കോവിഡ് വാക്സിനേഷനിൽ ജില്ല പിന്നിൽ
text_fieldsആലപ്പുഴ: കോവിഡ് പ്രതിരോധ വാക്സിൻ എല്ലാ വിഭാഗം ജനങ്ങളിലുമെത്തിക്കുന്നതിൽ ജില്ല വളരെ പിന്നിൽ.
18.29 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകാൻ ലക്ഷ്യമിട്ട സ്ഥാനത്ത് 17.39 ലക്ഷം പേർക്ക് മാത്രമാണ് നൽകാനായത്. 90,942 പേർ വാക്സിൻ സ്വീകരിക്കാനുണ്ട്. ഇവരെ കണ്ടെത്തി വാക്സിൻ നൽകുന്നതിലാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വീഴ്ച.
ഇടുക്കി, എറണാകുളം, കണ്ണൂർ, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, വയനാട് ജില്ലകളിൽ നൂറുശതമാനം പേർക്കും വാക്സിൻ നൽകി. മറ്റ് ജില്ലകളിൽ നൂറുശതമാനത്തിനടുത്താണ് വാക്സിനേഷൻ.
വിവിധ കാരണങ്ങളാൽ പ്രതിരോധ കുത്തിവെപ്പെടുക്കാതെ മാറിനിൽക്കുന്നവരെ കണ്ടെത്തി ബോധത്കരണം നടത്താനുള്ള ശ്രമങ്ങൾ തുടക്കത്തിലുണ്ടായിരുന്നു. എന്നാൽ, രോഗതീവ്രത കുറഞ്ഞതോടെ ഇത് നിലക്കുകയായിരുന്നു.
ആശുപത്രികളിൽ പ്രതിരോധക്കുത്തിവെപ്പ് തേടിയെത്തുന്നവർക്കുപോലും കൃത്യമായി നൽകാൻ കഴിയാത്ത സ്ഥിതിയാണ്. നിശ്ചിതയെണ്ണം ആളുകൾ എത്തിയാലേ വാക്സിൻ നൽകാനാകൂ എന്ന നിർദേശമാണ് തിരിച്ചടിയായത്. ഇല്ലെങ്കിൽ ബാക്കിവരുന്ന വാക്സിൻ പാഴാകും.
രണ്ടാം ഡോസ് വാക്സിനേഷനിലും ജില്ലക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. ഇതുവരെ 16.25 ലക്ഷം പേരാണ് (89 ശതമാനം) രണ്ടാം ഡോസ് സ്വീകരിച്ചത്. മൂന്നാമതായി നൽകുന്ന കരുതൽ ഡോസിലും പിന്നിലാണ്. ഇതുവരെ നൽകാനായത് 16 ശതമാനം മാത്രം. കരുതൽ വാക്സിൻ സൗജന്യമാക്കിയിട്ടും എല്ലാവരെയും എത്തിക്കാൻ ശ്രമം നടക്കുന്നില്ല.
കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും മരണം സംഭവിക്കുന്നുണ്ട്. മാസം ഏഴുവീതം മരണമാണ് ഇപ്പോഴത്തെ ശരാശരി.
വാക്സിനേഷൻ: മുന്നിൽ കുട്ടികൾ
കോവിഡ് പ്രതിരോധവാക്സിൻ സ്വീകരിക്കുന്നതിൽ കുട്ടികളാണ് ജില്ലയിൽ മുന്നിൽ. 12 മുതൽ 14 വരെ വയസ്സുള്ള 43,284 കുട്ടികളെയാണ് ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ, 51,155 കുട്ടികൾ ആദ്യ ഡോസ് സ്വീകരിച്ചു. സംസ്ഥാനത്ത് ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ വാക്സിനെടുത്തത് ആലപ്പുഴയിലാണ്.
15-17 വയസ്സുള്ള 99 ശതമാനം പേരും വാക്സിനെടുത്തു. എന്നാൽ, 18 മുതൽ 44 വരെ വയസ്സുള്ള 90 ശതമാനം പേരേ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളൂ. 45-59 വയസ്സുകാരുടെ വാക്സിനേഷൻ 82 ശതമാനമാണ്. 60 വയസ്സിന് മുകളിൽ മുഴുവൻ പേരും വാക്സിനെടുത്തു.
കോവിഡ് ബാധിച്ചത് 4,00,196 പേർക്ക്
സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് ഏറ്റവും കൂടിയത് ആലപ്പുഴ ജില്ലയിലാണ്. 1.32 ശതമാനം. കണ്ണൂരാണ് രണ്ടാമത്, 1.27 ശതമാനം. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,265 ആണ്. മരിച്ചവരുടെ എണ്ണത്തിൽ എട്ടാം സ്ഥാനത്താണ് ജില്ല. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 4,00,196 പേർക്കാണ്. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്. 374 പേർ ചികിത്സയിലുണ്ട്. കോവിഡ് ബാധിത മരണസംഖ്യയെ ആകെ കോവിഡ് ബാധിതരുടെ എണ്ണംകൊണ്ട് ഹരിച്ചാണ് മരണനിരക്ക് കണക്കാക്കുന്നത്. ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവാണെങ്കിലും മരണനിരക്ക് ഏറ്റവും കൂടുതൽ ജില്ലയിലാണ്. അതായത്, 100 പേർക്ക് കോവിഡ് ബാധിച്ചാൽ മരണസാധ്യത 1.32 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

