‘അവർക്ക് വേണ്ടത് മാനസിക പിന്തുണ’; വിദേശത്തെ പഠനസമ്മർദവും ഏകാന്തതയും വിദ്യാർഥികളെ തളർത്തുന്നതെങ്ങനെ?
text_fieldsഅമേരിക്കയിലെ ഒരു പ്രമുഖ കോളജിൽ പ്രവേശനം ലഭിച്ചപ്പോൾ ആ 20കാരൻ അതീവ സന്തോഷവാനായിരുന്നു. നാട്ടിൽ സയൻസ് മത്സരങ്ങളിലെല്ലാം ഒന്നാമനായിരുന്ന അവന്റെ ജീവിതം ആറുമാസം കൊണ്ട് മാറിമറിഞ്ഞു. ഫോൺ വിളിക്കുമ്പോൾ പഴയ ആവേശം കാണാനില്ല, ഉത്തരങ്ങൾ ഒറ്റവാക്കിലൊതുങ്ങി, ഗ്രേഡുകൾ കുറഞ്ഞു തുടങ്ങി. മുംബൈയിലെ സൈക്കോളജിസ്റ്റ് ഉർവശി മുസാലെയോട് അവൻ തന്റെ സങ്കടം പങ്കുവെച്ചു.
‘ഇവിടെ എല്ലാവരും എന്നെക്കാൾ മിടുക്കരാണ്. ഞാൻ വെറുമൊരു ശരാശരിക്കാരൻ മാത്രം. എനിക്ക് യഥാർത്ഥ കൂട്ടുകാരില്ല, ഇവിടുത്തെ സംസ്കാരവുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. മാതാപിതാക്കളുടെ പണം വെറുതെ കളയുകയാണോ എന്ന കുറ്റബോധം എന്നെ വേട്ടയാടുന്നു’. വിദേശ സർവ്വകലാശാലകളിൽ പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദവും 'ഐഡന്റിറ്റി കൊളാപ്സ്' എന്ന പ്രതിസന്ധിയും വളരെ രൂക്ഷമായികൊണ്ടിരിക്കുകയാണ്.
എന്താണ് ഐഡന്റിറ്റി കൊളാപ്സ്?
ഒരു വ്യക്തി തന്റെ കരിയറോ, പഠനമോ, നേട്ടങ്ങളോ അടിസ്ഥാനമാക്കി കെട്ടിപ്പടുത്തിട്ടുള്ള സ്വയംപ്രതിച്ഛായ തകരുന്ന അവസ്ഥയാണ് 'ഐഡന്റിറ്റി കൊളാപ്സ്'. ഇത് വ്യക്തിയെ മാനസികമായി തളർത്തുകയും നിത്യജീവിതം പ്രയാസകരമാക്കുകയും ചെയ്യുന്നു. അടുത്തിടെ കാലിഫോർണിയയിൽ മരിച്ച സാകേത് എന്ന വിദ്യാർഥിയുടെ അവസ്ഥയും ഇതിലേക്ക് വിരൽചൂണ്ടുന്നു. സാകേത് ആഹാരം കഴിക്കുന്നത് കുറക്കുകയും ക്ലാസിൽ ബാത്ത്റോബ് ധരിച്ചുപോവുകയും ചെയ്യുംവിധം മാനസികമായി തളർന്നിരുന്നു.
പ്രകടന ഉത്കണ്ഠയും കുറ്റബോധവും
ഇന്ത്യൻ വിദ്യാർഥികളുടെ വ്യക്തിത്വം പലപ്പോഴും അവരുടെ മാർക്കുകളെയും റാങ്കിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. മാതാപിതാക്കളുടെ സംസാരം എപ്പോഴും പഠനം, സ്കോറുകൾ, കരിയർ എന്നിവയെക്കുറിച്ച് മാത്രമായിരിക്കും. വലിയ തുക മുടക്കി വിദേശത്ത് അയച്ചതിനാൽ, മികച്ച വിജയം നേടിയില്ലെങ്കിൽ അത് മാതാപിതാക്കളോടുള്ള ചതിയാകുമോ എന്ന കുറ്റബോധം വിദ്യാർഥികളിലുണ്ടാകുന്നു. ഇത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയിലേക്കും ഉറക്കമില്ലായ്മയിലേക്കും പാനിക് അറ്റാക്കുകളിലേക്കും അവരെ നയിക്കുന്നു.
