സമ്മർദം കുറക്കുന്ന ജേണലിങ്; ‘നിങ്ങൾ ഒരു പ്രശ്നം വ്യക്തമായി എഴുതിവെച്ചാൽ ആ വിഷയം പകുതി പരിഹരിക്കപ്പെട്ടു കഴിഞ്ഞു’
text_fieldsപ്രതീകാത്മക ചിത്രം
കുറെ പേരെങ്കിലും ജേണലിങ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. നിരവധി വിഡിയോകൾ കണ്ടിരിക്കാം, ഏറ്റവും മികച്ച ഡയറിയും പേനയും വാങ്ങിയിരിക്കാം. ഒരു സുഹൃത്തുമായുള്ള വഴക്കിന് ശേഷമോ അല്ലെങ്കിൽ ജോലിസ്ഥലത്തെ മടുപ്പിക്കുന്ന ഒരു മീറ്റിങ്ങിന് ശേഷമോ ആരോടെങ്കിലും മനസ്സുതുറക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന നിരവധി സന്ദർഭങ്ങളുണ്ട്. നിങ്ങളുടെ വികാരങ്ങൾ പങ്കുവെക്കാൻ മാത്രമല്ല, നിങ്ങളുടെ വികാരങ്ങളെ തിരിച്ചറിയാനും അടുത്തതായി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനും ജേണലിങ് സഹായിക്കും.
എന്താണ് ജേണലിങ്?
പണ്ടുകാലം മുതൽക്കേ ആളുകൾ അവരുടെ ജീവിതം, വികാരങ്ങൾ, ആശയങ്ങൾ എന്നിവ എഴുതി സൂക്ഷിക്കാറുണ്ട്. രാജകുടുംബാംഗങ്ങൾ മുതൽ സാധാരണക്കാർ വരെ, എല്ലാവർക്കും അവരുടേതായ രേഖകളുണ്ടായിരുന്നു. ഇത് അവരുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമല്ല, അവരുടെ വികാരങ്ങളെക്കുറിച്ചും വെളിപ്പെടുത്തുന്നു. epica.com അനുസരിച്ച് ജേണലിങ്ങിന് ഏകദേശം 2000 വർഷം പഴക്കമുണ്ട്. ചൈനീസ് സഞ്ചാരിയായിരുന്ന മാ ഡൂബോ ലുവോയാങ് യാത്രകൾ രേഖപ്പെടുത്തിയപ്പോഴാണ് ജേണലിങ് ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. റോമൻ സാമ്രാജ്യം മുതൽ ഇംഗ്ലീഷ് ഭരണാധികാരികൾ വരെ വിവിധ കാലഘട്ടങ്ങളിലെ ആളുകൾ ജേണലുകൾ സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും ഈ ശീലം തുടർന്നുപോരുന്നു.
ആദ്യത്തെ കാര്യങ്ങളിൽ ഒന്ന് ഒരു ജേണൽ വാങ്ങുക എന്നതാണ്. അടുത്തുള്ള ഏതെങ്കിലും നോട്ട്ബുക്കോ ഡയറിയോ എടുക്കുന്നതിന് പകരം, ഒരു പ്രത്യേക ജേണൽ സ്വന്തമാക്കുന്നത് നിങ്ങൾ ഏറ്റെടുക്കുന്ന ഈ ദൗത്യം ഗൗരവമുള്ളതാണെന്നും അത് തുടരണമെന്നും നിങ്ങൾക്കും നിങ്ങളുടെ മനസ്സിനും സൂചന നൽകുന്നു. ലെതർ കവറുള്ളതോ, പൂക്കളുടെ പ്രിന്റുള്ളതോ ആകട്ടെ, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏത് തരം ജേണലും തിരഞ്ഞെടുക്കുക. നോട്ടുബുക്കിലും മറ്റും ചിത്രങ്ങൾ വെട്ടിയൊട്ടിച്ച് ആകർഷകമാക്കാം.
എങ്ങനെ തുടങ്ങാം?
തുടക്കമിടുക: ഏറ്റവും പ്രധാനപ്പെട്ട കാര്യം എഴുതിത്തുടങ്ങുക എന്നതാണ്. എവിടെ തുടങ്ങണം എന്നതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ച് സമയം പാഴാക്കാതെ, മനസ്സിലുള്ള കാര്യങ്ങൾ എഴുതുക.
