Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴിക്കാതെ പരുവപ്പെടുത്താം, പിരിക്കാതെ ചേർത്ത് നിർത്താം; അറിയണം കൗമാരത്തെക്കുറിച്ച്

text_fields
bookmark_border
ഹോർമോണുകൾ ശരീരത്തിലും മനസ്സിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും, കൗമാരത്തെ കുറിച്ചും, മനസ്സിനെ കുറിച്ചും കുട്ടിക്കാലം മുതൽ മനുഷ്യർ അറിയേണ്ടതുണ്ട്.
പഴിക്കാതെ പരുവപ്പെടുത്താം, പിരിക്കാതെ ചേർത്ത് നിർത്താം; അറിയണം കൗമാരത്തെക്കുറിച്ച്
cancel

സമൂഹത്തിന്റെ മാനസികാരോഗ്യം അറിയാൻ ഇന്ന് ഏറ്റവും നല്ല മാർഗം സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കുന്നതാണ്. മനുഷ്യരെ സാമൂഹിക വിചാരണ നടത്തുന്ന ഇടങ്ങളായി മാറിയിട്ടുണ്ട് അവ. വ്യക്തിപരമായ പ്രശ്നങ്ങളിലെ അസ്വസ്ഥതയും പ്രതിഷേധവും കമന്റുകളായി എയ്ത് വിടുകയാണ് ആളുകൾ ചെയ്യുന്നത്. പലപ്പോഴും അത് സ്ത്രീത്വത്തിനെതിരെയുള്ള അവഹേളനമായി മാറുകയാണ് പതിവ്.

ഈയിടെ പ്ലസ്ടു വിദ്യാർത്ഥിനി പ്രസവിച്ച സംഭവം വാർത്തയായി. വാർത്തയ്ക്ക് താഴെ വിദ്യാർത്ഥിനിയെ, സ്ത്രീ സമൂഹത്തെ, പുതിയ തലമുറയെ എല്ലാം അവഹേളിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾ ഉണ്ടായിരുന്നു. എന്തിനും ഏതിനും വസ്തുതകൾ പരിശോധിക്കാതെ, ശാസ്ത്രീയത തിരയാതെ അഭിപ്രായങ്ങൾ രൂപീകരിക്കുന്ന ഒരുകൂട്ടം മലയാളികൾ. കേരളീയ സംസ്കാരത്തിന്റെ പവിത്രതയെ കുറിച്ച് പോലും കമന്റുകളിൽ വാചാലരായവരുണ്ട്.

ലോകത്ത് പലയിടത്തും ഉണ്ടായിരുന്നത് പോലെ കേരളീയ സംസ്കാരത്തിലും ഭാരതീയ സംസ്കാരത്തിലും നിലനിന്നിരുന്ന ശൈശവ വിവാഹവും, ബന്ധു വിവാഹവും ഒക്കെ സൗകര്യപൂർവ്വം മറന്നുകൊണ്ടുള്ള അഭിപ്രായങ്ങളാണ് പലതും. മാതൃ സഹോദരന്റെ മക്കളെ മുറപെണ്ണും മുറച്ചെറുക്കനുമായി കണ്ട് ജനിക്കുമ്പോൾ തന്നെ പറഞ്ഞുറപ്പിച്ചിട്ട് വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിപ്പിച്ചിട്ടുള്ള ചരിത്രമാണ് കേരളത്തിന്. അത്തരം ബന്ധങ്ങളിൽ ഇന്നത്തെ പ്ലസ് ടു പ്രായത്തിനു മുന്നേ പെൺകുട്ടികൾ മൂന്നിലധികം പ്രസവിച്ചിരുന്നു എന്നും നമുക്ക് കാണാനാകും. ബന്ധു വിവാഹത്തിലൂടെ വൈകല്യങ്ങളുള്ള കുട്ടികൾ ജനിക്കാൻ സാധ്യത ഏറെയാണെന്ന ശാസ്ത്രീയ അറിവിന്റെ വെളിച്ചത്തിലും, ആധുനിക മൂല്യ ബോധങ്ങളുടെ വെളിച്ചത്തിലും പിന്നീട് കാര്യങ്ങൾ മാറി. പക്ഷെ ഈ പഴമയുടെ ചരിത്രത്തെ ആകമാനം വിസ്മൃതിയിൽ ഉപേക്ഷിച്ച് പുതു തലമുറയെ ആവുന്നത്ര പഴിക്കുന്ന ഒരു കൂട്ടം മനുഷ്യരുണ്ടാവുന്നത് ദുഃഖകരമാണ്. അവർക്ക് പങ്കാളികളെ കണ്ടെത്താൻ സാധിക്കാത്തതിന്റെ ഭാരം പുതു തലമുറയുടെ പ്രശ്നമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാൽ ശരിയായ പ്രശ്നം ഇതൊന്നുമല്ലെന്നതാണ് വസ്തുത.

