ആന്ധ്രക്ക് പിന്നാലെ മഹാരാഷ്ട്രയിലും വീണ്ടും കോവിഡ്; പുതിയ തരംഗത്തിന് സാധ്യതയില്ലെങ്കിലും ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ
text_fieldsകോവിഡ്
പുണെ: കഴിഞ്ഞ മൂന്ന് വർഷമായി ശാന്തമായിരുന്ന കോവിഡ്-19 മഹാരാഷ്ട്രയിൽ വീണ്ടും തലപൊക്കുന്നു. പുണെ നഗരത്തിൽ കഴിഞ്ഞ 10 ദിവസത്തിനിടെ കോവിഡ് കേസുകളിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പുതിയൊരു കോവിഡ് തരംഗത്തിന്റെ സൂചനകളില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ർ മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം 2026ൽ ഇതുവരെ മഹാരാഷ്ട്രയിൽ 48 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 2023ന് ശേഷം രാജ്യം കോവിഡിനെ മറന്നുതുടങ്ങിയ ഘട്ടത്തിലാണ് കേസുകൾ സാവധാനം ഉയരുന്നത്. ജനുവരിയിൽ മൂന്ന് കേസുകളും, ഫെബ്രുവരിയിൽ ഒന്നും, ജൂണിൽ 11 കേസുകളും റിപ്പോർട്ട് ചെയ്തപ്പോൾ ജൂലൈ മാസത്തിൽ ഇതുവരെ മാത്രം 21 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.
നിലവിൽ കോവിഡ് സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗം പേരും കൃത്യമായ കോവിഡ് ലക്ഷണങ്ങളോടെ പരിശോധനക്ക് എത്തിയവരല്ല എന്നതാണ് ശ്രദ്ധേയം. മറ്റ് അസുഖങ്ങൾക്ക് ചികിത്സ തേടുമ്പോൾ ഡോക്ടർമാരുടെ നിർദേശപ്രകാരം നടത്തുന്ന പരിശോധനകളിലൂടെയും, ശസ്ത്രക്രിയകൾക്ക് മുന്നോടിയായി നടത്തുന്ന 'പ്രി-ഓപ്പറേറ്റീവ് ഫിറ്റ്നസ്' പരിശോധനകളിലൂടെയുമാണ് പലരിലും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുന്നത്.
ഇൻഫ്ലുവൻസ വൈറസിന് സമാനമായ രീതിയിലാണ് കോവിഡ് ഇപ്പോൾ പടരുന്നതെന്ന് ആരോഗ്യ വിദഗ്ദ്ർ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിലെ പ്രതിരോധശേഷി കുറയുമ്പോഴും പുതിയ വകഭേദങ്ങൾ രൂപപ്പെടുമ്പോഴും ഇത്തരം ചെറിയ രോഗവ്യാപനം സ്വാഭാവികമാണെന്ന് അവർ വ്യക്തമാക്കുന്നു. 2023ന് ശേഷം ആദ്യമായാണ് കോവിഡ് കേസുകളിൽ ഇത്രയും പ്രകടമായ വർധനവ് കാണുന്നതെന്ന് ജഹാംഗീർ ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിദഗ്ദ്ധൻ ഡോ. പിയൂഷ് ചൗധരി പറഞ്ഞു.
നേരിയ ജലദോഷവും ചുമയും ഉള്ള പലരും കോവിഡ് പരിശോധന നടത്താത്തതിനാൽ സമൂഹത്തിൽ യഥാർത്ഥ രോഗബാധിതരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ എത്രയോ മടങ്ങായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഫ്ലുവൻസ പോലെ കോവിഡും ഇനി നമ്മുടെ കൂടെത്തന്നെയുണ്ടാകും. വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുന്നതിനനുസരിച്ച് ഓരോ വർഷവും കേസുകൾ കൂടിയും കുറഞ്ഞുമിരിക്കും. അതുകൊണ്ട് തന്നെ പ്രതിരോധ ശീലങ്ങൾ ആരും കൈവിടരുതെന്നും ഡോക്ടർമാർ ഓർമിപ്പിക്കുന്നു.
നിലവിലെ സാഹചര്യം ഒരു പുതിയ കോവിഡ് തരംഗമല്ലെന്നും കൃത്യമായ ഇടവേളകളിൽ വന്നുപോകുന്ന ഒരു സാധാരണ ശ്വാസകോശ വൈറസ് ബാധ മാത്രമാണിതെന്നും സിംബയോസിസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡോ. സുജാത റെഗെ വ്യക്തമാക്കി. പരിശോധനകൾ വളരെ കുറഞ്ഞതിനാലാണ് കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് കേസുകൾ വാർത്തകളിൽ ഇടംപിടിക്കാതിരുന്നത്.
നിലവിൽ കോവിഡിനൊപ്പം തന്നെ ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, ചിക്കൻഗുനിയ, ടൈഫോയ്ഡ് എന്നിവ ബാധിച്ചുള്ള രോഗികളുടെ എണ്ണവും ആശുപത്രികളിൽ വർധിച്ചുവരികയാണ്. കടുത്ത ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളോ മറ്റ് അനുബന്ധ രോഗങ്ങളോ ഉള്ളവർക്ക് പനി വരുമ്പോൾ മാത്രമാണ് ഇപ്പോൾ കോവിഡ് പരിശോധന നടത്തുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വരും ആഴ്ചകളിലെ രോഗവ്യാപനത്തിന്റെ തോത് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ടെന്ന് പൾമണോളജിസ്റ്റ് ഡോ. ശ്രദ്ധ കുൽക്കർണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

