മങ്കിപോക്സ്; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
text_fieldsമസ്കത്ത്: മങ്കിപോക്സ് (എംപോക്സ്) രോഗത്തെക്കുറിച്ചുള്ള ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനും നേരത്തെയുള്ള രോഗനിർണയവും പ്രതിരോധവും ഉറപ്പാക്കുന്നതിനുമായി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രാലയം. വ്യക്തിഗത ശുചിത്വം പാലിക്കുന്നതും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതും അത്യാവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.
മങ്കിപോക്സ് വൈറസ് മൂലമാണ് ഈ രോഗം പടരുന്നത്. തുടക്കത്തിൽ പനി, തലവേദന, പേശിവേദന, ക്ഷീണം തുടങ്ങി ജലദോഷസമാനമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. തുടർന്ന് മുഖത്തോ ശരീരത്തിലെ മറ്റു ഭാഗങ്ങളിലോ പ്രത്യേകതയുള്ള കുരുക്കൾ രൂപപ്പെടും. ഇത പിന്നീട് പല ഘട്ടങ്ങളായി മുറിവ് സുഖപ്പെടുന്നതുവരെ തുടരും.രോഗബാധിതരുമായി നേരിട്ടുള്ള സ്പർശനമാണ് രോഗവ്യാപനത്തിന്റെ പ്രധാന മാർഗം.
രോഗിയുടെ കുരുക്കളുമായി സമ്പർക്കത്തിലാകുന്നതാണ് കൂടുതലായി പകർച്ചക്ക് കാരണമാകുന്നത്. രോഗബാധിതർ ഉപയോഗിച്ച കിടക്ക, ടവൽ, വസ്ത്രങ്ങൾ തുടങ്ങിയ വസ്തുക്കൾ സ്പർശിക്കുന്നതിലൂടെയും ദീർഘനേരം മുഖാമുഖ സമ്പർക്കത്തിലൂടെയും പകർച്ച സംഭവിക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ആവർത്തിച്ച് കഴുകുക, മങ്കിപോക്സ് ലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തികളുമായി അടുത്ത ശാരീരികസമ്പർക്കം ഒഴിവാക്കുക, രോഗബാധിതരായിരിക്കാമെന്ന് സംശയമുള്ള വസ്തുക്കളോ ഉപരിതലങ്ങളോ തൊടുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് രോഗ പ്രതിരോധത്തിനായി ആരോഗ്യമന്ത്രാലയം നൽകുന്ന നിർദേശങ്ങൾ.മങ്കിപോക്സ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ ആരോഗ്യവിദഗ്ധരുടെ ഉപദേശം തേടാനും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കാനും മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

