Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഷാദരോഗത്തിന്റെ ദൈർഘ്യം മസ്തിഷ്ക പ്രവർത്തനങ്ങളെ ബാധിക്കുമോ? പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ത്‍?

text_fields
bookmark_border
വിഷാദരോഗത്തിന്റെ ദൈർഘ്യം മസ്തിഷ്ക പ്രവർത്തനങ്ങളെ ബാധിക്കുമോ? പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ത്‍?
cancel

ഒരാൾ ദീർഘകാലം വിഷാദരോഗത്തിന് അടിമപ്പെടുകയാണെങ്കിൽ അയാളുടെ മസ്തിഷ്കത്തിന്‍റെ പ്രവർത്തനങ്ങളിൽ മാറ്റം വരുമെന്ന് പുതിയ പഠനങ്ങൾ. ബ്രസീലിലെ സാവോ പോളോ, ഓഫ് ഓക്സ്ഫോർഡ് സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിന് വഴിവെച്ചത്. അതിതീവ്രമായ വിഷാദരോഗമുള്ള 46 രോഗികളുടെ മസ്തിഷ്ക ചിത്രങ്ങൾ വിശകലനം ചെയ്തായിരുന്നു ഗവേഷണം.

വിഷാദരോഗത്തിന്റെ ദൈർഘ്യം മസ്തിഷ്കത്തിന്റെ പ്രവർത്തനപരമായ പരസ്പരബന്ധത്തെ (Functional brain connectivity) ബാധിക്കുന്നു എന്നാണ് `സയന്‍റിഫിക്സ് റിപ്പോർട്ട്' എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. ഭാവിയിൽ ചികിത്സാരീതികൾ വികസിപ്പിച്ചെടുക്കാൻ ഈ കണ്ടെത്തലുകൾ സഹായിച്ചേക്കും. താരതമ്യേന ഗുരുതര വിഷാദരോഗം മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്താം ഗവേഷകരിലൊരാളും സാവോ പോളോ റിസർച്ച് ഫൗണ്ടേഷൻ ഫെലോഷിപ്പ് ജേതാവുമായ തമിറെസ് സനാവോ അറിയിച്ചു.

രണ്ട് വർഷത്തിൽ കൂടുതൽ വിഷാദരോഗം അനുഭവിക്കുന്ന രോഗികളുടെയും ഇതിൽ കുറഞ്ഞ കാലളവിലുള്ള രോഗികളുടെയും മസ്തിഷ്കത്തിലെ രണ്ട് പ്രധാന ശൃംഖലകളായ സെന്‍ട്രൽ എക്സിക്യൂട്ടീവ് നെറ്റ്‍വർക്കിലും (സി.ഇ.എന്‍) ഡിഫോൾഡ് മോഡ് നെറ്റ്‍വർക്കിലും (ഡി.എം.എന്‍) തികച്ചും വ്യത്യസ്തമായ കണക്റ്റിവിറ്റി പാറ്റേണുകളാണ് കണ്ടെത്തിയതെന്ന് സനാവോ വ്യക്തമാക്കി. കാര്യനിർവഹണ നിയന്ത്രണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശൃംഖലയാണ് സി.ഇ.എന്‍. ആത്മപരിശോധനയും ചിന്തകളുമായി ബന്ധപ്പെട്ടിരിക്കുന്ന ശൃംഖലയാണ് ഡി.എം.എന്‍.

രോഗത്തിന്റെ ദൈർഘ്യം രണ്ട് നെറ്റ്‍വർക്കുകളും തമ്മിലുള്ള പ്രവർത്തനപരമായ കണക്റ്റിവിറ്റിയെ സ്വാധീനിക്കുന്നു എന്നതാണ് പ്രധാന കണ്ടെത്തൽ. സാധാരണഗതിയിൽ ഈ രണ്ട് ശൃംഖലകളും ഒരാളുടെ പ്രവൃത്തികൾക്കും ചിന്തകൾക്കും ഇടയിൽ മാറ്റം വരാന്‍ സഹായിക്കുന്ന ശൃംഖലയായ സാലിയന്‍റ് നെറ്റ്‍വർക്കുമായി ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ വിഷാദരോഗമുള്ളവരിൽ ഈ പ്രവർത്തനം തകിടം മറിയാം. ഇത് നെഗറ്റീവ് ചിന്തകളിൽ തന്നെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലേക്കും (Rumination) ഏകാഗ്രതക്കുറവിലേക്കും നയിക്കുന്നു.

ഏകാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ എക്സിക്യൂട്ടീവ് കൺട്രോളിനെ സഹായിക്കുന്ന മസ്തിഷ്ക ഭാഗങ്ങളിൽ ഡോർസോലേറ്ററൽ പ്രീഫ്രണ്ടൽ കോർട്ടെക്സ് ഉൾപ്പെടുന്നു. അതേസമയം ആത്മപരിശോധന, പെട്ടെന്നുള്ള ചിന്തകൾ തുടങ്ങിയ ആന്തരിക പ്രക്രിയകളിൽ പങ്കാളികളാകുന്നത് മീഡിയൽ പ്രീഫ്രണ്ടൽ കോർട്ടെക്സ് , പ്രികുനിയസ്(Precuneus), ഹിപ്പോകാമ്പസ്(Hippocampus) എന്നിവയാണ്. പല ഉപ-ശൃംഖലകളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഡിഫോൾട്ട് മോഡ് നെറ്റ്‍വർക്കിൽ മസ്തിഷ്ക കണക്ടിവിറ്റിയുടെ പ്രധാനകേന്ദ്രമായ പ്രികുനിയസും ഉൾപ്പെടുന്നു.

ചെറിയ തോതിലുള്ള വിഷാദരോഗമുള്ളവരിൽ സി.ഇ.എന്‍ ഉം ഡി.എം.എന്‍ ലെ പ്രികുനിയൽ ഭാഗങ്ങളും തമ്മിലുള്ള പ്രവർത്തനപരമായ ബന്ധം കുറയുന്നു. എന്നാൽ ദീർഘകാലവിഷാദമുള്ളവരിൽ ഈ രണ്ട് ശൃംഖലകൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു. `വിഷാദരോഗം ബാധിച്ച മസ്തിഷ്കത്തിലെ കണക്റ്റിവിറ്റിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സമയത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കാം എന്ന അനുമാനത്തെ ഈ ഫലങ്ങൾ പിന്തുണക്കുന്നു.

പ്രാരംഭ ഘട്ടങ്ങളിൽ ചില ശൃംഖലകൾ തമ്മിലുള്ള കണക്റ്റിവിറ്റി കുറയാമെന്നും എന്നാൽ രോഗം ആവർത്തിക്കുകയോ ദീർഘകാലം നീണ്ടുനിൽക്കുകയോ ചെയ്യുമ്പോൾ ഈ പ്രവർത്തനപരമായ ബന്ധത്തിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകുമെന്നുമാണ് മുന്‍കാലഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്' സനാവോ കൂട്ടിച്ചേർത്തു. ഭാവിയിൽ ഓരോ വ്യക്തിയുടെയും അവസ്ഥയ്ക്കനുസരിച്ച് കൂടുതൽ ഫലപ്രദമായ ചികിത്സകൾ രൂപകൽപ്പന ചെയ്യാൻ ഈ കണ്ടെത്തലുകൾ സഹായിക്കുമെന്ന് ഗവേഷകർ പ്രത്യാശിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Does the duration of depression affect brain functions? What do studies indicate?
Next Story