എക്സ്റേയിലെ സൂക്ഷ്മ മാറ്റങ്ങൾ തിരിച്ചറിയും; ക്ഷയരോഗവും ശ്വാസകോശ അർബുദവും കണ്ടെത്താൻ എ ഐ
text_fieldsക്ഷയരോഗവും ശ്വാസകോശ അർബുദവും പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിന് എ ഐ നിർണായക സഹായമാകുമെന്ന് ശ്വാസകോശരോഗ വിദഗ്ധർ. നെഞ്ചിന്റെ എക്സ്-റേ ചിത്രങ്ങൾ എ.ഐ ഉപയോഗിച്ച് വിശകലനം ചെയ്യുന്നതിലൂടെ രോഗസൂചനകൾ നേരത്തേ തിരിച്ചറിയാനും രോഗനിർണയത്തിലെ കാലതാമസം കുറക്കാനും കഴിയുമെന്നാണ് പ്രമുഖ പൾമനോളജിസ്റ് ഡോ. രൺദീപ് ഗുലേറിയ വ്യക്തമാക്കുന്നത്.
ടി.ബി, ശ്വാസകോശ അർബുദം തുടങ്ങിയ രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നത് ചികിത്സയുടെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിൽ പ്രധാനമാണ്. എന്നാൽ, രോഗലക്ഷണങ്ങൾ പ്രകടമായശേഷം മാത്രം പരിശോധന നടത്തുന്നത് പലപ്പോഴും രോഗനിർണയം വൈകാൻ കാരണമാകുന്നു. എ ഐ ഉപയോഗിച്ചുള്ള പരിശോധനാ സംവിധാനങ്ങൾ എക്സ്-റേ ചിത്രങ്ങളിലെ സൂക്ഷ്മമായ മാറ്റങ്ങൾ തിരിച്ചറിയാൻ സഹായിക്കും. ഇതിലൂടെ കൂടുതൽ പരിശോധന ആവശ്യമുള്ളവരെ വേഗത്തിൽ കണ്ടെത്താനും വിദഗ്ധ പരിശോധനക്ക് മുൻഗണന നൽകാനും സാധിക്കും.
നെഞ്ചിന്റെ എക്സ്-റേ ചിത്രങ്ങൾ വിശകലനം ചെയ്ത് ടി.ബി കണ്ടെത്തുന്നതിൽ എ ഐ സംവിധാനങ്ങൾ റേഡിയോളജിസ്റ്റുകളുടെ പ്രവർത്തനത്തിന് സമാനമായ പ്രകടനം കാഴ്ചവെച്ചതായി നേരത്തേ നടന്ന പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, എ ഐയുടെ കണ്ടെത്തലുകൾ മാത്രം അടിസ്ഥാനമാക്കി രോഗനിർണയം നടത്താനാവില്ല. ആവശ്യമായ മറ്റ് പരിശോധനകളും ഡോക്ടറുടെ വിലയിരുത്തലും തുടർന്നും പ്രധാനമാണ്. സാങ്കേതികവിദ്യയുടെ കൃത്യതയും പ്രായോഗിക ഉപയോഗവും ഉറപ്പാക്കുന്നതിനൊപ്പം രോഗികൾക്ക് സമയബന്ധിതമായി തുടർപരിശോധനയും ചികിത്സയും ലഭിക്കുന്നതും നിർണായകമാണ്.

