Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേൾക്കണം ഈ ജീവിതാനുഭവങ്ങൾ; മാറുന്ന മാനസികാരോഗ്യ സമീപനങ്ങൾ

text_fields
bookmark_border
കേൾക്കണം ഈ ജീവിതാനുഭവങ്ങൾ; മാറുന്ന മാനസികാരോഗ്യ സമീപനങ്ങൾ
cancel

മനുഷ്യന്റെ ജീവിതത്തിൽ സന്തോഷവും ദുഃഖവും വിജയവും പരാജയവും ഒരുപോലെ ഉണ്ടാകാം. എന്നാൽ മനസ്സിന്റെ വേദന പലപ്പോഴും നമുക്ക് കാണാനോ എളുപ്പത്തിൽ തിരിച്ചറിയാനോ കഴിയില്ല. ശരീരത്തിലെ മുറിവുകൾ കാണാൻ കഴിയുമ്പോൾ മനസ്സിലെ മുറിവുകൾ പലപ്പോഴും നിശ്ശബ്ദമായിരിക്കും. അതുകൊണ്ടുതന്നെ മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരുടെ അനുഭവങ്ങൾ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നത് ഏറെ പ്രധാനമാണ്.

2026 ലെ ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയം “Lived Experiences Heard: Real Voices, Real Change” എന്നതാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചവരുടെ യഥാർഥ ജീവിതാനുഭവങ്ങൾ കേൾക്കുക എന്നതാണ് പ്രമേയത്തിന്റെ കാതൽ. ഒരു രോഗത്തെക്കുറിച്ച് പുസ്തകങ്ങളിൽ വായിക്കുന്ന അറിവിനേക്കാൾ, ആ രോഗത്തിലൂടെ കടന്നുപോയ ഒരാളുടെ അനുഭവം നമ്മെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കും.

മനോരോഗ ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് വ്യക്തിയെ രോഗത്തിന്റെ പേരിൽ മാത്രം കാണാതിരിക്കുക എന്നതാണ്. ഡിപ്രഷൻ രോഗി, സ്കിസോഫ്രീനിയ രോഗി, ബൈപോളാർ രോഗി എന്നിങ്ങനെ ഒരാളെ രോഗത്തിന്റെ പേരിൽ മാത്രം വിശേഷിപ്പിക്കുമ്പോൾ ആ വ്യക്തിയുടെ വ്യക്തിത്വവും കഴിവുകളും സ്വപ്നങ്ങളും പ്രതീക്ഷകളും നാം മറന്നുപോകുന്നു. ഓരോ രോഗത്തിനും പിന്നിൽ ഒരു വ്യക്തിയുണ്ട്. അയാൾക്ക് ഒരു കുടുംബമുണ്ട്,സ്വപ്നങ്ങളുണ്ട്, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുണ്ട്.

അതുകൊണ്ട് ചികിത്സയുടെ ലക്ഷ്യം രോഗലക്ഷണങ്ങൾ കുറയ്ക്കുക എന്നതിൽ മാത്രം ഒതുങ്ങരുത്. വ്യക്തിക്ക് തന്റെ ജീവിതത്തിലേക്ക് തിരിച്ചുവരാനും പഠിക്കാനും ജോലി ചെയ്യാനും ബന്ധങ്ങൾ നിലനിർത്താനും സമൂഹത്തിൽ ആത്മാഭിമാനത്തോടെ ജീവിക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കുക എന്നതും ചികിത്സയുടെ ഭാഗമാണ്.

“എന്നെ ഒന്ന് കേൾക്കൂ…

മാനസികമായി ബുദ്ധിമുട്ടുന്ന ഒരാൾക്ക് പലപ്പോഴും ആദ്യം ആവശ്യമുള്ളത് ഉപദേശമല്ല; കേൾക്കാൻ തയാറുള്ള ഒരാളെയാണ്.

“ഇതൊക്കെ എല്ലാവർക്കും ഉണ്ടാകുന്നതല്ലേ?”

“നീ അതിനെക്കുറിച്ച് ചിന്തിക്കേണ്ട.”

“മനസ്സിനെ നിയന്ത്രിച്ചാൽ മതി.”

ഇത്തരം വാക്കുകൾ നല്ല ഉദ്ദേശത്തോടെയായിരിക്കാം പറയുന്നത്. എന്നാൽ മാനസിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന വ്യക്തിക്ക് തന്റെ വേദന അംഗീകരിക്കപ്പെടുന്നില്ലെന്ന തോന്നൽ ഉണ്ടാക്കാം.

പകരം, “നിനക്ക് പറയാനുള്ളത് ഞാൻ കേൾക്കാം.”

“നിനക്ക് സഹായം ആവശ്യമുണ്ടെങ്കിൽ നമുക്ക് ഒരുമിച്ച് അത് കണ്ടെത്താം.”

ഇത്തരം സമീപനമാണ് കൂടുതൽ സഹായകരം. കേൾക്കുക എന്നത് വെറുതെ വാക്കുകൾ ശ്രദ്ധിക്കുക മാത്രമല്ല. മറ്റൊരാളുടെ അനുഭവത്തെ വിലയിരുത്താതെ മനസ്സിലാക്കാനുള്ള ശ്രമം കൂടിയാണ്.

രോഗികളുടെ ശബ്ദത്തിന് വിലയുണ്ട്

മാനസികാരോഗ്യ രംഗത്ത് ചികിത്സകരുടെയും ഗവേഷകരുടെയും അഭിപ്രായങ്ങൾക്കൊപ്പം രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും അനുഭവങ്ങൾക്കും പ്രാധാന്യം നൽകേണ്ടതുണ്ട്.

