കിൽ മെഡിക്കൽ രേഖകളും രോഗം ബാധിക്കാനിടയായ രോഗിയുടെ ജീവിത സാഹചര്യവും, ബന്ധുക്കളുടെ മൊഴികളും അടക്കം ശേഖരിക്കുന്ന ‘വെർബൽ ഓട്ടോപ്സി’ കൂടി നടത്തണം. അതിന് ശേഷമെ രോഗ സ്ഥിരീകരണത്തിലേക്ക് സമാനലക്ഷണങ്ങളുമായി മരിച്ചവർ ഉൾപ്പെടൂ എന്നാണ് ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ വര്‍ഷം ഈ രോഗം ബാധിച്ച് 38 പേര് ഗുരുതരാവസ്ഥയിലാകുകയും എട്ടുപേര്‍ മരിക്കുകയും ചെയ്തെങ്കില്‍ കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ആറുപേര്‍ മരിക്കുകയും 34 പേര് രോഗബാധിതരാകുകയും ചെയ്തു. ഒരു മാസത്തിനിടെ അമീബിക് മസിഷ്ക ജ്വരം ബാധിച്ച് ആറു പേര് മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്.
എന്നാല്‍, ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കില്‍ ഈവര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്.18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 34 പേര്‍ക്ക് രോഗം സംശയിക്കുന്നതായുമാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് ആശങ്ക പടര്‍ത്തുന്നതിനിടെ മരണവും രോഗബാധിതരുമായി ബന്ധപ്പെട്ട കണക്കുകളിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ പോലും ആരോഗ്യ വകുപ്പ് മുന്‍കൈയെടുക്കുന്നില്ലെന്ന പരാതിയാണ് വ്യാപകമാകുന്നത്. രോഗം പടരുന്നതിനിടെ സ്ഥിതിഗതി ആരോഗ്യ വകുപ്പ് ഗൗരവമായി എടുക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.
അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച് നിയമസഭ സമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍, വിദഗ്ധരുമായി ചേര്‍ന്ന് ഉന്നതതല അവലോകന യോഗം കൂടിയിട്ടുണ്ടെന്നും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്നും പരിഭ്രാന്തരാകേണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ മറുപടി. രോഗലക്ഷണം കണ്ടാല്‍ ചികിത്സ തേടണമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. 2016ൽ ആലപ്പുഴയിലാണ് മാരകരോഗം കണ്ടെത്തിയത്. അതിനുശേഷം കേസുകള്‍ അപൂർവമായിരുന്നെങ്കിലും സമീപകാലത്ത് മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ കൂടുതല്‍ രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗം ബാധിച്ച മിക്കവാറും ആളുകള്‍ മലിനമായ കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവരാണ്.
അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച് പത്തുവര്‍ഷമായിട്ടും മാരകരോഗത്തെ ഗൗരവമായി കാണാതെ പോകുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

