പ്രണയനഷ്ടത്തേക്കാൾ മുറിപ്പെടുത്തുന്ന സൗഹൃദ നഷ്ടം
text_fieldsഅടുത്ത സുഹൃത്തിനെ നഷ്ടമാകുന്നത്, പ്രണയബന്ധം തകരുന്നതിനേക്കാൾ വേദനാജനകമാകാമെന്നും ഇത് ജീവിതത്തെ ഏറെ പ്രതിസന്ധിയിലാക്കുമെന്നും മനഃശാസ്ത്രകാരന്മാർ. സുഹൃദ്ബന്ധമെന്നത് വെറും ബന്ധമല്ല പലർക്കും. പലപ്പോഴും സുഹൃത്ത് നമ്മുടെ വൈകാരിക ലോകത്തിന്റെ കേന്ദ്ര സ്ഥാനത്തായിരിക്കുകയും ചെയ്യും. നമ്മെ രൂപപ്പെടുത്തുന്നതിലും ജീവിതത്തിന്റെ ഉയർച്ച താഴ്ചകളോട് നാമെങ്ങനെ പ്രതികരിക്കണമെന്ന് നിശ്ചയിക്കുന്നതിലും ഉറ്റ സുഹൃത്തിന്റെ പങ്ക് നിർണായകമാണ്.
പ്രണയനഷ്ടം പോലല്ല, സൗഹൃദനഷ്ടം
പല പ്രണയബന്ധങ്ങളിലും ബ്രേക്ക് അപ് എന്നത് പതിയെ സംഭവിക്കുന്ന കാര്യമായിരിക്കും. എന്നാൽ, സുഹൃത്ത് വിട്ടുപോകുന്നത് മിക്കപ്പോഴും പെട്ടെന്നായിരിക്കുകയും ചെയ്യും. അപ്രതീക്ഷിതവും നിശ്ശബ്ദവുമായ ഈ വേർപെടൽ പലർക്കും അതിജീവിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. സൗഹൃദം എന്നത്തേക്കുമാണെന്നും നമ്മുടെ നല്ല സമയത്തും മോശം സമയത്തും അതുണ്ടാകുമെന്നുമാണ് പൊതുവെയുള്ള വിശ്വാസം. ഈ വിശ്വാസം തകരുന്ന അവസ്ഥ വരുമ്പോൾ, നമ്മുടെതന്നെ ഒരുഭാഗം ഇല്ലാതായെന്ന് പലർക്കും തോന്നാം.
സൗഹൃദമെന്ന വൈകാരിക വലയം
ഉറ്റ സൗഹൃദമെന്നത് പലപ്പോഴും വൈകാരിക സുരക്ഷാവലയമാണെന്നാണ് സൈക്കോളജിസ്റ്റുകൾ പറയാറ്. നല്ല സുഹൃത്തുക്കൾക്കൊപ്പമാകുമ്പോൾ നാം സ്വന്തത്തെ നിരീക്ഷണം നടത്താറില്ല. ഒന്നും പ്രതീക്ഷിക്കാതെയും ആവശ്യപ്പെടാതെയും സുഹൃത്തിനോട് സത്യസന്ധരായിരിക്കുകയും ചെയ്യും. ഒരു ഫിൽറ്ററുമില്ലാതെയാണ് നാം അനുഭവങ്ങൾ പങ്കുവെക്കുക. ഇതെല്ലാം പൊടുന്നനെ തടസ്സപ്പെടുമ്പോൾ, വൈകാരിക സ്ഥിരതയെ ബാധിക്കുകയും ആധി, വിഷാദം, ആശയക്കുഴപ്പം തുടങ്ങിയവ സൃഷ്ടിക്കുകയും ചെയ്യും. പ്രത്യക്ഷമല്ലാത്ത ദുഃഖമാണ് ഇതുണ്ടാക്കുക-അതായത്, മറ്റു ബന്ധങ്ങൾ നഷ്ടമാകുമ്പോൾ അതു നഷ്ടമായ ആളുകൾക്ക് ബന്ധുക്കളും സമൂഹവും സാധാരണ പിന്തുണ നൽകാറുണ്ട്. എന്നാൽ, സൗഹൃദനഷ്ടം സംഭവിച്ചാൽ അത്തരമൊരു പതിവില്ല. കാരണം, അത് പ്രത്യക്ഷമല്ല എന്നതുതന്നെ. അതുകൊണ്ടുതന്നെ നഷ്ടബോധം നീണ്ടുനിൽക്കുകയും വേദനയേറുന്നതുമായിരിക്കും.
അംഗീകരിക്കാതെ വയ്യ
സൗഹൃദം നഷ്ടമായാൽ അത് മനസ്സുകൊണ്ട് സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുകയെന്നതാണ്, ആ ദുഃഖത്തിൽനിന്ന് കരകയറാനുള്ള ആദ്യ പടി. സങ്കടപ്പെടാൻ മനസ്സിനെ അനുവദിക്കുകയും വേണം. സമയംകൊണ്ടും സ്വന്തത്തെ പരിചരിച്ചും മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ സൃഷ്ടിച്ചും മുറവുണക്കാൻ നമുക്ക് കഴിയും. എന്നു മാത്രമല്ല, നന്നായി മനസ്സിലാക്കാൻ കഴിവുള്ളവരുടെ സൗഹൃദം ലഭിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