കൃത്യ സമയപരിധി വേണ്ട: എല്ലാ ദിവസവും ഒരു നിശ്ചിത സമയം തന്നെ എഴുതാൻ കണ്ടെത്തേണ്ട ആവശ്യമില്ല. നിങ്ങൾക്ക് സൗകര്യമുള്ളപ്പോഴും, എന്തെങ്കിലും എഴുതണമെന്ന് തോന്നുമ്പോഴും മാത്രം എഴുതുക. അത് ഒരു വാചകമോ ഒരു പേജോ ആകാം.
കൃത്യതയെക്കുറിച്ച് വിഷമിക്കേണ്ട: അക്ഷരത്തെറ്റുകളോ, വാക്യഘടനയിലെ പ്രശ്നങ്ങളോ, കൈയക്ഷരമോ ഒരു വിഷയമല്ല. ഇത് നിങ്ങൾക്കുവേണ്ടി മാത്രമുള്ളതാണ്. മറ്റൊരാൾ വായിക്കാൻ പോകുന്നില്ല എന്ന ചിന്തയോടെ എഴുതുക.
വികാരങ്ങളെ തിരിച്ചറിയുക: നടന്ന കാര്യങ്ങൾ മാത്രം എഴുതാതെ, ആ സംഭവങ്ങളോട് നിങ്ങൾക്ക് തോന്നിയ വികാരങ്ങൾ എന്തൊക്കെയായിരുന്നു എന്ന് കുറിക്കുക. ഇത് നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ നൽകും.
പരീക്ഷിക്കുക: ഓരോ ദിവസവും ഒരേ രീതിയിൽ തന്നെ എഴുതണമെന്ന് നിർബന്ധമില്ല. ചിലപ്പോൾ ഒരു കവിത എഴുതാം, ചിലപ്പോൾ ഒരു ലിസ്റ്റ് ഉണ്ടാക്കാം, അല്ലെങ്കിൽ അന്ന് നടന്ന നല്ല കാര്യങ്ങൾ മാത്രം എഴുതാം. വ്യത്യസ്തമായ രീതികൾ പരീക്ഷിച്ച് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട രീതി കണ്ടെത്തുക.
ഫ്രീ-റൈറ്റിങ്
കിഡ്‌ലിൻസ് നിയമം എന്നൊരു പ്രശ്‌നപരിഹാര സിദ്ധാന്തമുണ്ട്. അതിൽ ഇങ്ങനെ പറയുന്നു. ‘നിങ്ങൾ ഒരു പ്രശ്നം വ്യക്തമായി എഴുതിവെച്ചാൽ, ആ വിഷയം പകുതി പരിഹരിക്കപ്പെട്ടു കഴിഞ്ഞു’. അതിരുകടന്ന വികാരങ്ങൾ (പോസിറ്റീവായതോ നെഗറ്റീവായതോ) കൊണ്ട് നിങ്ങൾ നിറഞ്ഞിരിക്കുമ്പോൾ, നിങ്ങളുടെ ജേണലിൽ ഫ്രീ-റൈറ്റിങ് ചെയ്യാൻ ശ്രമിക്കുക. ഇതിനായി ഏതാനും മിനിറ്റുകളിലേക്ക് ഒരു ടൈമർ സജ്ജീകരിക്കുക. നിങ്ങളുടെ മനസ്സിലേക്ക് വരുന്നതെല്ലാം, നിർത്താതെയും എഡിറ്റ് ചെയ്യാതെയും എഴുതുക. ഇതിലൂടെ നിങ്ങളുടെ ചിന്തകളെ നിങ്ങൾ വ്യക്തമാക്കുക മാത്രമല്ല, പിന്നീട് അവയെക്കുറിച്ച് സ്വയം വിലയിരുത്താനും സാധിക്കും.
