എയിംസ് വരും, ഇല്ലെങ്കിൽ അടുത്ത തവണ വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി
text_fieldsതിരുവനന്തപുരം: കേരളത്തിൽ എയിംസ് വരുമെന്ന് ഉറപ്പുനൽകി വീണ്ടും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് വന്നില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് വരില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എയിംസ് വരുമെന്നത് താൻ നൽകിയ വാക്കാണെന്നും, ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ.പി. നഡ്ഡ ഇക്കാര്യം ഉറപ്പുനൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാനം നിർദേശിക്കേണ്ട അഞ്ച് സ്ഥലങ്ങളുടെ പട്ടിക ഇതുവരെ കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി ആരോപിച്ചു. എയിംസിനായി സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് മുൻഗണനയിലില്ലെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. കേരളം ആരോഗ്യ രംഗത്ത് മികച്ചതാണെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, കേരളം എയിംസ് അർഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി, കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കേരളത്തിന് എന്താണ് അയോഗ്യതയെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. ആരോഗ്യം മെച്ചപ്പെട്ടത് അയോഗ്യതയാണോ എന്നും, ജനസാന്ദ്രതയേറിയ കേരളത്തിലെ സാധാരണക്കാർക്ക് വൻകിട സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
കേരളം എയിംസിന് അർഹമാണെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, വിഷയത്തിൽ ആറാഴ്ചയ്ക്കകം കൃത്യമായ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. കഴിഞ്ഞ 11 വർഷമായി കേരളം എയിംസിനായി കാത്തിരിക്കുകയാണ്. ഇതിനായി കോഴിക്കോട് കിനാലൂരിൽ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടും ഫലമുണ്ടായില്ല. കേരളത്തിന് എയിംസ് നൽകുമെന്ന വാഗ്ദാനം കേന്ദ്രം ആവർത്തിക്കുകയല്ലാതെ അതിനുള്ള നടപടികളൊന്നും ഉണ്ടായില്ല.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഉപരാഷ്ട്രപതി കേരളത്തിന് എയിംസ് എന്ന സ്വപ്നം വൈകാതെ സാക്ഷാത്കരിക്കുമെന്ന് പറഞ്ഞിരുന്നു. കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ആവർത്തിക്കുന്നുണ്ട്. എയിംസ് കേരളത്തിൽ വരണം എന്നാണ് തന്റെ ആഗ്രഹമെന്നും യോഗ്യമായ സ്ഥലം തൃശൂർ ആണെന്നും കഴിഞ്ഞദിവസം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ ബി.ജെ.പി എം.പി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ വരില്ലെന്നും, സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, തൃശൂരിൽ എയിംസിന് വേണ്ട ശാന്തമായ അന്തരീക്ഷം ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

