അമീബിക് മസ്തിഷ്കജ്വരം
text_fieldsകണ്ണൂർ: അമീബിക് മസ്തിഷ്ക ജ്വരം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതനിർദേശവുമായി ആരോഗ്യവകുപ്പ്. ജില്ലയിൽ കഴിഞ്ഞവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വിദ്യാർഥിനി മരിക്കുകയും കഴിഞ്ഞമാസം വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യവുമുണ്ടായിരുന്നു.
സമീപ ജില്ലകളിൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോഗ്യകരമായ ശീലങ്ങൾ പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് അറിയിച്ചു. കുളിക്കാനുപയോഗിക്കുന്ന കിണർ വെള്ളം നിർബന്ധമായും ക്ലോറിനേറ്റ് ചെയ്യണം.
വെള്ളത്തിലെ അമീബയെ നശിപ്പിക്കാൻ ക്ലോറിനേഷൻ ഫലപ്രദമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം. നിലവിൽ റിപ്പോർട്ട് ചെയ്ത അമീബിക് മസ്തിഷ്ക ജ്വര കേസുകളിൽ പ്രധാനമായും മൂക്കിലൂടെയാണ് അമീബ തലച്ചോറിലേക്ക് പ്രവേശിച്ചിട്ടുള്ളത് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാലാണ് കെട്ടിക്കിടക്കുന്ന വെള്ളത്തിലെ മുങ്ങിക്കുളിയും ഡൈവ് ചെയ്യുന്നതും ഒഴിവാക്കാൻ നിർദേശിച്ചിട്ടുള്ളത്.
അതോടൊപ്പം ജില്ലയിൽ മസ്തിഷ്ക ജ്വര ലക്ഷണവുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യാൻ ജില്ലയിലെ ആശുപത്രികൾക്ക് ഡി.എം.ഒ നിർദേശം നൽകി. ജില്ലയിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ല. ആരോഗ്യ കരമായ ശീലം പാലിക്കുന്നതിലൂടെ പൂർണമായും ഈ രോഗത്തെ അകറ്റി നിർത്താനാവുന്നതാണ്. കുട്ടികൾ കുളിക്കാൻ പോകുന്നതും നീന്തൽ പഠിക്കുന്നതുമായ നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം. ക്ലോറിനേഷൻ ചെയ്യാത്ത നീന്തൽ കുളങ്ങളിൽ ഒരു കാരണവശാലും കുളിക്കരുതെന്ന് ഡി.എം.ഒ അറിയിച്ചു.
ഏറെ അപകടകാരി
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്.
മൂക്കിനേയും മസ്തിഷ്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല.
രോഗാണുബാധ ഉണ്ടായാൽ അഞ്ച് മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