ജേണലിങ് ഉപയോഗിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്താനും, ആത്മവിശ്വാസം പ്രോത്സാഹിപ്പിക്കാനും, വൈകാരിക ബുദ്ധി വർധിപ്പിക്കാനും കഴിയും എന്ന് യൂണിവേഴ്സിറ്റി ഓഫ് സെന്‍റ് അഗസ്റ്റിൻ ഫോർ ഹെൽത്ത് സയൻസസ് പിന്തുണക്കുന്നു. പ്രോംപ്റ്റുകൾ ഉപയോഗിക്കുക. എഴുതാൻ നിങ്ങളെ പ്രചോദിപ്പിക്കുന്ന ചോദ്യങ്ങളോ, നിർദ്ദേശങ്ങളോ, അല്ലെങ്കിൽ ആശയങ്ങളോ ആണ് ജേണലിങ് പ്രോംപ്റ്റുകൾ. യുടൂബിലും പിൻട്രസ്റ്റിലും ചാറ്റ് ജി.പി.ടിയിലും മറ്റും ജേണലിങ് പ്രോംപ്റ്റുകൾ കണ്ടെത്താൻ കഴിയും. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത വികാരങ്ങൾ ഏതെല്ലാം?, എന്തൊക്കെയാണ് എനിക്ക് ചെയ്യാൻ ഇഷ്ടം എന്നൊക്കെയുള്ളത് ചില ഉദാഹരണങ്ങളാണ്.
ജേണലിങ്ങിൽ എല്ലാ ദിവസവും നിങ്ങൾ കൃതജ്ഞതയുള്ള കാര്യങ്ങൾ എഴുതുന്ന ഒരു ശീലമാക്കി മാറ്റുന്നത് കൂടുതൽ ഗുണം ചെയ്യും. ഇവ വികാരങ്ങളോ, ആശയങ്ങളോ, സുഹൃത്തുക്കളോ, കുടുംബാംഗങ്ങളോ, അല്ലെങ്കിൽ തുണികൾ കഴുകുക പോലുള്ള ദൈനംദിന ജോലികൾ പൂർത്തിയാക്കിയതോ ആകാം. ഇത് എല്ലാ ദിവസവും ജീവിതത്തിലെ പോസിറ്റീവായ കാര്യങ്ങളെ ഓർമിപ്പിക്കുകയും നിങ്ങളെ ഒരു റിഫ്ലക്ടീവ് മൂഡിലേക്ക് എത്തിക്കുകയും ചെയ്യുന്നു. എല്ലാം എഴുതാൻ ബുദ്ധിമുട്ടുള്ളവർക്ക് അന്നത്തെ നിങ്ങളുടെ ഇഷ്ടപ്പെട്ട ഓർമയോ അല്ലെങ്കിൽ നിങ്ങൾ സന്ദർശിച്ച സ്ഥലമോ വരച്ചുകൊണ്ടോ അല്ലെങ്കിൽ ചിത്രങ്ങൾ ഒട്ടിച്ചുകൊണ്ടോ ജേണലിങ് ചെയ്യാവുന്നതാണ്. ഹസ്സോൺ യൂണിവേഴ്സിറ്റി പറയുന്നതനുസരിച്ച് കലാരൂപങ്ങൾ സൃഷ്ടിക്കുന്നത് സ്വാഭാവികമായും സമ്മർദ നില കുറക്കുകയും ഉത്കണ്ഠ ലഘൂകരിക്കുകയും ചെയ്യും.'
ജേണലിങ് ശരിക്കും ഫലപ്രദമാണോ?
ജേണലിങ് ഫലപ്രദമാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉത്കണ്ഠയുടെ അളവ് കുറക്കുന്നതിന് സഹായിക്കുന്നു. മാനസിക സമ്മർദ്ദം കുറക്കുന്നതിനും ഇത് ഫലപ്രദമാണ്. വിഷാദാവസ്ഥയെ കൈകാര്യം ചെയ്യാനും നിങ്ങളുടെ മുൻഗണനകളും ആശങ്കകളും വിലയിരുത്താനും ഇത് സഹായിക്കും. നിങ്ങളുടെ വികാരങ്ങളെ അസ്വസ്ഥമാക്കുന്ന കാര്യങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു. പോസിറ്റീവ് സെൽഫ്-ടോക്ക് വളർത്താൻ സഹായിക്കുന്നു. ജേണലിങ് മെച്ചപ്പെട്ട മാനസികാരോഗ്യത്തിലേക്കുള്ള നിരവധി പരിഹാരങ്ങളിൽ ഒന്നു മാത്രമാണ്. ഇതിനോടൊപ്പം ഒരു ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

