യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിന് പിന്നിലെ കാരണം കോവിഡ് വാക്സിനോ? പഠനങ്ങൾ പറയുന്നത്...
text_fieldsപ്രതീകാത്മക ചിത്രം
ഇന്ത്യയിലെ യുവാക്കളുടെ പെട്ടന്നുള്ള മരണത്തിന് കാരണം കോവിഡ് വാക്സിനല്ലെന്ന് എയിംസിലെ പഠനം. ഒരു വർഷം നീണ്ട് നിന്ന പോസ്റ്റ്മോർട്ടം പഠനത്തിലാണ് യുവാക്കളിലെ പെട്ടന്നുള്ള മരണത്തിനും കോവിഡ് വാക്സിനുമായി ശാസ്ത്രീയ ബന്ധമില്ലെന്ന് കണ്ടെത്തിയത്. കാർഡിവാസ്കുലാർ കാരണമോ മറ്റ് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടോ ആണ് ഇത്തരം മരണങ്ങൾ സംഭവിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഗവേഷണം പൊതുജനത്തെ നയിക്കണമെന്ന് മുഖ്യ ഗവേഷകനായ ഡോ. സുധീർ അരവ പറഞ്ഞു.
ഹൃദയ സംബന്ധമായ അസുഖങ്ങളും മറ്റ് മെഡിക്കൽ കാരണങ്ങളും മൂലമാണ് ഇത്തരം മരണങ്ങൾ വ്യാപകമായി സംഭവിക്കുന്നതെന്നാണ് പഠനം തെളിയിച്ചത്. ഫോറൻസിക് മോർച്ചറിയിൽ നിന്നുള്ള പോസ്റ്റ്‌മോർട്ടം ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിൽ 18 മുതൽ 45 വയസ് പ്രായമുള്ള വ്യക്തികളിലെ പെട്ടെന്നുള്ള മരണം പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്‌നമായി മാറുന്നുവെന്ന് എടുത്തുകാണിക്കുന്നുണ്ട്. പരമ്പരാഗതമായി ഇത്തരം മരണങ്ങൾ ചെറുപ്പക്കാർക്കിടയിൽ അപൂർവമായിരുന്നു.
2,214 പോസ്റ്റ്‌മോർട്ടങ്ങളിലാണ് പഠനം നടത്തിയത്. ഇതിൽ 180 കേസുകളിൽ 8.1 ശതമാനവും സാധാരണ മരണമായിരുന്നു. എന്നാൽ 103 കേസുകളിൽ 57.2 ശതാനവും 18 മുതൽ 45 വയസ്സുള്ളവരായിരുന്നു. 46 മുതൽ 65 വയസ്സുള്ളവരിലെ മരണത്തെ അപേക്ഷിച്ച് യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങൾ കൂടുതലാണ്.
പോസ്റ്റ്മോർട്ടം ചെയ്ത എല്ലാ കേസുകളിലും 4.7 ശതമാനം യുവാക്കൾക്കും പെട്ടെന്നുള്ള മരണമാണ് സംഭവിക്കുന്നത്. പഠനത്തിന്റെ അന്തിമ വിശകലനത്തിൽ 94 യുവാക്കളെയും 68 പ്രായമായ വ്യക്തികളെയുമാണ് ഉൾപ്പെടുത്തിയത്. ഇതിൽ പുരുഷന്മാരുടെ എണ്ണം വളരെയധികം കൂടുതലായിരുന്നു. പുരുഷ-സ്ത്രീ അനുപാതം 4.5:1 ആയിരുന്നു.
യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ഹൃദയ സംബന്ധമായ കാരണങ്ങളാലാണെന്ന് ഗവേഷകർ കണ്ടെത്തിയത്. ഇവരിൽ കണ്ടെത്തിയ ആർട്ടറി രോഗം സാധാരണ രോഗാവസ്ഥയായി ഉയർന്നുവരുന്നതാണ് കണക്കുകൾ കാണിക്കുന്നത്. മരിച്ചവരിൽ മൂന്നിൽ ഒരു ഭാഗം മാത്രമാണ് ഹൃദയ സംബന്ധമായ കാരണങ്ങളാലല്ലാതെ മരണപ്പെടുന്നത്.
എന്നാൽ പ്രായമായവരിൽ കാണപ്പെടുന്നതിൽ നിന്നും വ്യത്യസ്തമാണ് യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിന്റെ രീതി. ഇത്തരം മരണത്തിൽ ആർട്ടിഥ്മജനിക് ഡിസോർഡേഴ്സ്, കാർഡിയോമയോപ്പതികൾ, ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ എന്നിവ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും പഠനം അഭിപ്രായപ്പെട്ടു.
അതേസമയം ജീവിതശൈലി മൂലമുണ്ടാകുന്ന അപകട ഘടകങ്ങൾ രണ്ട് പ്രായക്കാർക്കും പ്രധാനമാണെന്നും പഠനം പറയുന്നുണ്ട്. പെട്ടെന്നുള്ള മരണത്തിന് വിധേയരായ യുവാക്കളിൽ പകുതിയിലധികവും പുകവലിക്കാരും മദ്യം ഉപയോഗിക്കുന്നവരുമായിരുന്നു എന്ന് പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രമേഹം, രക്താതിമർദം തുടങ്ങിയ പരമ്പരാഗത രോഗാവസ്ഥകൾ പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരിൽ കുറവായിരുന്നെങ്കിലും അവയുടെ സാന്നിധ്യം ഗണ്യമായ അനുപാതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എല്ലാ സീസണുകളിലും പെട്ടെന്നുള്ള മരണങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും ശൈത്യകാല മാസത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മരണങ്ങളിൽ ഏകദേശം 40 ശതമാനവും രാത്രിയിലോ അതിരാവിലെയോ ആണ് സംഭവിച്ചത്. മാത്രവുമല്ല പകുതിയിലധികം മരണവും വീടുകളിൽ വെച്ചാണ് സംഭവിച്ചത്.
മരണത്തിന് മുമ്പ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട പൊതുവായ ലക്ഷണം പെട്ടെന്ന് ബോധം നഷ്ടപ്പെടുന്നതാണ്. തുടർന്ന് നെഞ്ചുവേദന, ശ്വാസതടസ്സം, ദഹനനാളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയായിരുന്നു. വിശദമായ പോസ്റ്റ്‌മോർട്ട പരിശോധനകൾ നടത്തിയിട്ടും പെട്ടെന്നുള്ള മരണങ്ങളിൽ മൂന്നിലൊന്ന് ഭാഗവും ഇന്നും വിശദീകരിക്കപ്പെടാതെ തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

