അബൂദബിയില്‍ 12 രോഗ രജിസ്ട്രികള്‍ തയാര്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇനി കൂടുതല്‍ ഊര്‍ജിതമാവും
text_fieldsഅബൂദബി: ആരോഗ്യരംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പുമായി എമിറേറ്റില്‍ 12 രോഗ രജിസ്ട്രികള്‍ തയാറാക്കി അധികൃതര്‍. അബൂദബി ആരോഗ്യ വകുപ്പ്, അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ എന്നിവ എം 42 ഗ്രൂപ്പിന്റെ ഭാഗമായ അബൂദബി ഹെല്‍ത്ത് ഡാറ്റാ സര്‍വീസസുമായി സഹകരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
രോഗങ്ങളുടെ വ്യാപനം, നിരക്ക്, ട്രെന്‍ഡുകള്‍, ജനസംഖ്യാപരമായ പരസ്പരബന്ധം എന്നിവ കൃത്യമായി നിരീക്ഷിക്കാനും വിവരങ്ങള്‍ വിശകലനം ചെയ്യാനും ഈ ഡിജിറ്റല്‍ സംവിധാനം സഹായിക്കും. ഇതിലൂടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, കൃത്യസമയത്ത് രോഗനിര്‍ണയം നടത്തുക, നേരത്തെയുള്ള ഇടപെടലുകളിലൂടെ മികച്ച ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
രോഗനിര്‍ണയം, പരിശോധനകള്‍, ചികിത്സകള്‍ എന്നിവയുള്‍പ്പെടെയുള്ള സമഗ്രമായ രോഗി വിവരങ്ങള്‍ ശേഖരിക്കുന്ന സംയോജിത ഡിജിറ്റല്‍ സംവിധാനമാണിത്. അബൂദബിയുടെ ആരോഗ്യ വിവര കൈമാറ്റ പ്ലാറ്റ്ഫോമായ 'മലാഫി'യില്‍ നിന്നുള്ള വിവരങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് പൂര്‍ണമായും ഓട്ടോമേറ്റഡ് രീതിയില്‍ ഈ രജിസ്ട്രികള്‍ പ്രവര്‍ത്തിക്കുക. മാനസികാരോഗ്യം, അമിതവണ്ണം, പ്രമേഹം, കാന്‍സര്‍, സ്‌ക്രീനിംഗുകള്‍, ഹൃദ്രോഗങ്ങള്‍, വിട്ടുമാറാത്ത വൃക്കരോഗം, വിട്ടുമാറാത്ത ശ്വാസകോശ രോഗം, ഓസ്റ്റിയോപൊറോസിസ്, അപൂര്‍വ രോഗങ്ങള്‍, അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് തെറാപ്പി, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് എന്നിവയാണ് പൂര്‍ത്തിയായ 12 മുന്‍ഗണനാ രോഗ രജിസ്ട്രികള്‍.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനും നയങ്ങള്‍ രൂപീകരിക്കാനും വിഭവങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കാനും ഈ സംവിധാനം ബന്ധപ്പെട്ട അധികൃതരെ സഹായിക്കും. രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങളെ കണ്ടെത്താനും അവര്‍ക്കായി പ്രത്യേക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും ഇത് ഉപകരിക്കും. രോഗങ്ങളുടെ സ്വഭാവം നന്നായി മനസ്സിലാക്കാനും കൂടുതല്‍ ഫലപ്രദമായ ആരോഗ്യ പരിഹാരങ്ങള്‍ വികസിപ്പിക്കാനും ഗവേഷകര്‍ക്ക് വേഗം സാധ്യമാവും.
പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ പോപ്പുലേഷന്‍ ഹെല്‍ത്ത് ഇന്റലിജന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തും. കൂടാതെ, കൂടുതല്‍ ഡാറ്റാ സെറ്റുകള്‍ വ്യാപിപ്പിക്കുകയും അബൂദബി ആരോഗ്യ വകുപ്പിന്റെ 'സഹത്‌ന' ആപ്പുമായി ഇത് സംയോജിപ്പിക്കുകയും ചെയ്യും. ഏകീകൃത സര്‍ക്കാര്‍ ഡിജിറ്റല്‍ സേവനം നല്‍കാന്‍ സഹത്‌ന ആപ്പ് നേരത്തെ തന്നെ 'താം' പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ആരോഗ്യരംഗത്തെ എല്ലാ പുരോഗതിയും സമൂഹത്തെക്കുറിച്ചുള്ള ആഴത്തിലുള്ള മനസ്സിലാക്കലില്‍ നിന്നാണ് ആരംഭിക്കുന്നതെന്നും രോഗ പ്രതിരോധത്തിന് ഈ ഡാറ്റാ സംവിധാനം ശക്തമായ അടിത്തറ നല്‍കുമെന്നും അബൂദബി ആരോഗ്യ വകുപ്പ് അണ്ടര്‍സെക്രട്ടറി ഡോ. നൂറ ഖമീസ് അല്‍ ഗൈതി പറഞ്ഞു. കൃത്യമായ തത്സമയ വിവരങ്ങള്‍ പ്രയോജനപ്പെടുത്തി കൃത്യസമയത്തുള്ള ഇടപെടലുകളിലൂടെ എമിറേറ്റിലുടനീളം മികച്ച ആരോഗ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് എ.ഡി.പി.എച്ച്.സി ഡയറക്ടര്‍ ജനറല്‍ ഡോ. റാഷിദ് ഉബൈദ് അല്‍ സുവൈദി വ്യക്തമാക്കി. രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നൂതന എ.ഐ സാങ്കേതികവിദ്യകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ എ.ഡി.എച്ച്.ഡി.എസ് സജ്ജമാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കരീം ഷാഹിന്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

