ഭക്ഷണ ആഗ്രഹങ്ങൾ നിയന്ത്രിക്കാനാകുമോ?; ഫുഡ് ക്രേവിങ്സ് മറികടക്കാൻ അഞ്ച് മാർഗങ്ങൾ
text_fieldsവിശപ്പില്ലാതെയും ചില പ്രത്യേക ഭക്ഷണങ്ങളോടുള്ള കൊതി നമ്മെ പിടികൂടുന്ന അനുഭവം എല്ലാവർക്കും പരിചിതമാണ്. ബർഗറും ഫ്രെഞ്ച് ഫ്രൈസും മുതൽ മധുരപലഹാരങ്ങൾ വരെയുള്ള ഈ ‘ഫുഡ് ക്രേവിങസ്’ ശരിയായ ഭക്ഷണശീലം പാലിക്കുന്നവർക്കുപോലും വെല്ലുവിളിയാണ്.
ഭാരം കുറയ്ക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ശ്രമിക്കുന്നവരിൽ ഇത്തരം ആഗ്രഹങ്ങൾ വലിയ തടസ്സമാകാറുണ്ടെന്ന് അമേരിക്കയിലെ റഷ് സർവകലാശാലയിലെ സെന്റർ ഫോർ വെയ്റ്റ് ലോസ് ആൻഡ് ലൈഫ്‌സ്റ്റൈൽ മെഡിസിൻ ഡോക്ടർ നയോമി പരെല്ല പറയുന്നു. ഗർഭകാലം, ആർത്തവം, ഹോർമോൺ മാറ്റങ്ങൾ, മാനസികാവസ്ഥ, പോഷകക്കുറവ് തുടങ്ങി പല കാരണങ്ങളാണ് ഫുഡ് ക്രേവിങ്സിന് പിന്നിലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ഭക്ഷണ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഫലപ്രദമായ മാർഗങ്ങളാണ് താഴെ പറയുന്നത്.
1. ആഗ്രഹത്തിന്റെ കാരണമെന്തെന്ന് കണ്ടെത്തുക
ഒരു പ്രത്യേക ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഉണ്ടാകുമ്പോൾ അതിന് പിന്നിലെ കാരണം കണ്ടെത്തുക അത്യാവശ്യമാണ്. ചിലപ്പോൾ അത് വിശപ്പല്ല, മറിച്ച് മാനസിക സമ്മർദമോ ദുഃഖമോ ആയിരിക്കാം. ഒരു രോഗിക്ക് സോഡ കുടിക്കണമെന്ന അമിത ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഡോ. പരെല്ല പറയുന്നു. ഓരോ തവണയും ആഗ്രഹം തോന്നുമ്പോൾ അദ്ദേഹം തന്റെ മാനസികാവസ്ഥ കുറിച്ചുവെക്കാൻ തുടങ്ങിയപ്പോൾ, ദുഃഖമോ വിഷമമോ ഉണ്ടാകുമ്പോഴാണ് സോഡയിലേക്കുള്ള ആകർഷണം വർധിക്കുന്നതെന്ന് കണ്ടെത്തി. ബാല്യത്തിൽ വിഷമിച്ചാൽ സോഡ നൽകി ആശ്വസിപ്പിക്കുന്ന ശീലം കുടുംബത്തിലുണ്ടായിരുന്നുവെന്നും പിന്നീട് മനസിലായി. ഇത്തരത്തിൽ ഒരു ഭക്ഷണം നമ്മോട് എന്താണ് പറയുന്നതെന്ന് തിരിച്ചറിയുമ്പോൾ അതിനെ നിയന്ത്രിക്കാനുള്ള ശക്തിയും വർധിക്കും. ചെറിയ കുറിപ്പുകൾ പോലും സഹായകരമാണ്.
2. ‘വിലക്ക്’ വേണ്ട, തിരഞ്ഞെടുപ്പാകട്ടെ
ഒരു ഭക്ഷണം പൂർണമായും വിലക്കുന്നത് പലപ്പോഴും അതിനോടുള്ള ആഗ്രഹം കൂട്ടുകയേയുള്ളൂ. പകരം, അത് കഴിക്കണമോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പ് സ്വയം നൽകുകയാണ് നല്ലത്. ‘ഇത് ഇപ്പോൾ കഴികണോ/വേണ്ടേ’ എന്ന സ്വാതന്ത്ര്യത്തോടെ, അതിന്റെ ദോഷഫലങ്ങളെക്കുറിച്ച് ചിന്തിക്കാൻ ശ്രമിക്കുക. മധുരം കഴിച്ചാൽ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയർന്ന് താഴുന്നതും പിന്നീട് കൂടുതൽ ക്ഷീണവും അനാരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ ഉണ്ടാകാമെന്നതും ഓർക്കുക. ഇങ്ങനെ ആലോചിച്ചാൽ പലപ്പോഴും ആഗ്രഹം സ്വയം മങ്ങിപ്പോകും. വിശപ്പല്ലാത്ത ക്രേവിംഗ്സ് അധികസമയവും താൽക്കാലികമാണെന്നും ശ്രദ്ധിക്കണം.
