എസി മുറിയിൽ മണിക്കൂറുകളോളം കഴിയുന്നവരാണോ? ഈ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധിക്കണം
text_fieldsവീടുകളിലും ഓഫീസുകളിലും എയർ കണ്ടീഷണറുകളുടെ അമിത ഉപയോഗവും മുറികളിലെ വായുസഞ്ചാരകുറവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഭൂരിഭാഗം ആളുകളും കൂടുതൽ സമയവും ചെലവഴിക്കുന്നത് അടച്ചിട്ട മുറികൾക്കുള്ളിലാണ്. പുറത്തെ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് ആളുകൾ ബോധവാന്മാരാണെങ്കിലും മുറികൾക്കുള്ളിലെ വായുവിന്റെ ഗുണനിലവാരം പലപ്പോഴും അവഗണിക്കാറാണ് പതിവ്.
അടച്ചിട്ട എസി മുറികളിലെ വായുവിൽ പൊടിപടലങ്ങൾ, പൂപ്പൽ, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, സിഗരറ്റ് പുക, വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വാതകങ്ങൾ എന്നിവ വലിയ തോതിൽ അടങ്ങിയിട്ടുണ്ടാകാം. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു.
എസി മുറികളിലിരിക്കുമ്പോൾ വിട്ടുമാറാത്ത ചുമ, തൊണ്ട വരൾച്ച, അസഹ്യമായ തുമ്മൽ, കണ്ണ് ചൊറിച്ചിൽ, തലവേദന, മൂക്കടപ്പ് എന്നിവ അനുഭവപ്പെടുന്നത് ഈ വായു മലിനീകരണത്തിന്റെ ലക്ഷണങ്ങളാണ്. പ്രതിരോധശേഷി കുറഞ്ഞവർ, മുതിർന്ന പൗരന്മാർ, കുട്ടികൾ, ആസ്ത്മയോ മറ്റ് അലർജികളോ ഉള്ളവർ എന്നിവരെയാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത്.
മുറികളിലെ വായുനിലവാരം മെച്ചപ്പെടുത്താൻ ചില പ്രായോഗിക മാർഗ്ഗങ്ങളും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നുണ്ട്. പുറത്തെ അന്തരീക്ഷം അനുയോജ്യമായിരിക്കുന്ന സമയങ്ങളിൽ ജനലുകളും വാതിലുകളും തുറന്നിട്ട് മുറിക്കുള്ളിലേക്ക് ശുദ്ധവായു കടത്തിവിടണം. എസിയുടെ ഫിൽട്ടറുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യുന്നതും വളരെ പ്രധാനമാണ്. കൂടാതെ മുറികൾ അമിതമായി തണുപ്പിക്കുന്നത് ഒഴിവാക്കണമെന്നും, ലക്ഷണങ്ങൾ വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ കൃത്യമായ വൈദ്യസഹായം തേടണമെന്നും ആരോഗ്യ വിദഗ്ദർ ഓർമിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

