മടിക്കാതെ ‘നോ’ പറയാം
text_fieldsഡോ. ലിസ്സി ഷാജഹാൻ
നമ്മൾ മലയാളികൾക്ക് ‘നോ’ പറയുന്നത് വളരെ മടിയുള്ള കാര്യമാണ്. അങ്ങനെ പറഞ്ഞാൽ അവർ വിഷമിക്കും. ‘അവർക്ക് വേണ്ടി ചെയ്തു കൊടുക്കുന്നതല്ലേ നല്ലത്’, ‘എല്ലാരും ചെയ്യുന്നതല്ലേ, ഞാൻ മാത്രം എന്തിന് വിഷമം കാണിക്കുന്നു’. ഇങ്ങനെ ആയിരക്കണക്കിന് കാരണങ്ങൾ നമ്മൾ സ്വയം പറഞ്ഞ് ‘അതെ’ എന്ന് പറയുന്നു. പക്ഷേ, ആ ‘അതെ’യ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന വില നമ്മുടെ മാനസികാരോഗ്യമാണ്.
‘People-pleasing’
മനോരോഗവിദഗ്ധർ ഇതിനെ ‘People-pleasing syndrome’ എന്നാണ് വിളിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിൽ ഇത് വളരെ സാധാരണമാണ്.
- ബന്ധുക്കളുടെ വീട്ടിൽ പോകാൻ മനസ്സില്ല, പക്ഷേ ‘പോകണം’ എന്ന് പറയുന്നു.
- സുഹൃത്തിന്റെ പാർട്ടിക്ക് ‘വരുന്നില്ല’ എന്ന് പറയാൻ മടി
- ഓഫീസിൽ മേലധികാരി അധിക ജോലി തരുമ്പോൾ ‘എനിക്ക് സമയമില്ല’ എന്ന് പറയാൻ മടി.
ഇങ്ങനെ ഓരോ തവണയും നമ്മുടെ സ്വന്തം ഇഷ്ടങ്ങൾക്ക് മുകളിൽ മറ്റുള്ളവരുടെ ഇഷ്ടം വെക്കുമ്പോൾ, മനസിൽ പൊട്ടിതെറികൾ സംഭവിക്കുന്നു. കാലക്രമേണ ഇത് വലിയ സ്ഫോടനമായി മാറുന്നു.
എന്താണ് സംഭവിക്കുന്നത്?
- നിർബന്ധിതമായി ‘അതെ’ പറയുമ്പോൾ സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ ഉയരുന്നു.
- ദീർഘകാലം ഇത് തുടർന്നാൽ സെറോടോണിൻ, ഡോപമൈൻ തുടങ്ങിയ ‘സന്തോഷ ഹോർമോണുകൾ’ കുറയുന്നു.
- അതിനാൽ ക്ഷീണം, ഉറക്കക്കുറവ്, ശരീരവേദന, പെട്ടെന്നുള്ള ദേഷ്യം, സ്വയം വെറുപ്പ് എന്നിവയുണ്ടാകുന്നു.
വേണ്ട എന്ന് പറയുന്നത് സ്വാർത്ഥതയല്ല. സ്വയം സ്നേഹമാണ്. വേണ്ട എന്ന് പറയാൻ പഠിക്കുന്നത് ഒരു മാനസിക വ്യായാമമാണ്. അങ്ങനെ പറയാൻ പഠിക്കുന്നത് വഴി നിങ്ങൾക്ക് നിങ്ങളുടെ മൂല്യം
മനസ്സിലാകുകയും, മറ്റുള്ളവർ നിങ്ങളെ കൂടുതൽ ബഹുമാനിക്കുകയും, നിങ്ങളുടെ എനർജി നിങ്ങൾക്ക് വേണ്ടി മാത്രം ചെലവഴിക്കാൻ കഴിയുകയും ചെയ്യും.
‘വേണ്ട’ എന്ന് പറയാൻ അഞ്ച് എളുപ്പ വഴികൾ
1. ചെറുതായി തുടങ്ങൂ
ഇന്ന് പറ്റില്ല അങ്കിളേ, അടുത്ത തവണ ഉറപ്പായും വരാം - എന്നിങ്ങനെ പറഞ്ഞു ശീലിക്കുക.
2. കാരണം പറയാതിരിക്കുക
ഇപ്പോൾ സാധിക്കില്ല, സോറി’ എന്ന് പറയാം. കാരണം പറയണമെന്നില്ല.
3. ബദൽ നിർദ്ദേശം കൊടുക്കുക
എനിക്ക് ഇന്ന് വരാൻ പറ്റില്ല, പകരം നാളെ രാവിലെ വരാം- സാഹചര്യം അനുസരിച്ചു ഈ രീതിയിൽ പറയുക.
4. നന്ദി പറയുക
എന്നെ ക്ഷണിച്ചതിന് വളരെ നന്ദി, പക്ഷേ ഇത്തവണ പറ്റില്ല എന്ന് പറയുക
5. ആവർത്തിച്ച് പരിശീലിക്കുക
ആദ്യം കുറ്റബോധം തോന്നുമെങ്കിലും പതുക്കെ അത് കുറഞ്ഞുകൊള്ളും.
നിങ്ങളുടെ സമയവും ഊർജ്ജവും നിങ്ങൾക്കുള്ളതാണ്. അത് മറ്റുള്ളവർക്ക് കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശവും നിങ്ങൾക്ക് മാത്രമേ ഉള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