കൗമാരം (adolescence) എന്നത് മനുഷ്യ ശരീരത്തിൽ ലൈംഗിക ഹോർമോണുകളുടെ പ്രവർത്തനം സജീവമാകുന്ന ഒരു പ്രായമാണ്. ഈ സമയത്ത്, ഓരോ വ്യക്തിയുടെയും ലൈംഗിക ആഭിമുഖ്യം (sexual orientation) അനുസരിച്ച് മറ്റുള്ളവരോട് ആകർഷണം തോന്നുന്നത് സ്വാഭാവികമാണ്. ഇത് ചിലപ്പോൾ താൽക്കാലിക ആകർഷണമായി (infatuation) അല്ലെങ്കിൽ ലൈംഗികതാത്പര്യമായി (lust) തുടങ്ങി, ചിലരിൽ അത് വളർന്ന് പ്രണയമാകാം. ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ഈ പ്രായത്തിൽ സംഭവിക്കുന്നതിനാൽ, ലൈംഗിക ബന്ധത്തിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. ഇത് എല്ലാ കാലഘട്ടങ്ങളിലും എല്ലാ സമൂഹങ്ങളിലും നടന്നിട്ടുള്ള സ്വാഭാവിക പ്രക്രിയയാണ്.

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും കൗമാരക്കാരെ ലൈംഗിക വിദ്യാഭ്യാസം (sex education) നൽകി ഇതിനെക്കുറിച്ച് ബോധവത്കരിക്കുന്നു. ഗർഭനിരോധന മാർഗങ്ങൾ, സുരക്ഷിത ലൈംഗികത, ശാരീരിക-മാനസിക ആരോഗ്യം എന്നിവയെക്കുറിച്ച് സ്കൂളുകളിൽ പഠിപ്പിക്കുകയും ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും സ്കൂൾ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഒരു പ്രധാന ഭാഗമാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) പ്രവർത്തനങ്ങളും പഠനങ്ങളും പ്രകാരം, സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം കൗമാര ഗർഭധാരണ നിരക്ക് കുറയ്ക്കുകയും ലൈംഗിക രോഗങ്ങളിൽനിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്.

എന്നാൽ കേരളത്തിൽ ഇന്നും സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം സ്കൂളുകളിലോ കോളേജുകളിലോ പൂർണമായി നടപ്പാക്കിയിട്ടില്ല. 2018-ൽ നടന്ന "Understanding the Lives of Adolescents and Young Adults (UDAYA)" (https://doi.org/10.31899/pgy9.1023) എന്ന പഠന പ്രകാരം, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കൗമാരക്കാർക്ക് ലൈംഗികതയെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് വളരെ കുറവാണ്. ഇത് അപകടകരമായ പെരുമാറ്റങ്ങളിലേക്കും അനാവശ്യ ഗർഭധാരണങ്ങളിലേക്കും നയിക്കാം. ഇവിടെ, ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നത് പലപ്പോഴും നാണക്കേടായി കാണുന്നതിനാൽ, കുട്ടികൾക്ക് ശരിയായ മാർഗനിർദേശം ലഭിക്കുന്നില്ല. പുതിയ തലമുറയെ 'പുരോഗമനക്കാരായ തന്നിഷ്ടക്കാർ' എന്ന് മുദ്രകുത്തുന്നതിന് പകരം, അവർക്ക് ശാസ്ത്രീയവും യാഥാർഥ്യ ബോധമുള്ളതുമായ വിദ്യാഭ്യാസം നൽകേണ്ടത് ആവശ്യമാണ്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം ഈ വിഷയത്തിൽ മുന്നോട്ട് വരണം. ലൈംഗിക വിദ്യാഭ്യാസം, ഗർഭനിരോധന മാർഗങ്ങൾ, ബന്ധങ്ങളുടെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് കൗമാരക്കാരെ ബോധവത്കരിക്കണം.

