ഉറുമ്പുകളെ അമിതമായി ഭയമുണ്ടോ? നിസാരമായി കാണേണ്ട; എന്താണ് മൈർമെകോഫോബിയ?
text_fieldsഉറുമ്പുകളോടുള്ള ഭയം കാരണം ഈ അടുത്താണ് യുവതി ജീവനൊടുക്കിയത്. പലരും നിസാരമായി കാണുന്ന ഈ അവസ്ഥ അത്ര നിസാരവൽക്കരിക്കേണ്ടതില്ല. ഇതൊരു ഫോബിയ ആണ്. ഉറുമ്പുകളോടുള്ള അമിതമായ ഭയത്തെയാണ് മൈർമെകോഫോബിയ എന്ന് പറയുന്നത്. വളരെ അസാധാരണയായി കാണപ്പെടുന്ന ഈ ഫോബിയ അപകടകാരിയാണ്. മൈർമെകോഫോബിയ ദൈനംദിന ജീവിതത്തെ വളരെ മോശമായി ബാധിക്കുന്നു.
ഉറുമ്പുകളോടുള്ള ഈ ഭയം പലതരത്തിലും അനുഭവപ്പെടാം. പലപ്പോഴും ഉറുമ്പുകളെ കാണുന്നതും സമ്പർക്കം പുലർത്തുന്നതും ഇത്തരക്കാരിൽ വലിയ പ്രയാസം ഉണ്ടാക്കുന്നു. ഇത്തരം സന്ദർഭങ്ങൾ അവരെ പരിഭ്രാന്തിയിലേക്ക് നയിക്കുന്നു.
ഭക്ഷണത്തില്‍ ഉറുമ്പുകളുണ്ടായേക്കാം അല്ലെങ്കില്‍ വസ്ത്രത്തിൽ ഉറുമ്പുകൾ ഉണ്ടായേക്കാം എന്നിങ്ങനെ പലതരത്തിൽ ഈ ഭയം പ്രകടാമാകുന്നു. ഉത്കണ്ഠ, പേടി, നിയന്ത്രിക്കാനാകാത്ത ചിന്തകള്‍, ഉറക്കമില്ലായ്മ എന്നിവയും ഇവര്‍ക്ക് അനുഭവപ്പെടാം. ആത്മഹത്യ പോലെയുള്ള കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് വരെ ഇത് അവരെ നയിച്ചേക്കാം.
മൈർമെകോഫോബിയ ഉള്ളവർക്ക് ചിലന്തികളോടും പ്രാണികളോടും ഭയം തോന്നുന്നതും സാധാരണയാണ്. ഉറുമ്പുകളെ കാണുകയും അവയോട് ഭയം തോന്നുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ തലവേദന, തലകറക്കം, അമിതമായി വിയർക്കൽ, ശ്വാസതടസ്സം, ഹൃദയമിടിപ്പ് കൂടൽ, ഓക്കാനം, പാനിക് അറ്റാക്ക് എന്നിവ അനുഭവപ്പെടുന്നു.
ചെറിയ പ്രായത്തിൽ ഉറുമ്പ് കടിച്ചിട്ട് ഉണ്ടായ ഏതെങ്കിലും ദുരനുഭവങ്ങൾ, സാംസ്കാരികമോ സാമൂഹികമോ ആയ സ്വാധീനങ്ങൾ, മാതാപിതാക്കൾക്കോ ഇവരുമായി അടുത്ത ആർക്കെങ്കിലോ ഉറുമ്പിനോടുള്ള ഭയം, മീഡിയ സ്വാധീനം എന്നിങ്ങനെ നിരവധി കാരണങ്ങൾ മൈർമെകോഫോബിയയിലേക്ക് നയിക്കാം.
എക്സ്പോഷർ തെറാപ്പി, സി.ബി.ടി തെറാപ്പി, ഇ.എം.ഡി.ആർ തെറാപ്പി, കൗണ്‍സിലിങ് എന്നിവയിലൂടെ ഈ അവസ്ഥ മാറ്റിയെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