പരാജയപ്പെടുമെന്ന ഭയം, ഏകാഗ്രത കുറയുക, എപ്പോഴും മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുക, 'ഞാൻ ഒരു പരാജയമാണ്' എന്ന ചിന്ത, അമിതമായ നെഞ്ചിടിപ്പ്, കൈകാലുകൾ വിറക്കുക, ഉറക്കമില്ലായ്മ, അമിതമായി വിയർക്കുക, ദഹനപ്രശ്നങ്ങൾ ഈ ഉത്കണ്ഠയുടെ ലക്ഷണങ്ങളാണ്. വിദേശ സർവ്വകലാശാലകളിൽ ഇതിനായി 'സ്റ്റുഡന്റ് കൗൺസിലിങ് സെന്ററുകൾ' ഉണ്ടാകും. അവിടെ സംസാരിക്കുന്നത് ഒരു പരിധി വരെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. കൗൺസിലിങ് സെന്ററുകളിൽ പോയി സംസാരിക്കാൻ വലിയൊരു വിഭാഗം വിദ്യാർഥികൾക്കും മടിയുണ്ട്. ഇതിനെ 'സോഷ്യൽ സ്റ്റിഗ്മ' വിളിക്കുന്നു.
തിരിച്ചുവരവിനുള്ള വഴികൾ
ചുറ്റുപാടുകളല്ല പ്രശ്നം, മറിച്ച് സാഹചര്യങ്ങളെ നാം എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. കുട്ടികൾ വിദേശത്ത് പഠിക്കുമ്പോൾ മാതാപിതാക്കൾ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് മുസാലെ ചില നിർദേശങ്ങൾ നൽകുന്നുണ്ട്.
വൈകാരികമായ അന്വേഷണങ്ങൾ: പഠനത്തെക്കുറിച്ച് മാത്രം ചോദിക്കാതെ അവരുടെ മാനസികാവസ്ഥയെക്കുറിച്ച് ചോദിച്ചറിയുക.
പണത്തെക്കുറിച്ച് പറയാതിരിക്കുക: നിങ്ങൾ ചെലവാക്കിയ പണത്തെക്കുറിച്ചോ ഗൂഗ്ളിലും മറ്റും ജോലി ചെയ്യുന്ന ബന്ധുക്കളെക്കുറിച്ചോ പറഞ്ഞ് അവരെ സമ്മർദത്തിലാക്കരുത്.
ലക്ഷണങ്ങൾ തിരിച്ചറിയുക: കുട്ടി ഒറ്റപ്പെടുന്നുണ്ടോ, സംസാരിക്കുന്നത് കുറഞ്ഞോ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക.
പല സർവ്വകലാശാലകളും പേര് വെളിപ്പെടുത്താതെ സംസാരിക്കാനുള്ള സൗകര്യം നൽകുന്നുണ്ട്. വിദ്യാർഥികൾക്ക് മാത്രമായുള്ള ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ച് മടിയില്ലാതെ കാര്യങ്ങൾ പറയാം. ആരോടും പറയാൻ താല്പര്യമില്ലാത്തവർക്ക് തങ്ങളുടെ വികാരങ്ങൾ ഒരു ഡയറിയിലോ ഫോണിലോ എഴുതി വെക്കാം. ഓട്ടം, നീന്തൽ അല്ലെങ്കിൽ ജിമ്മിൽ പോകുന്നത് വഴി ശരീരത്തിൽ 'എൻഡോർഫിൻ' എന്ന ഹോർമോൺ ഉല്പാദിപ്പിക്കപ്പെടും. ഇത് സ്വാഭാവികമായും ഉത്കണ്ഠ കുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

