ചിറകടിച്ച് ആശങ്ക, ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; രണ്ട് പഞ്ചായത്തിൽ സ്ഥിരീകരിച്ചു
text_fieldsപക്ഷിപ്പനി സ്ഥിരീകരിച്ചതിന് തുടർന്ന് ജില്ലകലക്ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്നയോഗം
ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി. രണ്ടിടത്ത് സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല പഞ്ചായത്തുകളിലെ രണ്ട് ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം പടരുന്നത് തടയാനായി പ്രഭവ കേന്ദ്രങ്ങളുടെ ഒരുകിലോമീറ്റർ ചുറ്റളവിൽ വളർത്തുപക്ഷികളെ കൂട്ടത്തോടെ ബുധനാഴ്ച കൊന്ന് നശിപ്പിക്കും.
ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലെ ഏകദേശം 26,000 ത്തോളം വളർത്തുപക്ഷികളെ കൊന്ന് നശിപ്പിക്കുമെന്നാണ് പ്രാഥമിക കണക്ക്. ഇതിൽ 10,044 പക്ഷികൾ അമ്പലപ്പുഴ നോർത്ത് പരിധിയിലാണ്. അമ്പലപ്പുഴ നോർത്തിലെ വാർഡ് 11ലെ ഫാമിലെ കാടകളിലും കോഴികളിലും ചെന്നിത്തല ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ഫാമിലെ താറാവുകളിലും കോഴികളിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഫാമുകളിൽനിന്നുള്ള സാമ്പിളുകൾ ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ (എൻ.ഐ.എച്ച്.എസ്.എ.ഡി) നടത്തിയ പരിശോധനയിലാണ് പോസിറ്റിവാണെന്ന് തെളിഞ്ഞത്.
പക്ഷികളെ കൊന്നൊടുക്കൽ പ്രവൃത്തി ജില്ല മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ബുധനാഴ്ച നടക്കും. ആറ് ദ്രുതകർമസേന ഇതിനായി രംഗത്തിറങ്ങും. ഒരോ ദ്രുതകർമ്മ സേനയിലും ഒരു ഡോക്ടർ, രണ്ട് ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, രണ്ട് അറ്റൻഡർമാർ എന്നിവരും നാല് തൊഴിലാളികളും ഉണ്ടായിരിക്കും. ഇതിന് പുറമെ, ഗ്രാമപഞ്ചായത്ത് അംഗം, പൊലീസ്, റവന്യൂ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ എന്നിവരുമുണ്ടാകും. രണ്ട് ദ്രുതകർമ്മ സേനയെ റിസർവായും കരുതും. പ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ പരിധി നിരീക്ഷണമേഖലയാണ്. നീണ്ട ഇടവേളക്കുശേഷം പക്ഷിപ്പനി സ്ഥിരീകരിച്ചത് ജില്ല കലക്ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എസ്. ബിജു, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. പി. രാജീവ്, ആരോഗ്യ, പൊലീസ്, തദ്ദേശം, ഭക്ഷ്യസുരക്ഷ, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

