നിങ്ങളുടെ ജോലി സ്ഥലം ടോക്സിക്കാണോ? ലക്ഷണങ്ങൾ അറിയാം...
text_fieldsനിങ്ങളുടെ കഴിവിനെയോ മാനസികാവസ്ഥയെയോ പരിഗണിക്കാത്ത ഒരിടത്താണോ നിങ്ങൾ ജോലി ചെയ്യുന്നത്? ശരിയല്ലാത്ത ജോലി സംസ്കാരത്തെക്കുറിച്ച് മുമ്പും ചർച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും കോവിഡിന് ശേഷമാണ് ഈ വിഷയത്തിൽ കൂടുതൽ ചർച്ച നടക്കുന്നത്. ജീവനക്കാരുടെ ക്ഷേമത്തേക്കാൾ റിസൾട്ടുകൾക്ക് മുൻഗണന നൽകുന്ന മാനേജ്മെന്റാണ് നിങ്ങളുടേതെങ്കിൽ തീർച്ചയായും നിങ്ങളുടെ ജോലി സ്ഥലം ടോക്സിക്കാണ്.
ജോലി സ്ഥലം ടോക്സിക്കാകുന്നതിന്‍റെ ലക്ഷണങ്ങൾ
അമിത ജോലിഭാരം
വിശ്രമസമയമോ അവധി അനുവദിക്കാതെ നിങ്ങളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുകയാണെങ്കിൽ അത് നല്ലകാര്യമല്ല. ജീവനക്കാരുടെ മാനസിക ആരോഗ്യത്തിന് വിശ്രമസമയവും അവധിയും പ്രധാനപ്പെട്ടതാണ്. ഇവയൊന്നും പരിഗണിക്കാതെ ജോലി ചെയ്യാൻ നിർബന്ധിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ സ്ഥാപനം ടോക്സിക്കാണ്.
സ്ഥിരമായ അധിക്ഷേപം
നിങ്ങളെ സ്ഥാപനത്തിന്‍റെ അധികൃതർ നിരന്തരമായി അപമാനിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ജോലി സ്ഥലം ടോക്സിക്കാണ്. പൊതുവേദിയിൽ വെച്ച് ശകാരിക്കുന്നതും വ്യക്തിപരമായ ആക്രമണവും ടോക്സിക് വർക്ക് കൾച്ചറിന്‍റെ ഭാഗമാണ്. സ്ഥാപനത്തിന് വേണ്ടപ്പെട്ടവരെ ചിലരെ മാത്രം പ്രോത്സാഹിപ്പിക്കൽ, അധികൃതരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ അടിസ്ഥാനമാക്കി വിലയിരുത്തൽ എന്നിവ നല്ല വർക്ക് കൾച്ചറല്ല.
ഭീഷണി
ജോലി പോകും, സ്ഥലം മാറ്റും തുടങ്ങിയ ഭീഷണികൾ നേരിടേണ്ടി വരുന്നുണ്ടെങ്കിലും നിങ്ങൾ ടോക്സിക് വർക്ക് കൾച്ചറിന്‍റെ ഭാഗമാണ്. ചെറിയ പിഴവുകൾക്ക് വലിയ ശിക്ഷ നൽകുന്നതും പ്രശ്നമാണ്. എല്ലാവരുടെയും മുന്നിൽവെച്ച് നിങ്ങളെ അപമാനിക്കുന്ന രീതിയിൽ ഉയർന്ന ഉദ്യോഗസ്ഥർ സംസാരിക്കുന്നുണ്ടെങ്കിൽ അവർ ടോക്സിക്കാണ്.
ആശയവിനിമയത്തിന്റെ അഭാവം
നിങ്ങൾ ചെയ്യുന്ന ജോലിയെക്കുറിച്ചുള്ള വ്യക്തമായ ഫീഡ്ബാക്ക് നൽകാത്തതും പ്രശ്നങ്ങൾ തുറന്ന് പറയാനുള്ള സുരക്ഷിത അന്തരീക്ഷമില്ലാത്തും മോശം തൊഴിൽ അന്തരീക്ഷത്തിന്‍റെ ലക്ഷണമാണ്.
മോശം ലീഡർഷിപ്പ്
നിങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കാത്ത അധികൃതർക്ക് കീഴിലാണ് നിങ്ങൾ ജോലി ചെയ്യുന്നതെങ്കിൽ അത് നല്ല ജോലിസംസ്കാരത്തിന് വഴിവെക്കില്ല.
തൊഴിലിടങ്ങളിൽ മാനസിക പീഡനവും ലൈംഗിക പീഡനവും നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ്. സ്ഥാപനങ്ങൾ പരാതി പരിഹാര സംവിധാനം നിർബന്ധമായും ഒരുക്കേണ്ടതാണ്. ആവശ്യമെങ്കിൽ നിയമ സഹായം തേടാനുള്ള അവകാശം ഇന്ത്യയിലെ തൊഴിലാളികൾക്കുണ്ട്. ആവശ്യമെങ്കിൽ മാനസിക ആരോഗ്യ വിദഗ്ദരുടെ സഹായവും നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

