ഫ്രാൻസെസ്ക് മിറായെസ് പറയുന്നു; നിർമിത ബുദ്ധി കാലത്ത് നിങ്ങളുടെ ഇക്കിഗായ്
text_fieldsനിർമിത ബുദ്ധിയുടെ ഇക്കാലത്ത് പരമ്പരാഗത ജോലികൾ ഇല്ലാതാകുന്ന യഥാർഥ്യത്തെ എങ്ങനെ നേരിടണമെന്നും ജീവിത ലക്ഷ്യങ്ങൾ എങ്ങനെ പുനർ നിർവചിക്കണമെന്നും ‘ഇക്കിഗായ്’ രചയിതാവ് പറയുന്നു
‘ജീവിതത്തിന്റെ ലക്ഷ്യമെന്ത്’ എന്ന ചോദ്യം പോലും ഇന്ന് കോർപറേറ്റുകൾ ഏറ്റെടുത്തിരിക്കുകയാണെന്നും ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്ന കാലമാണെന്നും ‘ഇക്കിഗായ്’ യുടെ രചയിതാവ് ഫ്രാൻസെസ്ക് മിറായെസ്. ജീവിതത്തിന്റെ അർഥവും സന്തോഷജീവിതവും തേടാനുള്ള പരമ്പരാഗത ജാപ്പനീസ് സങ്കൽപമായ ഇക്കിഗായിയെ കുറിച്ച് ഫ്രാൻസെസ്ക് മിറായെസും ഹെക്ടർ ഗാർഷ്യയും ചേർന്നെഴുതിയ ‘ഇക്കിഗായ്: ദ ജാപ്പനീസ് സീക്രട്ട് ടു എ ലോങ് ആൻഡ് ഹാപ്പി ലൈഫ്’ ഏറെ പ്രശസ്തമാണ്. നിർമിത ബുദ്ധിയുടെ ഇന്നത്തെ ലോകത്ത് പരമ്പരാഗത ജോലികൾ പലതും എ.ഐ കൊണ്ടുപോകുമെന്ന യഥാർഥ്യത്തെ എങ്ങനെ നേരിടണമെന്നും ജീവിത ലക്ഷ്യങ്ങൾ എങ്ങനെ പുനർ നിർവചിക്കണമെന്നും ഫ്രാൻസെസ്ക് വിശദീകരിക്കുന്നു.
തൊഴിലുകൾ എ.ഐ പിടിച്ചടക്കുമ്പോൾ ജീവിതലക്ഷ്യം എങ്ങനെ കണ്ടെത്തും?
തീർത്തും യാന്ത്രികവും ആവർത്തിച്ചുമുള്ള ഒരു ജോലിയിലാണെങ്കിൽ എ.ഐ നിങ്ങളുടെ പകരക്കാരനാകാൻ എല്ലാ സാധ്യതയുമുണ്ട്. നേരെ മറിച്ച്, ഭാവനയും സഹജാവബോധവും സാഹചര്യത്തിനനുസരിച്ചുള്ള അപ്ഡേഷനും വളർത്തിയെടുക്കുന്നുണ്ടെങ്കിൽ ലോകത്തിന് നൽകാൻ ഇനിയുമുണ്ടാകും നിങ്ങളിൽ.
ഇക്കിഗായിയുടെ അർഥം ഡിജിറ്റൽ കാലത്ത് മാറിയോ?
തീർത്തും വ്യക്തിഗതമായ സങ്കൽപമാണ് ഇക്കിഗായ്. ചിലർക്കത് സ്വാതന്ത്ര്യവും പ്രകൃത്യായുള്ള ജീവിതവുമാണ്. മറ്റു ചിലർക്കത് ബിസിനസ് സംരംഭം ഉയർത്തിക്കൊണ്ടുവരലാണ്. ഇന്ന് വ്യക്തികൾ അവരവരുടെ ഇക്കിഗായ് വികസിപ്പിച്ച് ലക്ഷ്യബോധം കണ്ടെത്തണം.
ഉപഭോക്തൃ സംസ്കാരം ജീവിത സന്തോഷം കെടുത്തുന്നു ?
ഉപഭോഗവും സമയവും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു. കൂടുതൽ പണം വേണോ, കൂടുതൽ നേരം ജോലി ചെയ്യണം. നിങ്ങളുടെ ഇക്കിഗായ് അഥവാ ജീവിത ലക്ഷ്യം കണ്ടെത്തുന്നതിന് സമയം കിട്ടില്ല. പരിഹാരം ലളിതമാണ്. മിനിമൽ ജീവിതം ശീലിക്കുക, ചെലവു ചുരുക്കുക, ആവശ്യമെങ്കിൽ ജീവിതച്ചെലവ് കുറവുള്ള പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കുക. അങ്ങനെ ലാഭിച്ച സമയം കൊണ്ട് ജീവിതാർഥം തേടാം.
നമ്മുടെ സമയവും ശ്രദ്ധയും ഡേറ്റയും ഉപയോഗിച്ച് കമ്പനികൾ ലാഭം കൊയ്യുന്നു. പരിഹാരം ?
അനലോഗ് ജീവിതമാണ് പരിഹാരം. ഒരു വിവരമറിയാനോ മെയിലയക്കാനോ ഉള്ള അത്യാവശ്യത്തിനു മാത്രം സ്ക്രീനിനു മുന്നിലെത്തുക. ബാക്കി സമയം ഓഫ്ലൈൻ ആയിരിക്കണം. എന്നിട്ട് യഥാർഥ ലോകത്തേക്ക് തിരിയണം. ഡിജിറ്റൽ ഡിസ്ട്രാക്ഷനുകളിൽ നിന്ന് എത്ര സ്വതന്ത്രമാകുന്നോ, അത്രയും നിങ്ങൾക്ക് ജീവിതത്തിൽ നിയന്ത്രണം ലഭിക്കും.
എന്താണ് ഇക്കിഗായ്
ജീവിതവുമായി ബന്ധപ്പെട്ട ജാപ്പനീസ് സങ്കൽപമാണ് ഇക്കിഗായ് (Ikigai) എന്നത്. ജീവിതത്തിന്റെ അർഥം അഥവാ ജീവിച്ചിരിക്കുന്നതിന്റെ ആവശ്യം എന്നെല്ലാം ഇക്കിഗായിയെ നിർവചിക്കാം. ‘ഇക്കി’ എന്നാൽ ‘ജീവിക്കുക’ എന്നും ‘ഗായ്’ എന്നാൽ ‘കാരണം’, ‘അർഥം’ എന്നും ആണ് വിശദീകരണം. ജീവിതത്തിൽ എന്താണ് പരമപ്രധാനമായതെന്ന് കണ്ടെത്താനും, അർഥവും സന്തോഷവുമുള്ള ദീർഘജീവിതം നയിക്കാനുമുള്ള വിവിധ മാർഗങ്ങൾ ഇക്കിഗായ് സങ്കൽപം പറഞ്ഞുതരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

