അമീബിക് മസ്തിഷ്‌ക ജ്വരം: രോഗ നിർണയത്തിൽ സുപ്രധാന ചുവടുവെപ്പുമായി ആരോഗ്യ വകുപ്പ്
text_fieldsഅമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാർ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രതിരോധത്തിനായി സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ മനുഷ്യരിൽ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന അഞ്ച് തരം അമീബകളെ (Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae) കണ്ടെത്താനുള്ള പി.സി.ആർ ലാബ് സജ്ജമാക്കിയിരുന്നു. ഇതിലാണ് അക്കാന്തമീബ (Acanthamoeba) എന്ന അമീബയെ കണ്ടെത്തിയതും സ്ഥീരികരിച്ചതും.
നേരത്തെ പി.ജി.ഐ ചണ്ഡിഗഢിലായിരുന്നു അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമാകും. അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 23 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും സമയബന്ധിതമായ മികച്ച ചികിത്സയിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായത്.
അമീബയെ പ്രതിരോധിക്കാനായി ഏകാരോഗ്യത്തിൽ (വൺ ഹെൽത്ത്) അധിഷ്ഠിതമായി ആക്ഷൻ പ്ലാൻ സംസ്ഥാനം പുതുക്കിയിരുന്നു. രോഗ പ്രതിരോധം, രോഗ നിർണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയത്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിർണയിക്കാനുള്ള പരിശോധന കൂടി നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളജിലേയും കോഴിക്കോട് മെഡിക്കൽ കോളജിലേയും മൈക്രോബയോളജി വിഭാഗങ്ങളെ കൂടി അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ രോഗനിർണയത്തിനായുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.