നാലുവയസ് പ്രായമുള്ള കുട്ടിയുടെ മൂക്കിൽ നിന്നും പല്ല് നീക്കം ചെയ്തു; അപൂർവ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഗൊരഖ്‌പൂർ എയിംസ്
text_fieldsപ്രതീകാത്മക ചിത്രം
ഗൊരഖ്‌പൂർ: നാല് വയസുകാരന്റെ മൂക്കിൽ നിന്നും പല്ല് നീക്കം ചെയ്ത് ഗൊരക്പൂർ എയിംസ് ആശുപത്രിയിലെ ദന്തചികിത്സ വിഭാഗം. ഉത്തർപ്രദേശിലെ ചൗരി ചൗരയിൽ നിന്നുള്ള കുട്ടിയുടെ മൂക്കിൽ നിന്നുമാണ് അപൂർവ ശാസ്ത്രക്രിയയിലൂടെ പല്ല് നീക്കം ചെയ്തത്. ആറ് മാസമായി കുട്ടിക്ക് താടിയെല്ലിനും മൂക്കിനും സമീപം കഠിനമായ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഗൊരഖ്‌പൂരിലെയും ദിയോറിയയിലെയും നിരവധി ആശുപത്രികളിലും ദന്ത ഡോക്ടർമാരേയും സമീപിച്ചിരുന്നതായി കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. എന്നാൽ ശാശ്വതമായ പരിഹാരം എവിടെ നിന്നും ലഭിച്ചില്ല. ഇതിനിടയിൽ കുട്ടിയുടെ നില കൂടുതൽ സങ്കീർണമായി.
തുടർന്ന് ഗൊരഖ്‌പൂരിലെ എയിംസിൽ എത്തിച്ചു. ഇവിടുന്നാണ് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജനും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ശൈലേഷ് കുമാർ കുട്ടിയെ പരിശോധിക്കുന്നത്. തുടർന്ന് നടത്തിയ സ്കാനിങ്ങിലും പരിശോധനയിലുമായി മൂക്കിനുള്ളിൽ അസാധരണമായി വികസിച്ച ഒരു പല്ല് ഡോക്ടർ കണ്ടെത്തി. ഇത് നീക്കം ചെയ്യൽ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.
ശേഷം എയിംസ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. വിഭ ദത്തുമായും അനസ്‌തേഷ്യോളജി വിഭാഗ മേധാവിയുമായി കൂടിയാലോചിച്ച് കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കാൻ ജനറൽ അനസ്തേഷ്യയിൽ പ്രവേശിപ്പിച്ചു. ഡോ. പ്രവീൺ കുമാർ (സീനിയർ റസിഡന്റ്), ഡോ.പ്രിയങ്ക ത്രിപാഠി (ജൂനിയർ റസിഡന്റ്), ഡോ. സന്തോഷ് ശർമ്മ (അനസ്തേഷ്യ മേധാവി), ഡോ. ഗണേഷ് നിംജെ (അസിസ്റ്റന്റ് പ്രൊഫസർ), നഴ്സിങ് ഓഫീസർ പങ്കജ് ദേവി എന്നിവരുടെ പിന്തുണയോടെ ഡോ.ശൈലേഷ് കുമാറാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച ശേഷം കുട്ടി ആരോഗ്യവാനാണെന്നും പ്രത്യേക വാർഡിൽ നിരീക്ഷണത്തിലാണെന്നും ഡോ. ശൈലേഷ് കുമാർ അറിയിച്ചു. ശസ്ത്രക്രിയയിലൂടെ മുഖവൈകല്യം, ശ്വസന ബുദ്ധിമുട്ടുകൾ, മാനസിക പ്രത്യാഘതങ്ങൾ തുടങ്ങിയവ ഭാവിയിൽ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഏകദേശം ഒരു വർഷം മുമ്പ് കുട്ടിയുടെ മുഖത്ത് പരിക്ക് സംഭവിച്ചതായി മാതാപിതാക്കൾ പറഞ്ഞിരുന്നു. ഒരു പക്ഷെ അതായിരിക്കാം ഈ പ്രശ്നത്തിന് കാരണം. ഒരു പക്ഷെ ആ സമയത്ത് ഒരു സ്പെഷ്യലിസ്റ്റിനെ സമീപിച്ചിരുന്നെകിൽ ശസ്ത്രക്രിയ ഒഴിവാക്കാമായിരുന്നു. കുട്ടികളുടെ താടിയെല്ലിനും മുഖത്തുമുള്ള പരിക്കുകൾ അവഗണിക്കരുതെന്നും ഇത്തരം സന്ദർഭങ്ങളിൽ ഒരു ഓറൽ, മാക്സിലോഫേഷ്യൽ സർജനെ സമീപിക്കണമെന്നും' ഡോ. ശൈലേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

