Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറവിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാം; അൽഷിമേഴ്‌സിന്റെ 7 മുന്നറിയിപ്പുകൾ

text_fields
bookmark_border
ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം
മറവിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാം; അൽഷിമേഴ്‌സിന്റെ 7 മുന്നറിയിപ്പുകൾ
cancel

ഇന്ന് ഒരു പ്രായപരിധി കഴിഞ്ഞാൽ ഏവരെയും വേട്ടയാടുന്ന അസുഖമാണ് അൽഷിമേഴ്‌സ്. ഇതുസംബന്ധിച്ച തെറ്റിദ്ധാരണകളും ആശങ്കകളും വളരെ കൂടുതലാണ്. ചില അശ്രദ്ധകൾ രോഗത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. വീട്ടിലെ മുതിർന്നവർ ചില കാര്യങ്ങൾ മറന്നു എന്ന് പറഞ്ഞാലും മറവിയുടെ ലക്ഷണങ്ങൾ കാണിച്ചാലും നമ്മൾ 'പ്രായമായതല്ലേ…' എന്ന് പറഞ്ഞ് അവഗണിക്കുകയാണ് ചെയ്യുക.

എന്നാൽ ഇത്തരത്തിലുള്ള ചില മറവികൾ തലച്ചോർ നൽകുന്ന ആദ്യ മുന്നറിയിപ്പായിരിക്കാമെന്ന് ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ പറഞ്ഞു. അൽഷിമേഴ്‌സിന്റെ ലക്ഷണങ്ങൾ നമ്മൾ നേരത്തെ മനസ്സിലാക്കിയാൽ കൂടുതൽ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്നലെ പറഞ്ഞ കാര്യങ്ങൾ വീണ്ടും പറയുക, സാധനം എവിടെയാണ് വെച്ചതെന്ന് മറക്കുക, ഇന്നലെ എവിടെയാണ് പോയതെന്ന് മറക്കുക തുടങ്ങിയ കാര്യങ്ങൾ ആദ്യമൊക്കെ നമ്മൾ ചിരിച്ചുതള്ളുമെങ്കിലും പതിയെ അത് രോഗമായി മാറും. പരിചിതമായ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുന്നു, വാക്കുകൾ കിട്ടാതെ വരുന്നു, പരിചിതമായ സ്ഥലങ്ങളിൽ പോലും വഴി തെറ്റുന്നു, ഒരേ ചോദ്യം വീണ്ടും വീണ്ടും ആവർത്തിക്കുന്നു എന്നിവ വെറും “പ്രായത്തിന്റെ മറവി” എന്ന് പറഞ്ഞ് തള്ളിക്കളയരുത്.

മറവി അപകടമാകുന്നത് എപ്പോൾ?

സെപ്റ്റംബർ 21 ആണ് ലോക അൽഷിമേഴ്സ് ദിനം. “നേരത്തെ അറിയുമ്പോൾ… കൂടുതൽ ചെയ്യാൻ കഴിയും” എന്നതാണ് ഈ വർഷത്തെ സന്ദേശം.

ലക്ഷണങ്ങൾ വ്യക്തമായി പ്രകടമാകുന്നതിന് വർഷങ്ങൾക്കു മുമ്പ് തന്നെ അൽഷിമേഴ്സ് രോഗത്തിന്റെ തലച്ചോറിലെ ചില രോഗപ്രക്രിയകൾ ആരംഭിച്ചേക്കാം. “അമിലോയ്ഡ് പ്ലാക്ക്സ്” (Amyloid plaques) എന്ന പ്രോട്ടീൻ നിക്ഷേപങ്ങളും “ടൗ ടാംഗിൾസ്” (Tau tangles) എന്ന അസാധാരണമായ ടൗ പ്രോട്ടീൻ കെട്ടിച്ചേരലുകളും നാഡീകോശങ്ങളുടെ പ്രവർത്തനത്തെയും അവ തമ്മിലുള്ള ബന്ധങ്ങളെയും ബാധിച്ചേക്കാം.

ഒരു സ്കാനോ (Scan) ഒരു രക്തപരിശോധനയോ (Blood test) മാത്രം നോക്കി അൽഷിമേഴ്സ് രോഗം (Alzheimer’s) എന്ന് തീരുമാനിക്കാനാവില്ല. രോഗലക്ഷണങ്ങൾ, ബോധശേഷി വിലയിരുത്തൽ (Cognitive assessment), MRI/PET, CSF ബയോമാർക്കറുകൾ (CSF biomarkers), കൂടാതെ വികസിച്ചുകൊണ്ടിരിക്കുന്ന രക്താധിഷ്ഠിത ബയോമാർക്കറുകൾ (Blood-based biomarkers) എന്നിവ രോഗനിർണ്ണയ പ്രക്രിയയിൽ സഹായിക്കുന്നു.

അൽഷിമേഴ്‌സിന്റെ 7 മുന്നറിയിപ്പുകൾ

അടുത്തിടെ നടന്ന കാര്യങ്ങൾ ആവർത്തിച്ച് മറക്കുന്നു.

ഒരേ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്നു.

പരിചിതമായ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുന്നു.

പണം/മരുന്ന്/ബില്ലുകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്നു.

വാക്കുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്നു.

പരിചിതമായ സ്ഥലങ്ങളിൽ പോലും വഴി തെറ്റുന്നു.

തീരുമാനമെടുക്കുന്നതിലും ചിന്തിക്കുന്നതിലും വ്യക്തമായ മാറ്റം ഉണ്ടാകുന്നു.

ഇവയിൽ ചിലത് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രീതിയിൽ തുടരുകയാണെങ്കിൽ വിലയിരുത്തൽ വൈകിക്കരുത്.

