ഹൃദയത്തിനായി ദിവസവും മാറ്റിവെക്കൂ അരമണിക്കൂർ; എയറോബിക് വ്യായാമത്തിലൂടെ ഹൃദയാഘാതം തടയാം
text_fieldsഇന്ത്യയിൽ ഹൃദയാഘാതവും മറ്റ് ഹൃദ്രോഗങ്ങളും ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീകളിലും യുവാക്കളിലും ഹൃദയാഘാതവും മറ്റ് ഹൃദ്രോഗങ്ങളും കൂടിവരുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഐ.സി.എം.ആർ , ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് (GBD) എന്നിവയുടെ പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ ഹൃദ്രോഗ നിരക്കിലും പ്രമേഹ നിരക്കിലും കേരളമാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. ജീവിത ശൈലിയിൽ വരുന്ന മാറ്റവും ആവശ്യത്തിന് വ്യായാമമില്ലാത്തതുമാണ് ഇതിന് പ്രധാന കാരണം.
എന്നാൽ സൈക്ലിങ്, വേഗത്തിലുള്ള നടത്തം, ഓട്ടം, നീന്തൽ തുടങ്ങിയവയ്ക്കായി ദിവസവും അരമണിക്കൂർ മാറ്റിവെക്കുന്നത് നിങ്ങളുടെ ഹൃദയത്തിന് സുരക്ഷിത കവചമൊരുക്കുമെന്ന് ഡോ. ഷംനാദ് പറയുന്നു. വ്യായാമങ്ങൾ ഹൃദയമിടിപ്പ് കൂട്ടുകയും ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇനി ഹൃദയാഘാതം ഉണ്ടായാൽ തന്നെ മരണനിരക്ക് കുറയ്ക്കാനും എയറോബിക് വ്യായാമങ്ങൾ സഹായിക്കും.
ഹൃദയമിടിപ്പ് ഉയർത്തി ശരീരത്തിലെ വലിയ പേശികൾ തുടർച്ചയായി പ്രവർത്തിക്കുന്ന വ്യായാമങ്ങളെയാണ് പൊതുവെ എയറോബിക് വ്യായാമങ്ങൾ എന്ന് പറയുന്നത്. സൈക്ലിങ്, റണ്ണിങ്, നീന്തൽ, വേഗത്തിലുള്ള നടത്തം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇതിലൂടെ ഹൃദയാഘാതം വരുന്നത് തടയാൻ സാധിക്കും. അതുമാത്രമല്ല, വലിയൊരു ഹൃദയാഘാതം (Major Attack) വന്നാൽ പോലും മരണം തടയാൻ സൈക്ലിങ്ങിനും ഇത്തരം വ്യായാമങ്ങൾക്കും ഉപകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പതിവായുള്ള എയറോബിക് വ്യായാമങ്ങൾ ഹൃദയാഘാതത്തെ തടയുക മാത്രമല്ല, വലിയൊരു ഹൃദയാഘാതം ഉണ്ടായാൽ പോലും മരണം സംഭവിക്കാനുള്ള സാധ്യതയെ കാര്യമായി കുറയ്ക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളിൽ ബ്ലോക്ക് രൂപപ്പെടുന്നത് 90 മുതൽ 95 ശതമാനം വരെ എത്തുന്നതുവരെ ഹൃദയം പലപ്പോഴും തിരിച്ചറിയാറില്ല. ഈ ഘട്ടത്തിൽ പെട്ടെന്ന് പ്ലാക്ക് വന്ന് പൂർണ്ണമായി അടയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതവും വേദനയും അനുഭവപ്പെടുന്നത്. എന്നാൽ വ്യായാമം ചെയ്യാത്ത ഒരാളെ അപേക്ഷിച്ച് പതിവായി വ്യായാമം ചെയ്യുന്ന ഒരാളുടെ ഹൃദയത്തിന് ഒരു പ്രത്യേക സംരക്ഷണ കവചമുണ്ട്.
വ്യായാമം ചെയ്യുമ്പോൾ നെഞ്ചിടിപ്പ് ഉയരുകയും, രക്തയോട്ടത്തിലെ കുറവ് ഹൃദയം തിരിച്ചറിയുകയും ചെയ്യുന്നു. ഉയർന്ന ഹാർട്ട് റേറ്റിനെ പിന്തുണയ്ക്കാനായി ഹൃദയത്തിൽ പുതിയ രക്തക്കുഴലുകൾ സ്വയം രൂപപ്പെടുന്നു. ഈ സമാന്തര രക്തക്കുഴലുകളെയാണ് 'കൊലാറ്ററലുകൾ' (Collaterals) എന്ന് വിളിക്കുന്നത്.
ബ്ലോക്കുള്ള ഒരാൾ പതിവായി വ്യായാമം ചെയ്യുമ്പോൾ, ഈ കൊലാറ്ററലുകൾ തടസ്സമുള്ള രക്തക്കുഴലിന് സമാന്തരമായി രക്തം എത്തിച്ചുകൊണ്ടിരിക്കും. ഇത് പ്രധാന രക്തക്കുഴലിന് പൂർണ്ണ പകരമാവില്ലെങ്കിലും, വലിയൊരു രക്തക്കുഴൽ പൂർണ്ണമായി അടഞ്ഞുപോകുന്ന അടിയന്തര സാഹചര്യത്തിൽ വ്യക്തിയെ ആശുപത്രിയിൽ എത്തിക്കുന്നതുവരെയുള്ള സമയം ജീവൻ നിലനിർത്താൻ ഈ കൊലാറ്ററലുകൾക്ക് സാധിക്കുമെന്ന് ഡോ ഷംനാദ് പറഞ്ഞു. അതുകൊണ്ടുതന്നെ സൈക്ലിങ്, റണ്ണിങ് പോലെയുള്ള ഏതെങ്കിലും ഒരു എയറോബിക് വ്യായാമത്തിനായി ദിവസവും ഒരു അരമണിക്കൂർ മാറ്റിവെക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും, മേജർ കാർഡിയോവാസ്കുലർ സംഭവങ്ങൾ മൂലമുള്ള മരണനിരക്ക് തടയാനും ഏറെ ഫലപ്രദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