ഒരു ചികിത്സ എങ്ങനെ അനുഭവപ്പെട്ടു?, ചികിത്സയിലേക്ക് എത്തുന്നതിന് എന്തൊക്കെ തടസ്സങ്ങൾ നേരിട്ടു?, സമൂഹത്തിൽ നിന്ന് എന്ത് പ്രതികരണമാണ് ലഭിച്ചത്?

തൊഴിൽ, വിദ്യാഭ്യാസം, വിവാഹം, സൗഹൃദം തുടങ്ങിയ മേഖലകളിൽ എന്തൊക്കെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു?

ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് രോഗത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ കൂടുതൽ സമഗ്രമാക്കും. ഒരു വ്യക്തിയുടെ ജീവിതാനുഭവം കേൾക്കുമ്പോൾ ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയുന്ന പല കാര്യങ്ങളും നമുക്ക് മനസ്സിലാക്കാം.

കളങ്കം ഇന്നും വലിയ തടസ്സം

മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള stigma, അഥവാ സാമൂഹികമായ കളങ്കം, ഇന്നും പലരെയും ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു.

“ആളുകൾ എന്ത് വിചാരിക്കും?”

“ജോലിയിൽ പ്രശ്നമുണ്ടാകുമോ?”

“വിവാഹത്തിന് തടസ്സമാകുമോ?”

ഇത്തരം ഭയങ്ങൾ കാരണം പലരും ചികിത്സ വൈകിപ്പിക്കുന്നു. മാനസികാരോഗ്യ പ്രശ്നം ഒരു വ്യക്തിയുടെ സ്വഭാവദോഷമല്ല. അത് ചികിത്സയും പിന്തുണയും ആവശ്യമായ ഒരു ആരോഗ്യപ്രശ്നമാണ്.

ഹൃദയസംബന്ധമായ അസുഖത്തിനോ പ്രമേഹത്തിനോ ചികിത്സ തേടുന്നതുപോലെ മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ആവശ്യമായ വിദഗ്ധസഹായം തേടുന്നത് സ്വാഭാവികമായ ആരോഗ്യപരിചരണത്തിന്റെ ഭാഗമാണ്.

കുടുംബം ഒരു പ്രധാന ചികിത്സാ അന്തരീക്ഷം

മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തിയുടെ സുഖപ്രാപ്തിയിൽ കുടുംബത്തിന് വലിയ പങ്കുണ്ട്.

കുറ്റപ്പെടുത്തുന്നതിനുപകരം മനസ്സിലാക്കുക, പരിഹസിക്കുന്നതിനുപകരം പിന്തുണ നൽകുക, അമിതമായ നിയന്ത്രണത്തിന് പകരം ആവശ്യമായ സ്വാതന്ത്ര്യം നൽകുക, ചികിത്സയിൽ സഹകരിക്കുക -ഇവയെല്ലാം സുഖപ്രാപ്തിയെ സഹായിക്കും.

അതോടൊപ്പം, പരിചരിക്കുന്ന കുടുംബാംഗങ്ങളുടെ മാനസികാരോഗ്യവും സംരക്ഷിക്കണം. ഒരു രോഗിയെ പരിചരിക്കുന്നവർക്കും ക്ഷീണം, ആശങ്ക, നിരാശ തുടങ്ങിയ അനുഭവങ്ങൾ ഉണ്ടാകാം. അതിനാൽ “care for the caregiver” എന്ന ആശയവും മാനസികാരോഗ്യ പരിചരണത്തിൽ പ്രധാനമാണ്.

സമൂഹം മാറേണ്ട സമയം

മാനസികാരോഗ്യം ആശുപത്രികളുടെയും മനോരോഗ വിദഗ്ധരുടെയും മാത്രം ഉത്തരവാദിത്വമല്ല. സ്കൂളുകൾ, കോളജുകൾ, തൊഴിലിടങ്ങൾ, മാധ്യമങ്ങൾ, സാമൂഹിക സംഘടനകൾ -എല്ലാവർക്കും പങ്കുണ്ട്.

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ ഭാഗമാക്കുക എന്നതാണ് യഥാർഥ ഉൾക്കൊള്ളൽ.

ഒരു വ്യക്തി ചികിത്സയിലൂടെ സുഖം പ്രാപിച്ച ശേഷം സമൂഹത്തിലേക്ക് തിരിച്ചുവരുമ്പോൾ, അദ്ദേഹത്തിന് ജോലി ചെയ്യാനും പഠിക്കാനും സാമൂഹിക ബന്ധങ്ങൾ നിലനിർത്താനും അവസരം ലഭിക്കണം.

ഈ വർഷത്തെ പ്രമേയം നമ്മോട് ഒരു പ്രധാന കാര്യം ഓർമിപ്പിക്കുന്നു...

യഥാർഥ മാറ്റം ഉണ്ടാകണമെങ്കിൽ യഥാർഥ ശബ്ദങ്ങൾ കേൾക്കണം. മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ രോഗികളെക്കുറിച്ച് മാത്രം സംസാരിക്കാതെ, അവരുടെ കൂടെ സംസാരിക്കേണ്ട സമയമാണിത്.

ഒരു വ്യക്തിയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്നത് ചെറിയൊരു കാര്യമാണെന്ന് തോന്നാം. എന്നാൽ ചിലപ്പോൾ ആ കേൾവി ഒരു വ്യക്തിയെ ചികിത്സ തേടാൻ പ്രേരിപ്പിച്ചേക്കാം. മാനസികമായി ബുദ്ധിമുട്ടുന്നവരെ വിധിക്കാതെ കേൾക്കാം. അവരുടെ അനുഭവങ്ങളെ മാനിക്കാം. ആവശ്യമായപ്പോൾ വിദഗ്ധസഹായത്തിലേക്ക് കൈപിടിച്ചുയർത്താം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Understanding Lived Experiences in Mental Health
Next Story