ഈ ഡോപമിൻ ലൂപ്പിൽ പെട്ട് പോകല്ലേ...; ‘ഡിജിറ്റൽ ഡീറ്റോക്സ്’ എടുക്കൂ, ഡിജി ലോകത്തിൽ നിന്ന് ബ്രേക്ക് എടുക്കൂ
text_fieldsസ്മാർട്ട്‌ഫോൺ, കമ്പ്യൂട്ടർ, ടാബ്‌ലെറ്റ്, സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കാൻ കഴിയുമോ? ഇടവേള പോയിട്ട് അതിൽ നിന്ന് കണ്ണെടുക്കാൻ പോലും കഴിയുന്നില്ലല്ലേ. ഡിജിറ്റൽ ലോകം അത്രയും ആഴത്തിലാണ് മനുഷ്യനെ സ്വാധീനിക്കുന്നത്. എന്നാൽ അഡിക്ഷൻ കുറക്കാനും സാങ്കേതികവിദ്യയിൽ നിന്ന് മനഃപൂർവം ഒരു ഇടവേള എടുക്കുന്നതിനും വേണ്ടിയുള്ള ഒരു പരിശീലനമാണ് ‘ഡിജിറ്റൽ ഡീറ്റോക്സ്’. ശ്രദ്ധ, മാനസികാരോഗ്യം, സാമൂഹിക ബന്ധങ്ങൾ, ഉറക്കം എന്നിവയെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. 2024ൽ ഇന്ത്യൻ ഗവേഷകരുടെ ഒരു സംഘം മെഡിക്കൽ ജേണലായ ക്യൂറസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഡിജിറ്റൽ സ്‌ക്രീനിന്റെ നിരന്തരമായ ഉപയോഗം തലച്ചോറിനെ സമ്മർദത്തിലാക്കുകയും സ്വാഭാവിക വിശ്രമ ചക്രങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് പറയുന്നു.
മുതിർന്നവരിൽ 61ശതമാനത്തിലധികം പേർ ഇന്റർനെറ്റിനും ഡിജിറ്റൽ സ്ക്രീനുകൾക്കും അടിമകളാണെന്ന് സമ്മതിക്കുന്നു എന്നത് വളരെ ഗൗരവമായ ഒരു വിഷയമാണ്. ഉറക്കമില്ലായ്മ, കണ്ണിന് ആയാസം, കഴുത്തുവേദന, വ്യായാമക്കുറവ് മൂലമുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയും സോഷ്യൽ മീഡിയ ഉപയോഗം കൂടിയാൽ സംഭവിക്കും. ആപ്പുകളും വെബ്‌സൈറ്റുകളും നമ്മളെ കൂടുതൽ സമയം ഹൂക്ക് ചെയ്ത് നിർത്താനായി മനഃപൂർവം രൂപകൽപ്പന ചെയ്തവയാണ്. സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ, ലൈക്കുകൾ, പുതിയ വിവരങ്ങൾ എന്നിവയെല്ലാം തലച്ചോറിൽ ഡോപാമിൻ ഉത്പാദിപ്പിക്കുന്നു. ഈ ഡോപമിൻ ലൂപ്പാണ് നമ്മളെ വീണ്ടും സ്ക്രീനിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയുടെ തുടർച്ചയായ ഉപയോഗം വിഷാദം, ഉത്കണ്ഠ, ഒറ്റപ്പെടൽ എന്നിവക്ക് കാരണമാകും. ഡീറ്റോക്സ് എടുക്കുന്നത് ഈ സമ്മർദ്ദങ്ങൾ കുറക്കാൻ സഹായിക്കുന്നുമെന്ന് പഠനങ്ങൾ പറയുന്നു. നിരന്തരമായ നോട്ടിഫിക്കേഷനുകൾ കാരണം കുറഞ്ഞുപോകുന്ന ശ്രദ്ധാശക്തി തിരികെ കൊണ്ടുവരാനും ഒരു കാര്യത്തിൽ കൂടുതൽ നേരം ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു. രാത്രിയിൽ സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം ഉറക്കത്തെ സഹായിക്കുന്ന ഹോർമോണായ മെലടോണിന്‍റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു. ഡീറ്റോക്സ് ഉറക്കം മെച്ചപ്പെടുത്തും. ഡിജിറ്റൽ ലോകത്ത് നിന്ന് പുറത്തുവരുന്നത് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം നേരിട്ട് സമയം ചെലവഴിക്കാനും ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങൾ സ്ഥാപിക്കാനും അവസരം നൽകുന്നു. വിരസത അനുഭവപ്പെടുമ്പോൾ ഉടൻ ഫോൺ എടുക്കുന്ന ശീലം ഒഴിവാക്കി, ആ സമയത്ത് പുതിയ ഹോബികളോ സർഗ്ഗാത്മക കാര്യങ്ങളോ ചെയ്യാൻ പ്രേരിപ്പിക്കുന്നു.
എങ്ങനെ ഡിജിറ്റൽ ഡീറ്റോക്സ് ചെയ്യാം?
- ചെറിയ ഇടവേളകളിൽ തുടങ്ങുക: ഒരു ദിവസം ഒരു മണിക്കൂർ, അല്ലെങ്കിൽ ആഴ്ചയിൽ ഒരു ദിവസം പൂർണ്ണമായി ഫോൺ ഉപയോഗിക്കാതിരിക്കുക.
- നോട്ടിഫിക്കേഷൻ ഓഫ്: അനാവശ്യമായ എല്ലാ ആപ്പുകളുടെയും നോട്ടിഫിക്കേഷനുകൾ ഓഫാക്കുക. ഇത് ഫോൺ എടുക്കാനുള്ള പ്രേരണ കുറക്കും.
- ഉറങ്ങുന്നതിന് മുമ്പ് ഒഴിവാക്കുക: ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും സ്ക്രീനുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും നിർത്തുക. കിടപ്പുമുറിയിൽ നിന്ന് ഫോൺ മാറ്റിവെച്ച് അലാറത്തിനായി സാധാരണ ക്ലോക്ക് ഉപയോഗിക്കുക.
- ഹോബികൾ: ഒഴിവു സമയങ്ങളിൽ ഫോണിന് പകരം പുസ്തകങ്ങൾ വായിക്കുക, വ്യായാമം ചെയ്യുക, പ്രകൃതിയിലേക്ക് ഇറങ്ങുക, അല്ലെങ്കിൽ പഴയ ഹോബികൾ പുനരാരംഭിക്കുക.
- കൃത്യമായ സമയപരിധി: ചില ആപ്പുകൾ ഉപയോഗിക്കാനായി ഒരു നിശ്ചിത സമയം (ഉദാഹരണത്തിന്, സോഷ്യൽ മീഡിയക്ക് ദിവസം 30 മിനിറ്റ്) നിശ്ചയിച്ച് അത് കർശനമായി പാലിക്കുക.
- ഫോൺ ഫ്രീ സോണുകൾ: ഊണുമുറി, കിടപ്പുമുറി, അല്ലെങ്കിൽ കുടുംബത്തോടൊപ്പമുള്ള സമയം എന്നിവ 'ഫോൺ ഫ്രീ സോണുകൾ' ആക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