3. ചില ഭക്ഷണങ്ങളിൽ നിന്ന് കുറച്ച് കാലം വിട്ടുനിൽക്കുക
ചില ഭക്ഷണങ്ങൾ തുടങ്ങുമ്പോൾ നിർത്താൻ പറ്റാത്തവയാണെങ്കിൽ, കുറച്ച് കാലത്തേക്ക് അത് പൂർണമായും ഒഴിവാക്കുന്നത് നല്ലതാണ്. നാല് മുതൽ ആറു ആഴ്ച വരെ ഒരു പ്രത്യേക ഭക്ഷണം ഒഴിവാക്കാൻ ശ്രമിക്കാം. ഈ സമയത്ത് അതിന് പകരം സമാന അനുഭവം നൽകുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, ചിപ്സ് വേണമെന്നുണ്ടെങ്കിൽ കാരറ്റ് പോലുള്ള ക്രഞ്ചിയായിട്ടുളള പച്ചക്കറികൾ പരീക്ഷിക്കാം. ആദ്യ ദിവസങ്ങൾ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും പിന്നീട് രുചിശീലങ്ങൾ മാറുകയും ആഗ്രഹം കുറയുകയും ചെയ്യും.
4. ‘‘കാബിനറ്റ് മെത്തേഡ്’ പരീക്ഷിക്കാം
വീട്ടിലോ ഓഫീസിലോ മധുരപലഹാരങ്ങൾ എല്ലായ്പ്പോഴും കാഴ്ചയിൽ ഉണ്ടെങ്കിൽ അവ ഒഴിവാക്കുന്നത് പ്രയാസമാണ്. അതിനുള്ള ഒരു ലളിതമായ പരിഹാരമാണ് ‘കാബിനറ്റ് മെതഡ്’. ഭക്ഷണങ്ങൾ തുറന്നുവയ്ക്കുന്നതിന് പകരം ഒരു അലമാരയിലോ ഡ്രോയറിലോ സൂക്ഷിക്കുക. ആവശ്യമുള്ളവർക്ക് എടുക്കാം, പക്ഷേ എല്ലായ്പ്പോഴും കാഴ്ചയിൽ ഉണ്ടാകില്ല. കണ്ണിൽ പെടാത്തതും കൈവശം എളുപ്പത്തിൽ ലഭിക്കാത്തതുമായ ഭക്ഷണങ്ങളോടുള്ള ആഗ്രഹം സ്വാഭാവികമായി കുറയും.
5. ശരീരം പറയുന്നത് ശ്രദ്ധിക്കുക
എല്ലാ ഭക്ഷണ ആഗ്രഹങ്ങളും മാനസികമോ പരിസ്ഥിതിപരമോ മാത്രമല്ല. ചിലപ്പോൾ ശരീരത്തിനുള്ളിലെ മാറ്റങ്ങളാണ് കാരണം. ആർത്തവകാലത്ത് പഞ്ചസാരയോടുള്ള ആഗ്രഹം കൂടുന്നത് സാധാരണമാണ്.
ഇരുമ്പ് കുറവ് ഉള്ളവർക്ക് ചിലപ്പോൾ ഭക്ഷണമല്ലാത്ത വസ്തുക്കളോട് പോലും ആഗ്രഹം തോന്നാം. കടുത്ത ഡയറ്റിലുള്ളവർക്ക് പ്രോട്ടീൻ ആവശ്യകത മൂലം പ്രത്യേക ഭക്ഷണങ്ങളിലേക്കുള്ള ആകർഷണം വർധിക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ സഹായം തേടുന്നത് അനിവാര്യമാണ്. ഭക്ഷണ ആഗ്രഹങ്ങളെ പൂർണമായും ഇല്ലാതാക്കുക സാധ്യമല്ല. എന്നാൽ അവയെ മനസിലാക്കി നിയന്ത്രിക്കാൻ പഠിക്കുമ്പോൾ ആരോഗ്യകരമായ ജീവിതശൈലി കൈവരിക്കാൻ സാധിക്കും. ചെറിയ മാറ്റങ്ങൾ പോലും ദീർഘകാലത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