തെറ്റിദ്ധാരണകൾ മാറ്റാം

1: “മറവി ഉണ്ടെങ്കിൽ അൽഷിമേഴ്സ് തന്നെ.”

അങ്ങനെ ആവണമെന്നില്ല. ഉറക്കക്കുറവ്, വിഷാദം, ചില മരുന്നുകളുടെ ഉപയോഗം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ തകരാറുകൾ, ചില വിറ്റാമിനുകളുടെ കുറവ് തുടങ്ങിയ ചികിത്സിക്കാവുന്ന പല കാരണങ്ങളും ഓർമ്മശേഷിയെയും ചിന്താശേഷിയെയും ബാധിക്കാം.

2: “പ്രായമായാൽ എല്ലാവർക്കും മറവിരോഗം വരും.”

ഇത് ശരിയല്ല. പ്രായം മറവിരോഗത്തിന്റെ പ്രധാന അപകടസാധ്യതാ ഘടകമാണെങ്കിലും, പ്രായമാകുന്നതിന്റെ അനിവാര്യമായ ഭാഗമല്ല മറവിരോഗം.

3: “കുടുംബത്തിൽ അൽഷിമേഴ്സ് ഉണ്ടായിരുന്നെങ്കിൽ എനിക്കും തീർച്ചയായും വരും.”

അല്ല. കുടുംബത്തിൽ അൽഷിമേഴ്സ് രോഗത്തിന്റെ ചരിത്രമുള്ളത് ചിലരിൽ രോഗസാധ്യത വർധിപ്പിക്കാം. എന്നാൽ അതുകൊണ്ട് രോഗം തീർച്ചയായും ഉണ്ടാകുമെന്ന് അർത്ഥമില്ല.

4: “അൽഷിമേഴ്സ് വന്നാൽ പിന്നെ ഒന്നും ചെയ്യാനില്ല.”

ഇതും ശരിയല്ല. പൂർണ്ണമായ രോഗമുക്തി നൽകുന്ന ചികിത്സ ഇപ്പോഴും ലഭ്യമല്ലെങ്കിലും, നേരത്തെ രോഗനിർണ്ണയം ലഭിക്കുന്നത് ലഭ്യമായ ചികിത്സകൾ പരിഗണിക്കാനും, ആരോഗ്യപരമായ അപകടസാധ്യതകൾ നിയന്ത്രിക്കാനും, ജീവിതത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താനും, കുടുംബത്തിന് ഭാവിയിലേക്ക് തയ്യാറെടുക്കാനും സഹായിക്കും.

നേരത്തെ അറിഞ്ഞാൽ കൂടുതൽ ചെയ്യാം

ഒരു രോഗനിർണ്ണയം എന്നത് ജീവിതത്തിന്റെ അവസാനമല്ല. അത് ചികിത്സയെക്കുറിച്ച് തീരുമാനിക്കാനുള്ള സമയം, ഭാവിക്കായി തയ്യാറെടുക്കാനുള്ള സമയം,കുടുംബത്തോട് തുറന്ന് സംസാരിക്കാനുള്ള സമയം, സാമ്പത്തികവും നിയമപരവുമായ കാര്യങ്ങൾ ആസൂത്രണം ചെയ്യാനുള്ള സമയം, രോഗിയുടെ സ്വാതന്ത്ര്യവും ജീവിതനിലവാരവും കഴിയുന്നത്ര സംരക്ഷിക്കാനുള്ള സമയം എന്നിവ നൽകുന്നു.

സ്നേഹം മാത്രം മതിയാകില്ല… ശരിയായ പരിചരണവും ആവശ്യമാണ്

അൽഷിമേഴ്‌സ് രോഗിയുടെ പരിചരണം മരുന്ന് നൽകുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. ഓർമ്മക്കുറവ്, പെരുമാറ്റത്തിലെ മാറ്റങ്ങൾ, ഉറക്കപ്രശ്നങ്ങൾ, ആശയക്കുഴപ്പം, ഭക്ഷണം, മരുന്നുകൾ, സുരക്ഷ, ദൈനംദിന പ്രവർത്തനങ്ങൾ—ഇവയെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബം ഒറ്റക്ക് എല്ലാം ഏറ്റെടുക്കണമെന്നില്ല. ആവശ്യമായ ഘട്ടത്തിൽ ന്യൂറോ ഡോക്ടർ, മെമ്മറി/ജെറിയാട്രിക് വിദഗ്ധർ, സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച്-ലാംഗ്വേജ് വിദഗ്ധർ, നഴ്സിങ്-കെയർ ടീം എന്നിവരുടെ സഹായം പ്രധാനമാണ്. വിദഗ്ധപരിചരണത്തിന്റെ ലക്ഷ്യം രോഗിയെ കുടുംബത്തിൽ നിന്ന് അകറ്റുക എന്നതല്ല, മറിച്ച് കൂടുതൽ സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കുകയും കുടുംബത്തിന്റെ പരിചരണഭാരം കുറയ്ക്കുകയും ചെയ്യുക എന്നതാണ്.

അതുകൊണ്ട്, ഒരു കെയർ സെന്ററിലേക്ക് മാറ്റേണ്ടിവന്നാൽ അതിനെ “മക്കൾ ഉപേക്ഷിച്ചു” എന്ന് കാണേണ്ടതില്ല. ശരിയായ കെയർ സെന്റർ സുരക്ഷിതമായ അന്തരീക്ഷം, ക്രമമായ ദിനചര്യ, സാമൂഹിക ഇടപെടൽ, ശാരീരിക-മാനസിക പ്രവർത്തനങ്ങൾ, വിദഗ്ധ നിരീക്ഷണം എന്നിവ നൽകാൻ സഹായിക്കുമെന്നും ഡോ. അരുൺ ഉമ്മൻ ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 7 warnings about Alzheimers
Next Story