ഹോർമോണുകൾ ശരീരത്തിലും മനസ്സിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും, കൗമാരത്തെ കുറിച്ചും, മനസ്സിനെ കുറിച്ചും കുട്ടിക്കാലം മുതൽ മനുഷ്യർ അറിയേണ്ടതുണ്ട്. ഇന്നത്തെ അറിവിന് അനുസരിച്ച് അഡ്വാൻസ്‌ഡ് ആയി ജീവിക്കാൻ മനുഷ്യരെ പഠിപ്പിക്കേണ്ടതുണ്ട്. കേവലം തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് മാറി അതിജീവനാധിഷ്ഠിത വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കേരളം മുൻപേ നടക്കണം. ലോകത്തിന് തന്നെ കേരളമെന്നും മാതൃകയാണ്. യൂറോപ്പിനോട് താരതമ്യം ചെയ്യാൻ കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണ്. ആരോഗ്യ രംഗത്തെന്നത് പോലെ വിദ്യാഭ്യാസ രംഗത്തും സാക്ഷരതയുടെ കാര്യത്തിൽ നമ്മൾ മുന്നിലാണ്.

അതോടൊപ്പം ഗുണപരതയുള്ള സാക്ഷരത നമുക്കാവശ്യമാണ്. ഫിൻലാൻഡ് പോലെ വിദ്യാഭ്യാസത്തിൽ തനത് മാതൃകയുണ്ടാക്കാൻ കേരളത്തിനാകും. അതിന്റെ ഭാഗമായുള്ള ആദ്യ ചുവടുകളിൽ ഒന്നായി, കുട്ടികളെ മനുഷ്യ മനസ്സ് എന്താണെന്ന് പഠിപ്പിക്കുന്ന പാഠ്യപദ്ധതി രൂപീകരിക്കാൻ ശ്രമിക്കാം. മനുഷ്യ മനസ്സ് ചിന്തിക്കുന്നതിൽ പരിമിതിയുള്ള ഒന്ന് കൂടിയാണ്. നമ്മൾ പലതരം ചിന്താ വൈകല്യങ്ങളിലൂടെയാണ് പലതും ചിന്തിക്കാറുള്ളത്. ഇതിനെ ബയസുകൾ (Cognitive Biases) എന്ന് പറയും. ഇവയെ കുറിച്ച് കുട്ടിക്കാലത്ത് തന്നെ മനസ്സിലാക്കുന്നത് ചിന്താശേഷി കൂടിയ മനുഷ്യരെ രൂപപ്പെടുത്തും. ഇതെല്ലാം കുട്ടികളിലേക്കെത്തിക്കാൻ അധ്യാപകരെ പരിശീലിപ്പിക്കുകയും വേണം. ഇനിയൊരു ജ്ഞാനോദയ വിപ്ലവ കാലം കേരളത്തിൽ ഉദയം കൊള്ളട്ടെ. പുതു തലമുറ ഒരിക്കലും സാമൂഹിക ദ്രുവീകരണത്തിന്റെ കാരണക്കാരായി കണക്കാക്കപ്പെട്ടു തഴയപെട്ടു പോകരുത്. ഓരോ പുതു തലമുറയും സമൂഹത്തെ മുന്നിൽ നിന്ന് നയിക്കേണ്ടവരാണെന്ന ബോധ്യത്തിൽ അവരെ പരുവപ്പെടുത്തുന്നിടത്താണ് പഴയ തലമുറയുടെ വിജയം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mental health now a days
Next Story